കാലിഫോര്‍ണിയ: കാലിഫോര്‍ണിയ മോസ് ലാന്‍ഡിംഗ് സ്റ്റേറ്റ് ബീച്ചിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടോടെയാണ വെടിവെപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മോണ്ടെറി കൗണ്ടി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയേറ്റ നിലയില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.
പരിക്കേറ്റവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ നിലയില്‍ മറ്റൊരാള്‍ സ്വമേധയാ പ്രാദേശിക ആശുപത്രിയിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിവരികയാണ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും തമ്മില്‍ പരസ്പരം പരിചയമുണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്ന് മോണ്ടെറി കൗണ്ടി ഷെരീഫ് ഓഫീസ് കമാന്‍ഡര്‍ ആന്‍ഡ്രൂ റോസാസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകുന്നേരത്തോടെ അടയ്ക്കുന്ന ബീച്ചില്‍ സമയപരിധിക്ക് ശേഷമാണ് ആളുകള്‍ എത്തിയിരുന്നതെന്ന് കാലിഫോര്‍ണിയ സ്റ്റേറ്റ് പാര്‍ക്ക്സ് ചീഫ് പാര്‍ക്ക് റേഞ്ചര്‍ മൈക്ക് ഡിപ്പല്‍ പറഞ്ഞു. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മോസ് ലാന്‍ഡിങ് സ്റ്റേറ്റ് ബീച്ചും ജെട്ടി റോഡും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മോസ് ലാന്‍ഡിങ് മേഖലയിലെ ജനങ്ങള്‍ക്ക് നിലവില്‍ അടിയന്തര ഭീഷണിയില്ലെന്ന് മോണ്ടെറി കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. വെടിവെപ്പിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനും സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Shooting on a beach in California; two people killed, two injured.



















