പുത്തന്‍ അവതരണങ്ങളിലൂടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഐഷര്‍ ഗ്രൂപ്പില്‍പെട്ട ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. വൈകാതെ കമ്പനിയുടെ പുത്തന്‍ മോഡലായ 2021 ക്ലാസിക് 350 അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കടും ചുവപ്പും കാപ്പി കളറും സംഗമിക്കുന്ന ബര്‍ഗണ്ടി നിറമുള്ളതും വിഭജിച്ചതുമായ സീറ്റ് സഹിതമാവും ബൈക്കിന്റെ വരവെന്നാണ് ആദ്യ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
പുത്തന്‍ അവതരണമായ മീറ്റിയൊര്‍ 350 മോട്ടോര്‍ സൈക്കിളിലെ ജെ പ്ലാറ്റ്‌ഫോം തന്നെയാണ് ക്ലാസിക് 350 ബൈക്കിനും അടിത്തറയാവുന്നത്. മുന്‍ഗാമിയെ അപേക്ഷിച്ചു കൂടുതല്‍ ആധുനികത ഉറപ്പാക്കാനായി എന്‍ജിനടക്കം സാങ്കേതിക വിഭാഗത്തിനും 2021 ക്ലാസിക് 350 ആശ്രയിക്കുക മീറ്റിയൊറിനെ തന്നെയാവും. പഴമയുടെ സ്പര്‍ശമുള്ള സ്വിച് ഗീയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് എന്നിവയാവും പുത്തന്‍ “ക്ലാസിക്കി’ന്റെ ഹെഡ്ലൈറ്റ് അസംബ്ലിയില്‍ ഇടംപിടിക്കുക.
ബൈക്കിനു കരുത്തേകുക പുതിയ 349 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാവും. ആധുനിക എസ് ഒ എച്ച് സി ഘടനയ്‌ക്കൊപ്പം പ്രകമ്പനം നിയന്ത്രിച്ച് സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാലന്‍സര്‍ ഷാഫ്റ്റും ഈ എന്‍ജിനിലുണ്ട്. 20.2 ബി എച്ച് പിയോളം കരുത്തും 27 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.
അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ഔദ്യോഗികമായി റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന അക്‌സസറികള്‍ സഹിതമാവും 2021 ക്ലാസിക് 350 മോട്ടോര്‍ സൈക്കിളിന്റെ വരവ്. ജാവ, ബെനെല്ലി ഇംപീരിയല്‍ 400, ഹോണ്ട സി ബി ഹെനെസ് 350 തുടങ്ങിയവയോടാവും 2021 ക്ലാസിക് 350 ഏറ്റുമുട്ടുക.