കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് കേരളത്തില്‍ ഭക്തരുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മദ്യ ശാലകള്‍ തുറക്കാം, ബാറുകള്‍ തുറക്കാം, ട്രെയിനുകള്‍ ഓടാം, ബസ്സുകള്‍ ഓടാം, പൊതുഗതാഗതം മിതമായ നിലയില്‍ ആവാം, കടകള്‍ തുറക്കാം, സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം, പൊതു പരീക്ഷകള്‍ നടത്താം പക്ഷേ, ആരാധനാലയങ്ങള്‍ മാത്രം തുറക്കാന്‍ പാടില്ല. ഇതെന്ത് ന്യായം എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം.
കേരളം 40 ദിവസത്തെ ലോക്ക് ഡൗണിലായിരുന്നു. അടച്ചിടലിന് ശേഷമുള്ള തുറക്കലിന്റെ ആശ്വാസത്തിലാണ് നാട്ടുകാരെല്ലാം. പൊതുജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെങ്കിലും അടച്ചുപൂട്ടിയിടുകയെന്നത് ശ്വാസംമുട്ടിക്കുന്ന കാര്യം തന്നെയാണ്. സര്‍വതന്ത്രസ്വതന്ത്രരായി വിഹരിച്ചിരുന്നവരെ ല്ലാം സഞ്ചാര വിലക്കില്‍ വീട്ടിലായതോടെ കടുത്ത വിമ്മിഷ്ടത്തിലായിരുന്നു.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. രണ്ടാംഘട്ട ലോക്ക് ഡൗണിന് മുമ്പ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിന് മുകളിലായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ ദിവസം അത് പതിനായിരത്തില്‍ താഴെയായി. രോഗവ്യാപനം കാര്യക്ഷമമായി പിടിച്ചുനിര്‍ത്താന്‍ ലോക്ക്ഡൗണിന് കഴിഞ്ഞുവെന്നതില്‍ തര്‍ക്കമില്ല.
ഇനി മദ്യശാലകളുടെ കാര്യം. നിലവില്‍ തുറന്ന ബാറുകള്‍ വീണ്ടും അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് വഴിയാണ് ഇപ്പോള്‍ മദ്യവില്‍പന. ലോക്ക്ഡൗണിന് ശേഷം മദ്യ ഷോപ്പുകള്‍ തുറന്ന പ്പോള്‍ ആദ്യദിവസം 52 കോടി രൂപയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്.
ഇത് പ്രതിദിന മദ്യവില്‍പനയിലെ സര്‍വകാല റെക്കോഡാണ്. ടി.പി.ആര്‍ 20ന് മുകളിലുള്ള പ്രദേശങ്ങളിലെ 40 ഔട്ട്‌ലെറ്റുകള്‍ അടഞ്ഞിരുന്നിട്ടും വില്‍പന 52 കോടിയിലേക്കു യര്‍ന്നുവെന്നോര്‍ക്കണം. സാധാരണ ഉത്സവ ദിവസങ്ങളില്‍ 46 മുതല്‍ 48 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്. പാലക്കാട് ജില്ലയിലെ തേന്‍കുറിശി, മേനോന്‍പാറ എന്നീ ഔട്ട്‌ലെറ്റുകളിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്.
പ്രതിമാസം 1000 കോടി രൂപയാണ് മദ്യത്തില്‍ നിന്ന് മാത്രം സംസ്ഥാന സര്‍ക്കാരിനു നികുതിയായി ലഭി ക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം ബിവറേജസ് കോര്‍പ്പറേഷന്‍ അടഞ്ഞു കിടന്നതോടെ 2000 കോടിയോളം രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടപ്പെട്ടത്.
അപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസാണ് മദ്യവില്‍പ്പന. സര്‍ക്കര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കണമെങ്കില്‍ മദ്യത്തിന് ലോക്കിടാതിരിക്കണം. എന്നാല്‍ ഇപ്പോഴത്തെ മദ്യവില്‍പന അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് പോകുന്നത്.
ഔട്ടലെറ്റുകളുടെ മുന്നില്‍ കീലോമീറ്റര്‍ നീളുന്ന ക്യൂവാണെപ്പോഴും. ഇവിടെ സാമൂഹിക അകലമോ മറ്റ് നിയന്ത്രണങ്ങളോ നിശ്ചയിക്കപ്പെട്ട പ്രകാരം പാലിക്കപ്പെടുന്നില്ല. ആ നിലയ്ക്ക് ആരാധനാലയങ്ങളും നിയന്ത്രണം വച്ച് തുറക്കാവുന്നതാണ്.
അമ്പലങ്ങളോ പള്ളികളോ മോസ്‌കുകളോ എന്തുമാകട്ടെ അവിടങ്ങളില്‍ ചെന്ന് ആ ആത്മീയ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിക്കുന്ന മാനസിക സൗഖ്യം വീട്ടില്‍ കിട്ടില്ലല്ലോ.