സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
രാഷ്ട്രീയം ഇന്ന് പൊതുജന സേവനത്തി നുവേണ്ടി മാത്രമല്ലെന്ന് തെളിയിക്കപ്പെടുന്ന പൈശാചിക സംഭവങ്ങള്‍ കേരളത്തില്‍ ഇടവേളകളില്ലാതെ ആവര്‍ത്തിക്കപ്പെടുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം തങ്ങളുടെ എതിരാളികളെ വകവരുത്തുന്നതിനുള്ള ഉപാ ധിയായി അധപ്പതിച്ചിരിക്കുന്നു.
കക്ഷി ഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അരുംകൊലയുടെ ക്വട്ടേഷന്‍ സംഘങ്ങളെ ഉന്നത നേതാക്കളുടെ തന്നെ അറിവോടെ ചെല്ലും ചെലവും കൊടുത്ത് പോറ്റിവളര്‍ത്തുന്നുണ്ടെന്നത് പകല്‍ പോലെ സത്യമാണ്. ഒരു കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യന്‍ മനുഷ്യനെ അരിഞ്ഞു വീഴ്ത്തുന്നു.
കഴിഞ്ഞ ദിവസം തിരുവല്ല പെരിങ്ങരയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയായ സന്ദീപ്കുമാറിനെ പൊതുവഴിയില്‍ ബൈക്ക് തടഞ്ഞ് തള്ളിയിട്ടാണ് വെട്ടിയും കുത്തിയും ക്കൊന്നത്. സി.പി.എമ്മിന്റെ വിദ്യാര്‍ഥി-യുവജന സംഘാടകനായും ഗ്രാമപ്പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ച് ജനസമ്മിതി നേടിയ യുവനേതാവിനെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ബി.ജെ.പിക്കാരനും ചെകുത്താനായ അയാള്‍ ഇടപാട് ചെയ്ത ക്വട്ടേഷന്‍ സംഘവും നിഷ്ഠുരമായി കൊലചെയ്തത്.
കൊലയാളികളായ അഞ്ചുപേരെയും മണിക്കൂറുകള്‍ക്കകം അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതോടെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പരപ്രേരണയില്‍ ആദ്യം വിധിയെഴുതിയ പോലീസ് പിന്നീട് ഗത്യന്തരമില്ലാതെ മലക്കം മറിഞ്ഞ് രാഷ്ട്രീയ പകപോക്കാണിതെന്ന് എഫ്.ഐ.ആറില്‍ തിരുത്തി.
രാഷ്ട്രീയനേതാവെന്നനിലയിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെ പേരിലാണ്, വലിയ രാഷ്ട്രീയഭാവിയുണ്ടായിരുന്ന സന്ദീപ് കൊല്ലപ്പെട്ടത്. കൊലപാതകം, അത് എന്തിന്റെ പേരിലായാലും അതുചെയ്യുന്നവര്‍ മനുഷ്യകുലത്തിന് അപമാനവും ഭീഷ ണിയുമാണ്.
രാഷ്ട്രീയ കൊലപാതങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. പണ്ട് രാഷ്ട്രീയക്കാര്‍ നേരിട്ടാണ് ശത്രുവിനെ നിഗ്രഹിച്ചിരുന്നതെങ്കില്‍ ഇന്നത് ക്വൊട്ടേഷന്‍കാരെയാണ് ഏല്‍പ്പിക്കുന്നത്. പണം കൊടുത്ത് ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ ആളെ സ്‌കെച്ച് ചെയ്യുന്നതും ദൗത്യം പൂര്‍ത്തിയാക്കുന്നതും ക്വട്ടേഷന്‍ ടീമിന്റെ ദൗത്യമാണ്. കൗമാരക്കാരും യുവാക്കളുമാണ് കൊലയാളി സംഘങ്ങളിലുള്ളത്.
ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊലചെയ്തത് ഇത്തരത്തിലാണ്. ഏതാനും ദിവസം മുമ്പ് പാലക്കാട്ട് ബി.ജെ.പി. പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലചെയ്തതും ക്വട്ടേഷന്‍ മാഫിയ തന്നെ. പെരിയയില്‍ യൂത്ത്കോണ്‍ ഗ്രസ് പ്രവര്‍ ത്തകരായ ശരത്ത്ലാലിനെയും കൃപേഷിനെയും കൊലചെയ് തതിന് പിന്നില്‍ രാഷ്ട്രീയ വൈരം അല്ലതെ പിന്നെന്താണ്.
പെരിയ കൊലക്കേസില്‍ മുന്‍ എം.എല്‍.എ.യായ സി.പി.എം നേതാവ് കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഏതായാലും രാഷ്ട്രീയത്തിന്റെ പേരിലും രാഷ്ട്രീയേതര കാരണത്താലുമെല്ലാം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ക്രമസമാധാനനിലയി ല്‍ കേരളം ഒന്നാമതാണെന്ന മേനിനടിക്കല്‍ വെറും പുറംപൂ ച്ചാണെന്ന് ഉറപ്പിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍. രാഷ്ട്രീയത്തിലെയും അതിന്റെ പിന്നാമ്പുറത്തെയും അക്രമികളെ ഒതുക്കാന്‍ പോലീസിന് സാധിക്കാത്തത് കഷ്ടം. അല്ല, പോലീസിന് അതിന് കഴിയില്ല. കാരണം രാഷ്ട്രീയ ഏമാന്‍മാരുടെ ഏറാന്‍മൂളികളായി നിന്നുകൊടുക്കുന്നവരാണല്ലോ നിയമപാലകരില്‍ ഭൂരിഭാഗവും.