മയാമി: ഹോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മാത്രം കണ്ടിരുന്ന സോംബി കഥാപാത്രങ്ങള്‍ ഇനി മലയാളത്തിലേയ്ക്കും. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായി ‘എക്സ്പിരിമെന്റ് ഫൈവ്’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ അമേരിക്കന്‍ മലയാളി യുവാവ് മെല്‍വിന്‍ താനത്ത് ശ്രദ്ധേയനാവുന്നു. മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന ലേബലില്‍ ഹോളിവുഡ് സ്റ്റൈലില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമാണിത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് ഫ്‌ളോറിഡയിലെ മയാമിയില്‍ സ്ഥിരതാമസമാക്കിയ മികവുറ്റ അഭിനേതാവാണ് മെല്‍വിന്‍.

എന്താണ് സോംബി..? ഹെയ്തിയന്‍ ഐതിഹ്യമനുസരിച്ച് മന്ത്ര-തന്ത്രങ്ങളാല്‍ ജീവന്‍ വയ്ക്കപ്പെട്ട ശവമാണ് സോംബി. സോംബി ഇതിവൃത്തത്തെ ആസ്പദമാക്കി വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 1929ല്‍ പ്രസിദ്ധീകരിച്ച വില്യം സീബ്രൂക്കിന്റെ മാജിക് ഐലന്‍ഡ് എന്ന കൃതിയാണ് അമേരിക്കയില്‍ സോംബി സാഹിത്യത്തിന് തുടക്കം കുറിച്ചത്. ജോര്‍ജ് എ റൊമറോവിന്റെ നൈറ്റ് ഒവ് ദ ലിവിങ് ഡെഡ് ചലച്ചിത്ര പരമ്പരകള്‍ ലോകമാകമാനം വന്‍ വിജയം നേടി.
എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് മനോജ് താനത്ത് നിര്‍മ്മിക്കുന്ന എക്സ്പിരിമെന്റ് ഫൈവിന്റെ ചിത്രീകരണം ആതിരപ്പള്ളി ചാലക്കുടി തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായിരുനിനു. ചിത്രം ഫെബ്രുവരി അവസാനത്തോടെ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ ടിക് ടോക്കില്‍ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്ത് അമേരിക്കയിലെ ഇന്ത്യന്‍ യുവജനങ്ങളുടെ ഇടയില്‍ സുപരിചിതനായ മെല്‍വിന്‍, മയാമിയിലെ ലാര്‍കിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടര്‍ ഓഫ് ഫാര്മസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് . തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജും സിമിയുമാണ് മാതാപിതാക്കള്‍. തൊടുപുഴ സ്വദേശികളായ വിദ്യാര്‍ത്ഥികളായ മിച്ചല്‍, മിലന്‍ എന്നിവര്‍ മെല്‍വിന്റെ സഹോദരങ്ങള്‍ ആണ്
സ്‌കൂള്‍ പഠന കാലത്ത് തൊടുപുഴയിലെ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടു വര്‍ഷം പഠിച്ചതിനാല്‍ മലയാള ഭാഷയും മലയാള സിനിമയുമായി ഉണ്ടായ അടുപ്പം ഈ സിമ ചെയ്യുവാനുള്ള ചെയ്യുവാനുള്ള ധൈര്യവും പ്രചോദനവും നല്‍കിയെന്ന് മെല്‍വിന്‍ പറയുന്നു. മലയാളി പ്രേക്ഷകരുടെയും പ്രവാസി മലയാളികളുടെയും മുഴുവന്‍ പിന്തുണയും ഉണ്ടാവണമെന്നും ഈ സിനിമ എല്ലാവരും തീയേറ്ററില്‍ പോയി കണ്ട് സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും മെല്‍വിന്‍ അഭ്യര്‍ത്ഥിച്ചു.

അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എക്സ്പിരിമെന്റ് ഫൈവ്’ന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വ്വഹിക്കുന്നു. അര്‍ഷാദ് റഹീം എഴുതി ശ്യാം ധര്‍മന്റെ സംഗീതത്തില്‍ നജിം അര്‍ഷാദ്, സിത്താര തുടങ്ങിയവര്‍ മനോഹര ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സുധീഷ്, ലോറന്‍സ് എന്നിവരുടേതാണ് തിരക്കഥയും, സംഭാഷണവും. സ്ഫടികം ജോര്‍ജ്ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, കിരണ്‍ രാജ്, മജീഷ് സന്ധ്യ ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയല്‍ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു .
എഡിറ്റര്‍-മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍-നിധീഷ് കെ നായര്‍, കല-ബിനീഷ് ചോല, മേക്കപ്പ്-കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്-ജിയോ വിജെ, ഡിസൈന്‍-ബൈജു ബാലകൃഷ്ണന്‍, ബിജിഎം-ശ്യാം ധര്‍മ്മന്‍, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍-ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍-സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിതീഷ് എം.വി.ആര്‍. പി.ആര്‍.ഒ. എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.