ഒരിക്കലുമൊടുങ്ങത്ത ഭൗതിക ആര്‍ത്തിയുടെ ശാപ ജന്‍മങ്ങള്‍ സ്ത്രീധനത്തിന്റെ കുരുക്കില്‍ വീടിന്റെ വിളക്കായ ഭാ ര്യയെ കുരുതികൊടുക്കുന്നതിന്റെ ഞെട്ടലിലും നൊമ്പരത്തിലുമാണിന്ന് കേരളം.
പുതു ജീവിതത്തിലേയ്ക്ക് സന്തോഷവതിയായി ഏറെ സ്വപ്നങ്ങളോടെ എത്തിയ കൊല്ലത്തെ വിസ്മയ എന്ന ഇരുപത്തിനാലുകാരി ഇന്ന് നമ്മുടെ മനസില്‍ ഒരു നൊമ്പരത്തിപ്പൂവായി അവശേഷിക്കുന്നു. ഈ അടുത്ത ദിവസങ്ങളില്‍ വിസ്മയയെപ്പോലെ പലരും സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആതാമാഹൂതി ചെയ്തതും മലയാളിയുടെ മനസാക്ഷിയെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്.
ഭര്‍ത്താവ് എന്ന നരാധമനും മരുമകളെ ഇല്ലായ്മ ചെയ്യുന്ന അവന്റെ മാതാപിതാക്കളായ രാക്ഷസ സന്തതികളും കേരളത്തില്‍ നിയമം കൈയിലെടുത്ത് കൊലവിളി നടത്തി അഴിഞ്ഞാടുമ്പോഴാണ് വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ നിന്ന് അധപ്പതനത്തിന്റെ ഒരു പ്രാകൃത ശബ്ദം നാം കേട്ടത്.
ഭര്‍തൃവീട്ടില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ട്, ഒറ്റപ്പെട്ട്, കണ്ണീര് വറ്റി തീരാവേദന തിന്നുന്ന നിരാലംബയായ ഒരു സത്രീ സമാധാനത്തിനും നീതിക്കുമായി ഏറ്റവും അവസാനം അഭയം പ്രാപിക്കുന്നത് സംസ്ഥാന വനിതാ കമ്മിഷനിലാണ്.
പരാതി ബോധിപ്പിക്കാന്‍ അവിടേയ്ക്ക് വിളിക്കുമ്പോള്‍ ”എന്നാ അനുഭവിച്ചോ…” എന്ന് മറുപടി പറയുന്ന ധാര്‍ഷ്ട്യത്തെയും ധിക്കാരത്തെയും അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നാവില്‍ നിന്നാണ് നിരുത്തരവാദപരവും പ്രകോപനം സൃഷ്ടിക്കുന്നതുമായ ഈ വാക്കുകള്‍ ഉതിര്‍ന്നത്.
ഇതിനെ നാവു പിഴയെന്ന് പറഞ്ഞ് ഒരിക്കലും ന്യായീകരിക്കാനാവില്ല. മാപ്പ് പറഞ്ഞ് ഒഴിയാനുമാവില്ല. സ്ത്രീ പീഡനങ്ങളും തന്‍മൂലമുള്ള ആത്മഹത്യകളും അനുനിമിഷം നടക്കുന്ന കേരളത്തില്‍ ഉത്തരവാദിത്തമേറിയതും സാമൂഹികമായ ജാഗ്രത എപ്പോഴും വേണ്ടതുമായ ഒരു പദവിയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം എന്നത്.
സ്ത്രീ പീഡന കേസുകളില്‍ ഒരുതരത്തിലുമുള്ള വിട്ടുവീവ്ചയില്ലാതെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. ആ നിലയ്ക്ക് എം.സി ജോസഫൈന്‍ തന്റെ വികലമായ വാക്കുകളിലൂടെ രാജി ഇരന്ന് വാങ്ങുകയായിരുന്നു.
സത്യത്തില്‍ അവര്‍ക്ക് ഇങ്ങനെ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്നത് വനിതാ കമ്മിഷന്‍ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതുകൊണ്ടാണ്. ഈ സംഭവം ഒരു വലിയ പാഠമായി ഇനി ഈ കസേരയിലെത്തുന്നവരുടെ മുമ്പിലുണ്ടാവണം.
സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഏത് ഘട്ടത്തിലും പരാതി ലഭിച്ചാലും ഇല്ലെങ്കിലും അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് വനിതാ കമ്മിഷന്‍. 1987ല്‍ രണ്ടാം ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ കഠിന പരിശ്രമ ഫലമായി ദേശീയ വനിതാ കമ്മിഷന്റെ മാതൃകയില്‍ കേരളത്തില്‍ വനിതാ കമ്മിഷന്‍ നിയമം നടപ്പാക്കിയത്.
കവയിത്രി സുഗതകുമാരി, ജസ്റ്റിസ് ഡി ശ്രീദേവി ഉള്‍പ്പെടെ പരിണതപ്രജ്ഞരായവര്‍ ഇരുന്നവരുടെ കസേരയാണിത്. അവരിലൂടെ സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങിയവരുടെ മഹത്തായ പാരമ്പര്യം വതിതാ കമ്മിഷനുണ്ട്. ആ നിലവാരത്തില്‍ നിന്ന് തരംതാഴ്ന്ന് പോകുന്നത് ഈ നാടിന്റെ യശസിന് ചേര്‍ന്നതല്ല.
വനിതാ കമ്മിഷന്‍ എന്നത് കേസന്വേഷിക്കുന്ന പോലീസോ വിധി കല്‍പ്പിക്കുന്ന കോടതിയോ അല്ല. സാന്ത്വനസ്പര്‍ശത്തോടെ പരാതി കേട്ട് മനസിലാക്കണം. അതിന് ക്ഷമയും അനുതാപവും കരുണയും വാല്‍സല്യവും ഒക്കെ വേണം. വനിതാ കമ്മിഷന്‍ ആരുടെയും തറവാട്ട് സ്വത്തുമല്ല.
പരാതി ബോധിപ്പിക്കുന്ന വനിതകള്‍ക്ക് ഇമ്പമാര്‍ന്ന വാക്കുകളിലൂടെ അല്‍പം മനസമാധാനം കൊടുക്കുന്നതിന് പകരം അവരെ മാനസികമായി തകര്‍ക്കുന്ന വാക്കുകള്‍ ഇനി ആരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അത് പരിഷ്‌കൃത സമൂഹത്തിന് നിരക്കുന്നതല്ല.