കഴിഞ്ഞ മാര്‍ച്ച് പത്തൊന്‍പത് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ആശ്രമ ദൈവാലയത്തിനു മുകളില്‍ കരിമേഘങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുകയും രണ്ടു മൂന്നു തവണ പെരുമ്പറ കൊട്ടുകയും ചെയ്തു. കോവിഡ് നിബന്ധന പാലിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്നതിനാല്‍ പള്ളിമുറ്റത്ത് വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. മാസ്‌ക് ധരിച്ചെത്തിയവര്‍ പൊടിമഴയില്‍ നനഞ്ഞു. ബൈക്ക് ഒതുക്കിവെച്ച് ജോയിക്കുട്ടി ദൈവാലയ കവാടത്തിലേക്ക് നടന്നു.
അയാളുടെ ഹൃദയം വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനയില്‍ ത്രസിക്കുന്നുണ്ടായിരുന്നു. ആപത്തില്‍നിന്ന് രക്ഷിക്കുന്ന മാധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. കൈകള്‍ വിരിച്ചു പിടിച്ച പുരോഹിതന്റെ സ്വരം ഉയര്‍ന്നു.
”സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു…”
ജോയിക്കുട്ടി അള്‍ത്താരയെ നോക്കി നിന്നതു ആശ്രമ ദൈവാലയത്തിന്റെ ഏറ്റവും പിന്നില്‍ നിന്നാണ്. അവിടെ നില്‍ക്കുമ്പോള്‍ പിന്നോട്ടൊന്നും ചിന്തിക്കേണ്ടതില്ലെന്നൊരു തോന്നല്‍. പിന്നില്‍ നിന്നും പ്രലോഭകന്റെ കൈകള്‍ നീണ്ടുവരില്ലെന്ന സുരക്ഷിതബോധം. പിന്നാമ്പുറത്തു കുന്തമുന ഏറ്റവന്റെ ആശ്വാസം അങ്ങനെയാണ്. ഭക്തിയുടെ ആള്‍ക്കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാന്‍ ജോയിക്കുട്ടി പ്രത്യേകം ശ്രദ്ധിച്ചു. ദിവ്യബലിയുടെ ഭാഗമായി അള്‍ത്താരയില്‍ പുരോഹിതന്‍ ക്രിസ്തുവിന്റെ അനുയായികളോട് നിര്‍ദേശിച്ചു.
‘
‘നിങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുവിന്‍…”
വിശ്വാസികള്‍ കൈകള്‍ കൂപ്പി ഇരുവശത്തേക്കും തിരിഞ്ഞു അന്യോന്യം വണങ്ങാന്‍ തുടങ്ങി. ജോയിക്കുട്ടി കൂപ്പുകൈകളോടെ ഇടത്തോട്ട് തിരിഞ്ഞു വണങ്ങി. പിന്നെ വലത്തോട്ടും. പെട്ടെന്ന് നരകാഗ്‌നിയുമായെത്തിയ ഒരു ഉല്‍ക്ക ഉള്ളിലേയ്ക്ക് തുളഞ്ഞു കയറി. ഞെട്ടലിനും മരവിപ്പിനും ഇടയില്‍ ഒരു നിമിഷം. കറുത്ത വസ്ത്രമണിഞ്ഞ ഒരു നിഴല്‍രൂപം കൈകള്‍ കൂപ്പി തന്നെ വണങ്ങി സമാധാനം ആശംസിക്കുവാന്‍ മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാവുകയും ചെയ്തു.
മുന്നില്‍ പാപ്പച്ചന്‍. വരാന്‍ പോകുന്ന പെരുന്നാളിന്റെ പ്രസുദേന്തി. നഗരത്തിലെ സ്വര്‍ണ്ണ വ്യാപാരി. സര്‍വോപരി ബിഷപ് ജോസഫ് കോട്ടയ്ക്കാലിന്റെ ബന്ധു. പാപ്പച്ചന്റെ സങ്കടം കേട്ട് ബിഷപ് ജോസഫ് ആശ്രമദൈവാലയത്തില്‍ വൈദീകര്‍ക്കും മറ്റു ചിലര്‍ക്കും കത്തയച്ചതില്‍ നിന്നാണ് ആ നരകാഗ്‌നി പടര്‍ന്നത്.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനകള്‍ എന്ന പുസ്തകം മോഷ്ടിക്കപ്പെട്ടിരിക്കുന്നു. കോപ്പി റൈറ്റ് ഹോള്‍ഡര്‍ പാപ്പച്ചന്‍. മോഷ്ടാവ് ജോയിക്കുട്ടി. പിന്നെയങ്ങോട്ട് നരകയാതനയിലേക്കുള്ള തീക്കല്ലുകള്‍ ഒന്നൊന്നായി ചവിട്ടുകയായിരുന്നു ജോയിക്കുട്ടി.
അയാള്‍ സംശയത്തിന്റെ മുനകളാല്‍ വലയം ചെയ്യപ്പെട്ടു. പാപത്തിന്റെ ദിക്കുകളാല്‍ ബന്ധിതനായി. ആശ്രമദൈവാലയത്തിനു കീഴിലുള്ള പ്രസിദ്ധീകരണവിഭാഗത്തില്‍ നിന്ന് ബഹിഷ്‌കൃതനായി. ഏവര്‍ക്കും മുന്നില്‍ അപമാനിതനായി. കാരണം പാപ്പച്ചനില്‍നിന്ന് ആ പുസ്തകം മോഷ്ടിച്ചെടുത്തു അച്ചടിച്ച് വിതരണം ചെയ്തിരിക്കുന്നു. അങ്ങനെയായിരുന്നു ആരോപണം.
ജോയിക്കുട്ടിയുടെ ഓര്‍മ്മയില്‍ കനലുരുകി.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനകള്‍ എന്നത് ചെറിയൊരു ഇംഗ്ലീഷ് പുസ്തകമാണ്. അമേരിക്കയില്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ കോപ്പി പാപ്പച്ചന്‍ ജോയിക്കുട്ടിയെ ഏല്‍പ്പിച്ചത് മാസങ്ങള്‍ക്കു മുന്‍പാണ്. പ്രസിദ്ധീകരണവിഭാഗത്തിലെ പരിഭാഷകനും എഡിറ്ററുമായ ജോയിക്കുട്ടി ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുവാന്‍ കഴിവുള്ളവനാണെന്നു പാപ്പച്ചന് ഉറപ്പായിരുന്നു. ആശ്രമദൈവാലയത്തില്‍ പല വൈദീകരും പരിഭാഷയില്‍ സഹയാത്രികരായി.
രണ്ടു മാസം രാവും പകലും എടുത്തതാണ് പ്രാര്‍ത്ഥനകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇനി അച്ചടിക്കണം. ജോയിക്കുട്ടി പാപ്പച്ചനോട് പറഞ്ഞു:
”ആദ്യം അമേരിക്കയിലെ പബ്ലിഷറില്‍ നിന്ന് അനുമതി വാങ്ങണം. അതിനു കാനോനിക അംഗീകാരം വേണം. ഇമ്പ്രിമേത്തര്‍ ഒരു മെത്രാന്‍ ആയിരിക്കണം…”
പാപ്പച്ചന്‍ ഉടന്‍ തന്നെ ബിഷപ് ജോസഫ് കോട്ടയ്ക്കാലില്‍ നിന്ന് ഒരു അഭ്യര്‍ത്ഥന എഴുതി വാങ്ങി. അത് അമേരിക്കയിലേക്ക് പറത്തി. പക്ഷെ അത് പാതിവഴിയില്‍ അറ്റ്‌ലാന്റിക്കില്‍ തകര്‍ന്നുവീണത് പോലെയായി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മറുപടിയുമില്ല. പാപ്പച്ചന് തിടുക്കത്തോട് തിടുക്കവും. ഭക്തി പാരവശ്യം അയാളെ ദുഖത്തിലാക്കി. ഉദ്ദിഷ്ട കാര്യങ്ങള്‍ നിത്യജീവിതത്തില്‍ സുപ്രധാനമാണ്. ഒരു പക്ഷെ അസംഖ്യം. അത് ചെറുതോ വലുതോ സാധ്യമോ അസാധ്യമോ ആവട്ടെ, കൃപയുണ്ടെങ്കില്‍ അത് ഫലഭുയിഷ്ടമാവും.
കാത്തിരിപ്പിന്റെ മുഷിച്ചിലിനൊടുവില്‍ ഒരു ദിനം പരിഭാഷയുടെ കയ്യെഴുത്തുപ്രതി ജോയിക്കുട്ടിക്ക് തിരിച്ചു കൊടുത്തുകൊണ്ട് പാപ്പച്ചന്‍ അഭ്യര്‍ത്ഥിച്ചു.
”ജോയിക്കുട്ടീ, താന്‍ തന്നെ ഇത് ഇറക്ക്. ഞാനൊരു പതിനായിരം രൂപ പ്രസ്സിന്റെ അക്കൗണ്ടിലേക്കു നെഫ്ട് ചെയ്തിട്ടുണ്ട്. ആയിരം കോപ്പി എനിക്ക് വേണം…”
”നടക്കില്ല പാപ്പച്ചന്‍ ചേട്ടാ. ആയിരം കോപ്പി അച്ചടിക്കാന്‍ മുപ്പതിനായിരം വേണം. കുറഞ്ഞത് മുവ്വായിരം കോപ്പി അച്ചടിച്ചാല്‍ ഒരു പുസ്തകത്തിന്റെ അച്ചടിച്ചെലവ് ഇരുപതു രൂപയാക്കാം. അതായതു ചെലവ് അറുപതിനായിരം. മറ്റു ചെലവുകള്‍ വേറെ…”
”അത് പറ്റില്ല ജോയിക്കുട്ടി. എന്റെ കയ്യില്‍ പതിനായിരമേ ഉള്ളൂ. ആയിരം കോപ്പി വേണം. അടുത്ത മാര്‍ച്ച് പത്തൊന്‍പതിനു മുന്‍പ് ഇറക്കണം. എന്റെ പള്ളിപ്പേരും ജോസഫെന്നാണെന്നു അറിയാമല്ലോ. നീ മുവ്വായിരം കോപ്പി അച്ചടിക്ക് ജോയിക്കുട്ടി…”
”ബാക്കി അന്‍പതിനായിരം ആര് തരും..? ഒരു സ്‌പോണ്‍സര്‍ ഉണ്ടെന്ന് പറഞ്ഞിട്ട്..?”
”അതോ..? അത് അയാള്‍ ഒരു വേദിയില്‍ മേനി കാട്ടാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ്. ബാക്കി തുകയ്ക്ക് നീ വേറെ സ്‌പോണ്‍സര്‍മാരെ അന്വേഷിക്ക്…”
”കുറച്ചുകൂടി കാത്തിരുന്നുകൂടെ..? അമേരിക്കയില്‍ നിന്ന് മറുപടി വന്നെങ്കിലോ? ഇമ്പ്രിമേത്തര്‍ ആയി ബിഷപ്പിന്റെ പേര് വെയ്ക്കണം…”
”അത് ഞാന്‍ രേഖാമൂലം എഴുതി വാങ്ങിച്ചിട്ടുണ്ട്. കയ്യെഴുത്തുപ്രതിയില്‍ അക്കാര്യം ബിഷപ്പ് എഴുതി ഒപ്പിട്ടിട്ടുണ്ട്. നീ എങ്ങനെയെങ്കിലും അത് അച്ചടിക്ക്. നിന്നെക്കൊണ്ടതിനാവും. യൗസേപ്പിതാവ് സഹായിക്കും…”
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനകളില്‍ ആദ്യത്തേത് ജോയിക്കുട്ടിയുടേതായിരുന്നു. സ്‌പോണ്‍സര്‍മാരെ കണ്ടെത്തുവാന്‍. ഒട്ടേറെ പ്രയര്‍ ഗ്രൂപ്പുകളെ സമീപിച്ചു. വ്യര്‍ത്ഥം. നിരാശ. ഒരു രാത്രി വിശുദ്ധ യൗസേപ്പിതാവ് തന്നെ ജോയിക്കുട്ടിക്ക് സന്ദേശമയച്ചു.
”നീ അലയണം. അത് നിന്റെ ദൗത്യം. നീ ഇപ്പോള്‍ പൂര്‍ത്തിയാക്കാനുള്ള ദൗത്യം…”
ജോയിക്കുട്ടിയുടെ നെറ്റിയിലെ ആഴ്ചകളുടെ വിയര്‍പ്പിന് സ്വര്‍ഗ്ഗത്തിലെ പൂക്കളുടെ സുഗന്ധമായിരുന്നു.
മദ്യം കഴിച്ചാല്‍ പരമഭക്തനായി മാറുന്ന റിട്ടയേര്‍ഡ് പോലീസുകാരന്‍ കൊച്ചൗസേപ്പ് അവനെ ഗുണദോഷിച്ചു.
”ഡാ ജോയി. ഈ പണി വേണ്ടാട്ടാ. യൗസേപ്പിതാനോട് കൂടുതല്‍ അടുത്താല്‍ ധവന്‍ പിടിക്കും. നിനക്ക് പണി തരും…”
”ആര്..?”
”പ്രലോഭകന്‍! അവന്‍ വെറുതെ വിടൂല്ല…”
”ഓ, അതിലൊന്നും കാര്യമില്ല…”
തനിക്കു പ്രലോഭകനില്‍ നിന്നും ഭീഷണിയുണ്ടാവുകയോ..? ഒരിക്കലുമില്ല. പിശാചുക്കളുടെ പേടിസ്വപ്നമാണ് യൗസേപ്പിതാവ്. തൊഴിലാളികളുടെ മാധ്യസ്ഥനും! ജോയിക്കുട്ടി വിരകിനടന്ന് കൊച്ചുകൊച്ചു സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയപ്പോള്‍ പാപ്പച്ചന്‍ ഇളകി.
”പുസ്തകം ഉടന്‍ അച്ചടിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് മുപ്പതിനായിരം വരെയായ സ്ഥിതിക്ക് ബാക്കി കടം പറയാം. പ്രസ്സിലെ കടം വീട്ടാന്‍ യൗസേപ്പിതാവ് നിന്നെ സഹായിക്കും…” പാപ്പച്ചന്റെ സമ്മര്‍ദ്ദത്തില്‍ ജോയിക്കുട്ടി ഞെരിഞ്ഞു.
ദീര്‍ഘിച്ചില്ല. ഒരു നാള്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനകളുടെ മുവായിരം പൂക്കള്‍ വിടര്‍ന്നു. അതുകണ്ടു സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ സന്തോഷിച്ചിരിക്കണം. ദൈവരാജ്യത്തിന്റെ ഒരു നിയോജകമണ്ഡലം ഭൂമിമലയാളത്തില്‍ രൂപപ്പെടാന്‍ പോകുന്നു!
പ്രാര്‍ഥനാപ്പുസ്തകത്തിന്റെ ഇമ്പ്രിമേത്തര്‍ ബിഷപ്പ് ജോസഫ് കോട്ടയ്ക്കാലില്‍! സഹായകര്‍ വിവിധ വൈദീകര്‍. അവരുടെ പേരുകള്‍ മാത്രമാണ് ജോയിക്കുട്ടി ഔചിത്യത്തോടെ പുസ്തകത്തില്‍ ചേര്‍ത്തത്. വേണമെങ്കില്‍ പരിഭാഷകനായി തന്റെ പേരുകൂടി ചേര്‍ക്കാമായിരുന്നു. അതുവേണ്ടെന്നു വെച്ചു. പക്ഷെ അതില്‍ സൂചിതമായ ദുരന്തം ഒളിച്ചിരിപ്പുണ്ടായിരുന്നു.
ആയിരം കോപ്പി ലഭിച്ച പാപ്പച്ചന്റെ മുഖം മങ്ങിക്കറുത്തു. പുസ്തകത്തില്‍ പാപ്പച്ചന്‍ എന്ന പേരില്ല. ഇതിനകം പുസ്തകം സൗജന്യമായി അച്ചടിക്കാനുള്ള അനുമതി അമേരിക്കയില്‍നിന്ന് എത്തിക്കഴിഞ്ഞിരുന്നു. പാപ്പച്ചന്‍ അരമനയിലേക്കോടി.
”പിതാവേ, ഞാനറിയാതെ ആ പ്രാര്‍ത്ഥനാപുസ്തകം ജോയിക്കുട്ടി അച്ചടിച്ച് വിതരണം ചെയ്യുന്നു. അമേരിക്കയില്‍ നിന്നുള്ള അനുമതി എനിക്കാണ്. അതയാള്‍ ധിക്കരിച്ചിരിക്കുന്നു. സ്‌പോണ്‍സര്‍മാരില്‍ നിന്ന് വലിയൊരു തുക അവന്‍ കൈക്കലാക്കിയെന്നാണ് കേട്ടത്…”
പാപ്പച്ചന്റെ ആത്മാഭിമാനം തിളച്ചു. തന്റെ ഭക്തിയുടെ അടയാളത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ജോയിക്കുട്ടി പിളര്‍ന്നിരിക്കുന്നു. െ്രെകസ്തവജീവിതത്തിന്റെ അത്യുന്നതത്തിലേക്കുള്ള തന്റെ പെരുമയെ തുലച്ചിരിക്കുന്നു. ബിഷപ്പിന്റെ മുഖം ധാര്‍മ്മികരോഷത്താല്‍ തുടുത്തു, തവിട്ടു ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളില്‍ കണ്ണുകള്‍ ഉരുണ്ടു. ഉടന്‍ എല്ലാവരെയും അറിയിക്കണം. നടപടിയുണ്ടാവണം.
ബിഷപ്പ് ജോസഫ് മറ്റൊന്നുമാലോചിച്ചില്ല. പുസ്തകത്തിന്റെ പിന്നാമ്പുറ പണിയില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പ്രസ്സ് മാനേജര്‍ക്കും ഫെറോനാപ്പള്ളി വികാരിക്കും ആര്‍ച്ചു ബിഷപ്പിനും ഒരു വലിയ തട്ടിപ്പ് നടന്നതായി അറിയിപ്പ് അയച്ചു.
ജോയിക്കുട്ടിയെ പബ്ലിഷിങ് ഹൗസില്‍ നിന്നും പുറത്താക്കണം. ഇടമ്പുള്ള പകലുകള്‍ കലമ്പുള്ള രാത്രികള്‍ … പാതിയുറക്കത്തിന്റെ നടവഴിയില്‍ വെച്ച് പോലീസുകാരന്‍ കൊച്ചൗസേപ്പിന്റെ ആടിക്കുഴഞ്ഞ സ്വാന്തനം.
”ഡാ, ജോയിയെ. കരയണ്ടെടാ. നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ, പണി കിട്ടുമെന്ന്. ഇതാണ് പ്രലോഭകന്‍! അവന്‍ നേരെ വരില്ല. പിന്നിലൂടെ വന്നു ഒന്ന് തരും. വളഞ്ഞവഴിയെ വരുന്നവനെ പോലീസുകാരനായ എനിക്കറിയാം. സാരല്ലഡാ. നീ മാനനഷ്ടത്തിന് ഒരു കേസ് കൊടുക്ക്. ആദ്യം വക്കീല്‍ നോട്ടീസ് അയക്ക്. വക്കീലിന്റെ കാര്യം ഞാന്‍ ഏറ്റു…”
പാപ്പച്ചനുള്ള വക്കീല്‍നോട്ടീസിന്റെ കോപ്പി വായിച്ചപ്പോഴാണ് കഥയുടെ തിരിവുകള്‍ ബിഷപ്പ് കോട്ടയ്ക്കാലിനെ തിരുമ്മിയത്.
ബിഷപ്പ് പരിതപിച്ചു. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതായും പാപ്പച്ചന്‍ കാരണം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചതായും അനുതാപപൂര്‍വം സന്ദേശങ്ങള്‍ അയച്ചു. അങ്ങനെ സ്വര്‍ഗത്തില്‍ പതിച്ചു കിട്ടിയ ദൈവരാജ്യത്തിന്റെ നിയോജക മണ്ഡലത്തില്‍ പൂക്കാലമെത്തി. ജോയിക്കുട്ടി വീണ്ടും പബ്ലിഷിങ് ഹൗസിലേക്കുള്ള പടികള്‍ കയറി, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനയുമായി! അള്‍ത്താരയില്‍ ബലിപീഠത്തിലെ രക്തം തിളയ്ക്കുന്നുണ്ടാവണം. മാംസം തുടിക്കുന്നുണ്ടാവണം. ജോയിക്കുട്ടിയുടെ മനസ്സില്‍ അശാന്തിയുടെ മിന്നലുകള്‍ അടര്‍ന്നു വീണു. രക്തമഴയുടെ ഇരമ്പല്‍. പാപമോചനത്തിനായി കേഴുന്ന ഭൂലോക പാപികളുടെ നിലവിളി പോലെ.
അച്ചടിച്ച പ്രാര്‍ത്ഥനകള്‍ വായിച്ചും കാണാതെ പഠിച്ചും തൊള്ളപൊട്ടുമാറ് അധരവ്യായാമം നടത്തുന്നവര്‍ ഹൃദയത്തില്‍ ദൈവസാന്നിധ്യം അറിയുന്നുണ്ടോ..? ജോയിക്കുട്ടി സംശയിച്ചു. രോഗികള്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കും അനാഥര്‍ക്കും നിസ്വര്‍ക്കും നീറുന്നവര്‍ക്കും പീഡിതര്‍ക്കും ശുശ്രുഷ ചെയ്തുകൊണ്ടല്ലേ യേശു സുവിശേഷം അറിയിച്ചത്? വിശുദ്ധ തോമസ് അകേമ്പസിന്റെ മിശിഹാനുകരണമല്ലേ സമൂഹത്തില്‍ െ്രെകസ്തവര്‍ പാലിക്കേണ്ടത്..?
ചോദ്യങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന പിശാചുക്കള്‍ക്കുള്ളതാവുന്നു. ജോയിക്കുട്ടിയുടെ എരിയുന്ന കണ്ണുകളിലേക്കു കൈകൂപ്പി നില്‍ക്കുന്ന പാപ്പച്ചന്റെ നോട്ടം പിടയുകയാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായി ജോയിക്കുട്ടി അയാള്‍ക്ക് സമാധാനം ആശംസിക്കണം. മുറിവേല്‍ക്കപ്പെട്ടവന്റെ അവശേഷിക്കുന്ന ഹൃദയ സ്പന്ദനം കേള്‍ക്കണം. ശരീരരക്തങ്ങളുടെ സമ്മിശ്രണം സ്വീകരിച്ചു നിത്യജീവനെ സൂചിക്കുഴയിലൂടെ നൂര്‍ത്തെടുക്കണം. ബലിദാനത്തിന്റെ ഓര്‍മ്മ പുതുക്കണം. അതാണല്ലോ കുര്‍ബ്ബാന!
ഒരു നിമിഷത്തിന്റെ അടരുകളിലൂടെയാണ് താന്‍ സഞ്ചരിച്ചതെന്നു ജോയിക്കുട്ടി അറിഞ്ഞു. എന്ത് ചെയ്യണം..? ദൈവാലയത്തില്‍ എല്ലാവരും കൂപ്പിയ കൈകളുമായി പരസ്പരം സമാധാനം നിശബ്ദമായി ആശംസിച്ചു കഴിഞ്ഞിരിക്കുന്നു! ബലിപീഠത്തില്‍ പുരോഹിതന്‍ തിരുവോസ്തി എടുക്കാന്‍ തുടങ്ങുന്നു. തനിക്കു നേരെ കൈകൂപ്പി നില്‍ക്കുകയാണ് പാപ്പച്ചന്‍. ആ മുഖത്ത് ജാള്യതയുടെയോ ദയനീയതയുടെയോ അനുതാപത്തിന്റെയോ നിഴലാട്ടം ജോയിക്കുട്ടി കണ്ടു. തിരുക്കര്‍മ്മം തുടരാന്‍ അല്പമാത്ര. എന്ത് ചെയ്യണം..?
”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍…”
അഗാധത്തില്‍ നിന്നുള്ള സഹനത്തിന്റെയും ക്ഷമയുടെയും സ്വരം ജോയിക്കുട്ടിയുടെ കാതില്‍ വീണ്ടും ചിറകടിച്ചു. അനന്തരം കൂപ്പിയ കൈകളുമായി ജോയിക്കുട്ടിയുടെ മുഖം പാപ്പച്ചന് മുന്നില്‍ കുനിഞ്ഞു. ആശ്രമ ദൈവാലയത്തിനു മുകളില്‍ വാനവിതാനത്തില്‍ പെരുമ്പറ മുഴങ്ങി.
”നിങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുവിന്‍…”