ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സ്ത്രീധന പീഡനം സഹിക്കാന്‍ കഴിയാതെ മരിക്കുകയാണെന്നു കാണിച്ചു ബന്ധുക്കള്‍ക്ക് വിഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നാണ് ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ജ്യോതിശ്രീയുടെ വിഡിയോ സന്ദേശം. തന്റെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അമ്മായിയമ്മയും ആണെന്നും അവരെ വെറുതേവിടരുതെന്നും ജ്യോതിശ്രീ വിഡിയോയില്‍ പറയുന്നു. കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ ഇല്ലാതായി. തന്റെ മനോനില ശരിയല്ലെന്നാണ് പറയുന്നതെന്നും ജ്യോതി പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളവയല്‍ സ്വദേശി ബാലമുരുകനുമായുള്ള ഇവരുടെ വിവാഹം. 60 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനം ആയി ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നത്. സ്വര്‍ണം മുഴുവന്‍ നല്‍കിയെങ്കിലും പറഞ്ഞുറപ്പിച്ച 25 ലക്ഷം നല്‍കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല്‍ ഭര്‍ത്താവും മാതാവും ഭര്‍ത്താവിന്‍റെ സഹോദരനും ചേര്‍ന്ന് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി.
പീഡനം സഹിക്കാന്‍ കഴിയാതെ ജോതിശ്രീ രണ്ട് മാസം മുന്‍പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ബാലമുരുകന്‍ വന്ന് സംസാരിച്ച് തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. അച്ഛനോടും അമ്മയോടും പരാതി പറഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും സഹിച്ചു ഭര്‍തൃവീട്ടില്‍ നില്‍ക്കാനായിരുന്നു ഉപദേശമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വിഡിയോയും ഭര്‍ത്താവ് നശിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യക്കുറിപ്പിന്‍റെ ഫോട്ടോ അടക്കം നേരത്തെ സഹോദരിക്ക് ഫോണില്‍ അയച്ച് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലമുരുകന്‍, ഭര്‍തൃമാതാവ് ഹംസഴിയോര്‍, സഹോദരന്‍ വേല്‍ എന്നിവരെ ആവഡി പൊലീസ് അറസ്റ്റ് ചെയ്തു.