തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെടി ജലില്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു.
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീല്‍ വെളിപ്പെടുത്തി.
മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കിലുണ്ടെന്നാണ് നിഗമനം. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ ആരോപിച്ചു.
ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. എആര്‍ നഗര്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്.
തട്ടിപ്പ് പുറത്തായതോടെ ഹരികുമാര്‍ നിരവധി തവണ അംഗനവാടി ടീച്ചറെ ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ജലീല്‍ തുറന്നടിച്ചു.