സുരേന്ദ്രന്‍ നായര്‍
ഡിട്രോയിറ്റ്: അക്കാദമിക് വിജയങ്ങള്‍ നേടാനുള്ള മത്സരയോട്ടത്തില്‍ പുതുതലമുറക്ക് നഷ്ടമാകുന്ന സഹജീവി സൗഹാര്‍ദ്ദവും സഹാനുഭൂതിയും തിരിച്ചുപിടിക്കാന്‍ നൂതനമായൊരു പ്രോത്സാഹന സ്‌കോളര്‍ഷിപ് പദ്ധതിയുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍.
സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം (GPA) സ്വന്തം സമൂഹത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടി വിലയിരുത്തി വിജയികളെ കണ്ടെത്തുന്ന നൂതനമായ ഈ സ്‌കോളര്‍ഷിപ്പിന് 2021 ജൂലായ് 15 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളിയായിട്ടുള്ള മിഷിഗണ്‍ സംസ്ഥാനത്തില്‍ സ്ഥിരതാമസമുള്ള ഏതൊരാള്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് ആയിരം ഡോളറിന്റെ ക്യാഷ് െ്രെപസും സെര്‍ട്ടിഫിക്കറ്റും ലഭിക്കും. മാറിവരുന്ന പ്രവാസി സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഈ സ്‌കോളര്‍ഷിപ് പദ്ധതി പ്രയോജപ്പെടുത്താന്‍ മിഷിഗണിലെ എല്ലാ മലയാളി വിദ്യാര്‍ത്ഥികളും ശ്രമിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജിജി പോള്‍, മാത്യു ചെരുവില്‍, മധു നായര്‍ എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.
അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഡി.എം. എ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.