എഡിറ്റോറിയല്‍
മഹാമാരിയുടെ നടുവില്‍ ലോകകായിക രംഗം ടോക്യോയിലെ സൂര്യനൊപ്പം ഉദിച്ചപ്പോള്‍ ആ പ്രകാശത്തിന്റെ വെള്ളിരേഖ ഇന്ത്യയിലുമെത്തി. ലോകമെമ്പാടുമുള്ള ദേശാഭിമാനികളായ ഭാരതീയരുടെ അഭിമാനം എടുത്തുയര്‍ത്തിക്കൊണ്ട് കായിക നേട്ടത്തിന്റെ നിറുകയില്‍ എത്തിയിരിക്കുകയാണ് മണിപ്പൂരുകാരി മീരാഭായി ചാനു.
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയതോടെ ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ദീപ്തമായ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് കരുത്തിന്റെ പ്രതീകമായ ശക്ത മീര. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിന്റെ തുടക്ക ദിവസം തന്നെ മാതൃരാജ്യത്തിനായി മെഡല്‍ നേടി എന്ന ചന്തവുമുണ്ട് ചാനുവിന്റെ അഭിമാന ഭാരക്കരുത്തിന്.
ജീവിത ഭാരങ്ങള്‍ ചുമലിലേറ്റിയിട്ടുള്ള ചാനുവിന് സത്യത്തില്‍ ഈ ഭാരം നിസ്സാരമാണ്. മീരാഭായി ചാനുവിനെ നാം നമിക്കുമ്പോള്‍ ആ കായികാത്ഭുതത്തിന്റെ ജീവിത പശ്ചാത്തലങ്ങള്‍ ഒരുവട്ടം ഓര്‍ക്കുന്നത് ഈ രംഗത്ത് നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകും.
ഇംഫാലിലെ നോംപോക് കാങ്ചിങ്ങിലെ മലമടക്കുകളില്‍ ഉള്ള ഒരു കുഞ്ഞുവീട്ടിലെ എരിയുന്ന അടുപ്പിന് മുകളില്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഒരുവറ്റുപോലുമില്ലാതെ ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട ദുരവസ്ഥയില്‍ നിന്നാണ് മീര ആത്മവിശ്വാസത്തിന്റെ മനസ്സും മസ്സില്‍ ഉറപ്പുമായി ഉയര്‍ന്നത്.
കായികാഭിനിവേശം ഫുട്‌ബോളിനോടായിരുന്നു തുടക്കത്തില്‍. തുടര്‍ന്ന് ലക്ഷ്യത്തിലേക്ക് തറയ്ക്കുന്ന അമ്പെയ്ത്തിന്റെ മൂര്‍ച്ചയിലേക്ക് കളം പതിയെ മാറ്റി.
കുടുംബ സാഹചര്യം ദയനീയമായിക്കൊണ്ടിരുന്ന അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടു തന്നെ തന്റെ ജീവിതം കായികക്കരുത്തിന്റേതാണെന്ന് ഉറപ്പിക്കാന്‍ അടുത്ത മേഖലകള്‍ തേടുകയായിരുന്നു മീരാഭായി ചാനു.
ജീവിത ക്ലേശങ്ങളെ ഉയര്‍ത്താന്‍ കെല്പുള്ള തന്റെ മനസ്സിന് എന്തുകൊണ്ട് ഭാരോദ്വഹന വഴിയിലൂടെ സഞ്ചരിച്ചുകൂടാ എന്ന സ്വയം ചോദ്യത്തിനാണ് ടോക്യോ ഒളിംപിക്‌സ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
നിത്യ ജീവിത സംഘര്‍ഷങ്ങളില്‍ നിന്ന് ഒരു വീട്ടമ്മ ലോകത്തിന് മാതൃകയായ കരുത്തിന്റെ കളത്തിലേക്ക് എങ്ങനെ നിശ്ചയദാര്‍ഢ്യത്തോടെ എത്തി എന്നതിന് ഉത്തമദൃഷ്ടാന്തമാണ് മീരാഭായി. വ്യാജ സ്ത്രീശാക്തീകരണ വാദം നടത്തുന്ന പരാന്നഭോജികളുടെ മുന്നില്‍ എന്നും ചരിത്രം അടയാളപ്പെടുത്തുന്ന മുഖം തന്നെയായിരിക്കും മീരാഭായി ചാനുവിന്റേത്.
കാരണം പുരുഷനോ സ്ത്രീയോ ട്രാന്‍സ്‌ജെന്‍ഡറോ, എന്ന് തുല്യം കല്പിക്കാത്ത ഇന്ത്യയുടെ സമഭാവനയുടെ മണ്ണിലാണ് നാമിന്ന് ജീവിക്കുന്നത്. ഇംഫാലിലെ ആ കൊച്ചു വീടിന്റെ അടുക്കളയില്‍ നിന്ന് പുകഞ്ഞുയര്‍ന്ന പുകയുടെ ഒപ്പം എരിയുന്ന മനസ്സിന്റെ നാളത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖയുമായി മീരാഭായി കാത്തുസൂക്ഷിച്ചത് ലോകവീട്ടമ്മമാരുടെ സഹനത്തിന്റെയും സിംഹാസനമാണ്.
ഈ മെഡല്‍ നേട്ടത്തിന്റെ തുടര്‍ച്ചയായി ഇനിയും ഉണ്ടാവട്ടെ ഒട്ടനേകം പതക്കങ്ങള്‍. അവയെല്ലാം ദേശാഭിമാനമുള്ള ഓരോ ഭാരതീയനും നെഞ്ചോടു ചേര്‍ത്തു കൊണ്ട് നാളെ ലോകത്തിന്റെ മുമ്പിലേക്ക് ഉറച്ചശബ്ദങ്ങോടെ ആലപിക്കും…
”ജനഗണമന…”
സൈമണ്‍ വളാച്ചേരില്‍
ചീഫ് എഡിറ്റര്‍