കോട്ടയം: കടബാധ്യതയെ തുടര്‍ന്ന് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. കൊല്ലാട് പുതുപ്പറമ്പില്‍ നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ (34) എന്നിവരാണു രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഇരു മുറികളിലുമായാണു മൃതദേഹം കണ്ടെത്തിയത്.
മാതാവ് ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ എത്തി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് ആളെത്തി കുടിശിക തുകയുടെ കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ഇവര്‍ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു.
രണ്ട് വര്‍ഷമായി കൊല്ലാട് ഭാഗത്ത് എത്തി താമസിക്കുന്നു. നേരത്തെ നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു ഇവരുടെ വീട്. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ആണെന്നു പറയപ്പെടുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ജോലി ഇല്ലായിരുന്ന മനോവിഷമം ഇവരെ അലട്ടിയിരുന്നതായും പ്രദേശ വാസികള്‍ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു. ഇരുവരും അവിവാഹിതരാണ്.