തൃശൂര്‍: തന്റെ സുഹൃത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും അക്രമി ഇപ്പോഴും നാട്ടില്‍ വിലസുന്നുവെന്നും ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍. പരാതി നല്‍കിയെങ്കിലും പോലീസും വനിതാ കമ്മീഷനും നീതി നിഷേധിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മയൂഖ ജോണി പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നാണ് ആരോപണം.
എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്ന് എസ്.പി പൂങ്കുഴലി പറഞ്ഞു. ആരാണ് സുഹൃത്തിനെ ബലാല്‍സംഗം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് പരാതിപ്പെടുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിന് തെളിവുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മയൂഖ ജോണി മറുപടി നല്‍കി.
ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി (പേര് വെളിപ്പെടുത്തിയിട്ടുണ്ട്) യാണ് തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്ന് മയൂഖ ജോണി ആരോപിക്കുന്നു. വീട്ടില്‍ കയറി ആളില്ലാത്ത സമയം പീഡിപ്പിക്കുകയായിരുന്നുവത്രെ. 2016ലാണ് ഈ സംഭവം നടന്നതെന്നും മയൂഖ ജോണി പറയുന്നു.
2016ല്‍ സംഭവം നടന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. അടുത്തിടെയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പരാതി. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല. എന്നാല്‍ വിവാഹ ശേഷവും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
പരാതി സ്വീകരിച്ച പോലീസ് ആദ്യം മികച്ച രീതിയില്‍ ഇടപെട്ടു. എന്നാല്‍ പിന്നീട് നിലപാട് മാറി. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണ പ്രതിക്കുണ്ടെന്നും മയൂഖ ജോണി പറയുന്നു.
പരാതി നല്‍കിയപ്പോള്‍ പ്രതി തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസും വനിതാ കമ്മീഷനും കാര്യക്ഷമമായി ഇടപെടുന്നില്ല. പ്രതി ഇപ്പോഴും പുറത്ത് വിലസുകയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിട്ടും സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും മയൂഖ ജോണി പറഞ്ഞു.
വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയതെന്നാണ് മയൂഖ ജോണിയുടെ പ്രതികരണം. എംസി ജോസഫൈന്‍ ഇടപെട്ടതിന് തെളിവുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും നീതി കിട്ടണമെന്നും മയൂഖ ജോണി ആവശ്യപ്പെട്ടു.
പ്രതിക്ക് രാഷ്ട്രീയസാമ്പത്തിക പിന്‍ബലമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആളൂര്‍ സിഐ വീട്ടിലെത്തി തന്റെ മൊഴിയെടുത്തു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പ്രതികരിച്ചതെന്നും മയൂഖ പറഞ്ഞു. ഇരയായ യുവതിക്ക് ഭീഷണിയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എസ്പി പൂങ്കുഴലി പറയുന്നു. അന്വേഷണം തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ട്. ഏറെ കാലത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന കാര്യവും പോലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായിയിട്ടുണ്ട്. താന്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നറിഞ്ഞതോടെ തന്നെയും ഭീഷണിപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മയൂഖ ജോണി പറഞ്ഞു. ഇരയ്‌ക്കൊപ്പമാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ലോങ്ജമ്പ്, ട്രിപ്പിള്‍ജമ്പ് എന്നി വിഭാഗത്തില്‍ പല അന്താരാഷ്ട്ര അത്‌ലറ്റിക് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് മയൂഖ. നിലവില്‍ ട്രിപ്പിള്‍ജമ്പ് വനിതാവിഭാഗത്തിലെ ദേശിയതലത്തിലെ റെക്കാര്‍ഡിനുടമയാണ് (14.11 മീറ്റര്‍). 14 മീറ്ററിലധികം ദൂരം ട്രിപ്പിള്‍ ജമ്പില്‍ ചാടിയ ആദ്യ ഇന്ത്യ വനിതയാണ് മയൂഖ ജോണി. കോഴിക്കോടു് ആണ് ജന്മസ്ഥലം. തലശ്ശേരിയിലെ തലശേരി സായ് പരിശീലനകേന്ദ്രത്തില്‍ നിന്നാണ് കായികപരിശീലനം നേടിയത്.