ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ച് ഓല. ഉടന്‍ തന്നെ വിപണിയിലെത്തുന്ന സ്കൂട്ടര്‍ 499 രൂപ നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഓല ഒരുക്കിയിരിക്കുന്നത്. വാഹനം വാങ്ങിയില്ലെങ്കിലും തുക പൂര്‍ണമായും തിരിച്ചു നല്‍കും.
വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഓല പറയുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 150 കിലോമീറ്റര്‍ വരെ ഓടും എന്നാണ് പ്രതീക്ഷ.
വില്‍പനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാര്‍ജിങ് പോയിന്റുകള്‍ സജ്ജമാക്കുന്ന ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്വര്‍ക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്കൂട്ടര്‍ നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍ 2,400 കോടി രൂപ ചെലവില്‍ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു.
പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു. പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പതിനായിരത്തോളം തൊഴില്‍ അവസരങ്ങളാണു ശാലയില്‍ പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട്ടിലെ നിര്‍മാണശാല ജൂണില്‍ പ്രവര്‍ത്തനസജ്ജമാവുമെന്ന് ഓല ചെയര്‍മാനും ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗര്‍വാള്‍ വെളിപ്പെടുത്തി. തുടക്കത്തില്‍ 20 ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനാവുന്ന ശാലയുടെ ശേഷി ക്രമേണ ഉയര്‍ത്തും. അതേസമയം സ്കൂട്ടറിന്റെ വില സംബന്ധിച്ച സൂചനയൊന്നും ഓല ഇലക്ട്രിക് നല്‍കിയിട്ടില്ല.
ആദ്യ വര്‍ഷം 100 നഗരങ്ങളിലായി അയ്യായിരത്തോളം ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അഗര്‍വാള്‍ അറിയിച്ചു.