തിരുവനന്തപുരത്തിൻ്റെ സ്വന്തം കുട്ടി, ലൊസാഞ്ചലസ് മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ? വോട്ടെണ്ണലിൽ മുന്നേറ്റം

തിരുവനന്തപുരത്തിൻ്റെ സ്വന്തം കുട്ടി, ലൊസാഞ്ചലസ് മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ? വോട്ടെണ്ണലിൽ മുന്നേറ്റം

വാഷിങ്ടൺ: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലൊസാഞ്ചലസിന്റെ മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ എത്തുമോ? മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ നിത്യ രാമൻ (45) നിലവിൽ മുന്നിലാണ്. നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ കാരൻ ബാസാണ് നിത്യയുടെ പ്രധാന എതിരാളി.

ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം നിത്യയ്ക്ക് 3,77,458 വോട്ടുകളും കാരൻ ബാസിന് 3,60,864 വോട്ടുകളുമാണ് ലഭിച്ചത്. അന്തിമ ഫലം പുറത്തുവരാൻ ഇനിയും മണിക്കൂറുകളെടുക്കും. 2022 ഡിസംബർ മുതൽ ലൊസാഞ്ചലസിന്റെ 43-ാമത് മേയറായി സേവനമനുഷ്ഠിക്കുന്ന കാരൻ ബാസിന് നിത്യയുടെ മുന്നേറ്റം വലിയ വെല്ലുവിളിയാണ്.

ആരാണ് നിത്യ രാമൻ?

കഴിഞ്ഞ ആറുവർഷമായി ലൊസാഞ്ചലസ് സിറ്റി കൗൺസിലിലെ ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന അംഗമാണ് നിത്യ. സിറ്റി കൗൺസിലിൽ അംഗമാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമാണ്. ഭവനരഹിതർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും അവർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിനുമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് നിത്യ ശ്രദ്ധ നേടിയത്.

വേരുകൾ കേരളത്തിൽ

1981 ജൂലൈ 28നാണ് നിത്യ രാമൻ കേരളത്തിൽ ജനിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽ തെരുവിലായിരുന്നു പതിറ്റാണ്ടുകൾക്കു മുൻപ് നിത്യയുടെ കുടുംബം താമസിച്ചിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ. രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിൽ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ.

നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറിയത്. കുടുംബവീട് നേരത്തേ വിറ്റുപോയതിനാൽ ഇപ്പോൾ കുടുംബാംഗങ്ങളാരും കോട്ടയ്ക്കകത്ത് താമസിക്കുന്നില്ല.

ഹാർവാർഡ് സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ ബിരുദവും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നേടി. തമിഴ് വംശജനായ തിരക്കഥാകൃത്ത് വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യയുടെ താമസം.

Share Email
LATEST excelnclexrn
More Articles
Top