തായ്പെയ്: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിച്ചതോടെ ചൈനയില്‍ ആളുകളെ വീടുകളില്‍ പൂട്ടിയിടുന്നതിന്റെ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വുഹാനില്‍ ചൈന സ്വീകരിച്ചതു സമാനമായ നടപടികളാണെന്നും തായ്വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിപിഇ കിറ്റ് ധരിച്ച ആളുകള്‍ വീടുകളുടെ വാതിലിനു മുന്നില്‍ വലിയ ഇരുമ്പ് കമ്പികള്‍ ഭിത്തിയില്‍ അടിച്ചുകയറ്റി ആളുകള്‍ പുറത്തിറങ്ങുന്നതു തടയുന്നതിന്റെ വിഡിയോകളാണ് വെയ്ബോ, ട്വിറ്റര്‍, യൂട്യൂബ് എന്നിവയില്‍ പ്രചരിക്കുന്നത്.
ശുദ്ധവായു ശ്വസിക്കാനായി ക്വാറന്റീനിടെ പുറത്തിറങ്ങിയ ആളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീടുകളുടെ കതക് ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ തുറക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അവരെ പൂട്ടിയിടുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളുകള്‍ വീടുകള്‍ക്കു പുറത്തിറങ്ങരുതെന്നും പിടികൂടിയാല്‍ വീടുകള്‍ സീല്‍ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്. ലോകമറിയരുതെന്നു ചൈന ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്ന തലക്കെട്ടിലാണ് വിഡിയോകള്‍ പ്രചരിക്കുന്നത്.
ഏതെങ്കിലും പാര്‍പ്പിടസമുച്ചയില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് ആയാല്‍ മുഴവന്‍ കെട്ടിടവും രണ്ട് മൂന്ന് ആഴ്ചത്തേക്ക് പൂര്‍ണമായി സീല്‍ ചെയ്യും.
17 പ്രവിശ്യകളിലായി 143 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത് കമ്മിഷന്‍ അറിയിച്ചു. ഇതില്‍ 35 കേസുകള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തിയവരാണെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നത്.