Saturday, July 27, 2024

HomeCinemaപ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു

spot_img
spot_img

തൊടുപുഴ : പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ചു. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രൻ നായരെന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.

ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അധ്യാപകരിൽനിന്നുൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി അദ്ദേഹം തെരഞ്ഞെടുത്തു. നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിൻ കയറി. വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ മുഖം കാണിച്ചു.

സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. പിന്നീട് ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയിൽ നടനായി. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വർഷത്തോളം കലാനിലയത്തിൽ നടനായി തുടർന്നു.

1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമയിൽ നിരവധി വേഷങ്ങൾ തേടിയെത്തി. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments