അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഥാറിന്റെ 5 ഡോര്‍ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. നേരത്തെ എന്‍ജിന്‍ ശേഷിയും വിലയും കുറഞ്ഞ ഥാര്‍ പുറത്തിക്കാന്‍ മഹീന്ദ്ര തയാറെടുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അഞ്ച് ഡോറുകളില്‍ മൂന്നു നിര സീറ്റുകളുമായി എത്തുമ്പോള്‍ ഥാറിന് കാര്യമായ മാറ്റം അവകാശപ്പെടാനുണ്ടാകും.
കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തില്‍ ആദ്യമായി അനാവരണം ചെയ്ത ഥാറിന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു. ഓള്‍ വീല്‍ ഡ്രൈവ് ലേഔട്ടോടെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ സഹിതം പുതിയ ഥാര്‍ ലഭ്യമാണ്. സോഫ്റ്റ് ടോപ്, ഹാര്‍ഡ് ടോപ് സാധ്യതകളോടെ എ എക്‌സ്, എല്‍ എക്‌സ് ശ്രേണികളിലാണു പുതിയ ഥാര്‍ വില്‍പ്പനയ്ക്കുള്ളത്.
ലാഡര്‍ ഫ്രെയിം ഷാസിയോടെ എത്തുന്ന 2021 ഥാറിനു കരുത്തേകാന്‍ രണ്ട് എന്‍ജിനുകളാണു രംഗത്ത്. 150 ബി എച്ച് പി വരെ കരുത്തും 320 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റര്‍ എം സ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ ബോക്‌സുകളാണ്. 130 ബി എച്ച് പി വരെ കരുത്തും 300 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനൊപ്പവും ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകള്‍ ലഭ്യമാണ്. ഫോര്‍ വീല്‍ ഡ്രൈവും മാനുവല്‍ ഷിഫ്റ്റ് ട്രാന്‍സ്ഫര്‍ കേസും എല്ലാ വകഭേദത്തിലുമുണ്ട്.
ഇതു കൂടാതെ പുതിയ ബലേനോ, സ്‌കോര്‍പ്പിയോ തുടങ്ങി 9 വാഹനങ്ങള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്‌യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാര്‍ അടക്കം പുതിയ വാഹനങ്ങളുടെ വരവ്.