Thursday, June 1, 2023

HomeCinemaകേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു

കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു

spot_img
spot_img

കൊല്‍ക്കത്ത: വിവാദ സിനിമ ദി കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു. തിങ്കളാഴ്ചയാണ് സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതുമുതല്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിലവില്‍ നിരവധി സംസ്ഥാനങ്ങളില്‍ സിനിമ നിരോധനം നേരിടുകയാണ്.

തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ദ കേരള സ്റ്റോറി നിരോധിച്ച കാര്യം അറിയിച്ചത്. കശ്മീര്‍ ഫയല്‍സിനെ പോലെ ബംഗാളിനെ കുറിച്ചുള്ള സിനിമക്ക് ബി.ജെ.പി പണം നല്‍കുകയാണെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ഈ തീരുമാനം സഹായിക്കുമെന്നും വിദ്വേഷവും അക്രമവും പരത്തുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളിലും സിനിമക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ കേരള സ്റ്റോറിയില്‍ ആദാ ശര്‍മയാണ് നായിക.

വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തില്‍ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസില്‍ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍, വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തില്‍നിന്ന് ‘32,000 സ്ത്രീകളുടെ കഥ’ എന്നത് മാറ്റി ‘കേരളത്തില്‍ നിന്നുള്ള മൂന്ന് യുവതികളുടെ കഥ’ എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments