മുംബൈ: നാഗ്പൂര്‍ സ്വദേശിയായ വേദാന്ത ദേവ്കേറ്റ് എന്ന 15 കാരന് തന്റെ അമ്മയുടെ പഴയ ലാപ്ടോപില്‍ ഇന്‍സ്റ്റാഗ്രാം ബ്രൗസ് ചെയ്യുന്നതിനിടെ അവിചാരിതമായി ഒരു അമേരികന്‍ കംപനിയുടെ വെബ്സൈറ്റ് വികസിപ്പിക്കുന്നതിനുള്ള മത്സരത്തിന്റെ ലിങ്ക് കണ്ടു. തുടര്‍ന്ന് അവന്‍ മത്സരിക്കാന്‍ തീരുമാനിച്ചു.
രണ്ട് ദിവസം കൊണ്ട് 2,066 കോഡുകള്‍ എഴുതി മത്സരത്തില്‍ വിജയിയായി. കംപനിയില്‍ ജോലി വാഗ്ദാനം ലഭിക്കുകയും ചെയ്തു. പ്രതിവര്‍ഷം 33 ലക്ഷം രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. വേദാന്ത് വളരെ സന്തോഷവാനായി, പക്ഷേ കാര്യങ്ങള്‍ തകിടം മറിഞ്ഞു. വേദാന്തിന് വയസ് 15 മാത്രമാണെന്ന് കംപനിക്ക് പിന്നീടാണ് മനസിലായത്. അതോടെ ആ ഓഫര്‍ പിന്‍വലിച്ചു.
ലോകമെമ്പാടുമുള്ള 1,000 എന്‍ട്രികളില്‍ നിന്നാണ് ന്യൂജേഴ്സിയിലെ പരസ്യ ഏജന്‍സി വേദാന്തിനെ തെരഞ്ഞെടുത്തിരുന്നത്. നിരാശപ്പെടരുതെന്ന് സ്വാന്തനിപ്പിച്ച്, കംപനി വേദാന്തയോട് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ജോലിക്കായി സമീപിക്കാനും നിര്‍ദേശിച്ചു. ‘നിങ്ങളുടെ അനുഭവം, പ്രൊഫഷണലിസം, സമീപനം എന്നിവയില്‍ ഞങ്ങള്‍ മതിപ്പുളവാക്കുന്നു’, സ്ഥാപനം വേദാന്തയ്ക്ക് എഴുതി.
രണ്ട് ഡസനോളം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നാണ് ഇവ പഠിച്ചെടുത്തത്തതെന്ന് വേദാന്ത പറയുന്നു. സ്വയം പരിശീലന വേളയില്‍, കോഡിംഗും സോഫ്റ്റ്വെയര്‍ വികസനവും സംബന്ധിച്ച സാങ്കേതിക വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അമ്മയുടെ വേഗത കുറഞ്ഞതും പഴക്കമേറിയതുമായ ലാപ്ടോപിലായിരുന്നു പരിശീലനം.
വേദാന്തിന്റെ മാതാപിതാക്കളായ രാജേഷും അശ്വിനിയും നാഗ്പൂരിലെ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ്. മകന്‍ കൈവരിച്ച നേട്ടം കേട്ട് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
”ഞങ്ങള്‍ക്ക് ഒരു സൂചനയും ഇല്ലായിരുന്നു. മകന്റെ സ്‌കൂളില്‍ നിന്നുള്ള ഫോണ്‍ കോളിലാണ് ഈ ഓഫറിനെക്കുറിച്ച് അറിഞ്ഞത്. ഓഫര്‍ ലെറ്റര്‍ അടങ്ങിയ ഇമെയില്‍ വേദാന്തിന് ലഭിച്ചു. ആശയക്കുഴപ്പത്തിലായി ഇക്കാര്യം അധ്യാപകരോട് പറഞ്ഞു. അത് ആധികാരികമാണെന്ന് തെളിഞ്ഞപ്പോള്‍ സ്തംഭിച്ചുപോയി…” രാജേഷ് പറഞ്ഞു. കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി മകന് പുതിയൊരു ലാപ്‌ടോപ് നല്‍കാനുള്ള ഒരുക്കത്തിലാണ് അച്ഛന്‍.