Sunday, May 19, 2024

HomeLiteratureലെമൂറിയ-2, ആകാശത്തിന്റെ കൈകളില്‍ (നോവല്‍ അധ്യായം 3)

ലെമൂറിയ-2, ആകാശത്തിന്റെ കൈകളില്‍ (നോവല്‍ അധ്യായം 3)

spot_img
spot_img

സംഗ്രഹം

തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും. ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്, ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍. ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം.

അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു. വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍.

തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗര്‍. രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ കൈവശമാക്കുന്നു. രാജകുടുംബത്തിന്റെ കൊട്ടാരം….ഗീവര്‍ഗീസിന്റെ പ്രണയവും വിവാഹവും കുടുംബവും…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…പലായനം…ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായിലെ ജനാധിപത്യം…

ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും…മനുഷ്യത്വവും സാഹോദര്യവും ഇല്ലാതായി… വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയായി. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…

പക്ഷേ 1950ല്‍ ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു. 2000ല്‍ ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ചിത്ര ജോസഫ് എന്ന യുവസുന്ദരി…

ഗീവര്‍ഗീസിനെ തേടിയെത്തിയ ബ്രിട്ടീഷ് ടിവി അവതാരകയാണവള്‍. ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…

കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…

തുടര്‍ന്ന് വായിക്കുക…


ആകാശത്തിന്റെ കൈകളില്‍

കടല്‍.
ലെമൂറിയദ്വീപ്.
കടലിടുക്ക്.
പൂവന്‍ത്തുരുത്ത്.
കായല്‍.
പിന്നെ, ഇന്ത്യ..!

ആകാശത്തിന്റെ കൈകളിലിരുന്ന് ഇതൊക്കെ കാണാന്‍ എന്തൊരു ചേലാണ്! കടലിനടിത്തട്ടില്‍ മണ്ണില്‍ പുതഞ്ഞിരിക്കുന്ന വര്‍ണ്ണമത്സ്യത്തെയാണ് ഓര്‍മ്മവരിക.

ഒരിക്കല്‍, ഇന്ത്യയിലെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ പടിഞ്ഞാറുള്ള വെട്ടുകാട് പള്ളിയിലെ പെരുന്നാളിനാണോ, നിഷ്‌കളങ്കേശ്വരന്‍ കോവിലിലെ ചിങ്ങം ഒന്ന് പുതുവര്‍ഷപുലരിയിലാണോ, അറിയില്ല, ഒരു മഴക്കാറ്റില്‍ ഗീവര്‍ഗ്ഗീസ് ആകാശത്തു പറന്നു നടന്നു. മത്സ്യത്തിന്റെ ചിറകുകളുമായി.

പ്രാണവായു വലിക്കുമ്പോള്‍ മഴത്തുള്ളികള്‍ ചെകിളയിലൂടെ നിറുകയില്‍ കയറിപ്പിടഞ്ഞു. വല്ലാതെ പ്രയാസപ്പെട്ടുവെങ്കിലും അതൊരു യാത്രയായിരുന്നു. ആകാശത്തിന്റെ കൈകളില്‍.

അനന്തമായ നനഞ്ഞ നീലനിറത്തില്‍നിന്ന് കുതിച്ചുയര്‍ന്ന്, വെയില്‍ വീണ മഞ്ഞനിറത്തിലൂടെ. മഞ്ഞുകട്ട പൊട്ടിച്ചെറിയുന്നതുപോലെ മഴയും പെയ്യുന്നു. അയാളുടെ കണ്ണുകള്‍ മീനുകളുടേതായിരുന്നു. മഴച്ചില്ലുകളെ തടയാന്‍ കണ്ണിമകള്‍ ഉണ്ടായിരുന്നില്ല. ചെതുമ്പലുകള്‍ കുളിരിനെ തടഞ്ഞു നിര്‍ത്തിയതിനാല്‍ അയാള്‍ക്കു യാത്ര തുടരാനായി.

താഴെ ലെമൂറിയദ്വീപ് കാണാമായിരുന്നു. കൊലുത്തു മെലിഞ്ഞ് നഗ്നയായി കാലും കയ്യും വിടര്‍ത്തി മലര്‍ന്നുകിടക്കുന്ന മീനാമ്മയെ പോലെ. മഞ്ഞയും പച്ചയും ഇരുവശങ്ങളില്‍ ഒതുക്കി പിടിച്ച തുണിക്കെട്ടുപ്പോലെ. അങ്ങിങ്ങായി ചെറുതും വലുതുമായ മുലകള്‍. മൂന്നോളം പൊക്കിള്‍കുഴികള്‍. അവിടെ നിന്നും ലെമൂറിയാക്കാരില്‍ ചിലര്‍ മണ്‍കുടങ്ങളില്‍ കുടിവെള്ളമെടുത്തു കൊണ്ടു പോകുന്നു.

പിന്നെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍. അദൃശ്യനായ നിഷ്‌കളങ്കേശ്വരന്‍. പ്രകൃതിയുടെ കരുത്ത് അവിടെ കുടികൊള്ളുന്നു. സൃഷ്ടിപരമായ ഒരു പ്രതീകം തന്നെ. ലിംഗാകൃതിയിലുള്ള വായുപ്രതിഷ്ഠയില്‍ കൂവളത്തിന്റെ ഇലകള്‍കൊണ്ടുള്ള മാല ചാര്‍ത്തുന്ന ഭക്തര്‍. മഴക്കാറ്റില്‍ അവിടം കൂടുതലായി ശോഭിക്കുന്നു. ആ പ്രത്യേക തിളക്കം ലെമൂറിയ ദ്വീപിലേക്കും പടരുന്നു. പാറക്കെട്ടുകള്‍ക്കു മുകളില്‍ പ്രതിഫലിക്കുന്നു.

കോവിലിന്റെ പാറയുടെ അടുത്തുചെന്ന് ഒരു കാമുകിയുടെ അഭിവാഞ്ഛയോടെ തിരകള്‍ ചിണുങ്ങുന്നു. തെങ്ങിന്‍ തലപ്പുകള്‍ ആടി ഉലയുന്നു. പഞ്ചസാര മണല്‍ത്തീരങ്ങള്‍ മിന്നുന്നു. പാറക്കുന്നുകളും വടക്ക് ചെമ്മണ്‍ കുന്നുകളും ഉയര്‍ന്നുതാഴുന്നതുപോലെ.

ഓലമേഞ്ഞ കുടിലുകളില്‍ പുകയുയരുന്നുണ്ട്. കറങ്ങുന്ന റാട്ടുകളില്‍ നിന്ന് സ്വര്‍ണ്ണനാരു പോലത്തെ കയര്‍ പിരിഞ്ഞുനീണ്ട് വളയങ്ങളാവുന്നു. പുല്‍ത്തകിടികളില്‍ ആടുകളും പശുക്കളും അമറുന്നു.

തീരത്ത് കയറ്റിവെച്ച വള്ളങ്ങള്‍ക്കരികല്‍ ഓലത്തൊപ്പി വെച്ച് വട്ടംകൂടിയിരുന്ന് മത്സ്യത്തൊഴിലാളികളായ ലെമൂറിയക്കാര്‍ ചീട്ടുകളിക്കുന്നു. വലക്കൂട്ടങ്ങള്‍ക്കരികില്‍ കാക്കകളും പരുന്തുകളും വട്ടം പറക്കുന്നു. കടല്‍കാക്കകള്‍ തിരമാലയില്‍ കൊക്കുരുമ്മുന്നു. നനഞ്ഞുവീഴുന്ന പട്ടങ്ങള്‍ക്കരികിലൂടെ പ്രാവുകള്‍ പറന്നുയരുന്നു. നാടന്‍ പട്ടികള്‍ കുരച്ചു കളിയ്ക്കുന്നു. വീട്ടുമുറ്റങ്ങളില്‍ കോഴികളും പൂച്ചകളും നൃത്തം വെയ്ക്കുന്നു. അവയൊന്നും മഴക്കാറ്റിനെ അറിയുന്നതേയില്ല.

ലെമൂറിയദ്വീപു കഴിഞ്ഞാല്‍ ഒരു കടലിടുക്ക്. വെളുത്ത കടല്‍. തിരയിളക്കം കുറഞ്ഞ, മണല്‍ത്തിട്ടകള്‍ തെളിഞ്ഞു കാണാവുന്ന വെള്ളപരവതാനി.

മുട്ടോളം വെള്ളത്തില്‍ ആളുകള്‍ അതിലൂടെ നടന്നുപോകുന്നു. ലെമൂറിയായിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ ഭാഗത്തു നിന്നും തൊട്ടടുത്ത തുരുത്തിലേക്ക്. നീണ്ടു കിടക്കുന്ന പച്ചത്തുരുത്തിലേക്ക്. പൂവന്‍ത്തുരുത്തിലേക്ക്.

പൂവന്‍ത്തുരുത്തില്‍ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട ആണുങ്ങള്‍ മാത്രമേയുള്ളു. സ്ഥിരവാസികള്‍ ഇല്ലായെന്നു തന്നെ പറയാം. പ്രധാനകാരണം കടല്‍ക്ഷോഭിക്കുമ്പോള്‍ കടല്‍വെള്ളം പൂവന്‍ത്തുരുത്തിന്റെ മെലിഞ്ഞു നീണ്ടശരീരം കടന്ന് കായലിലേക്കു പോകും. കായലില്‍ നിരപ്പ് കൂടിയാല്‍ അത്രയും വെള്ളം തിരിച്ചൊഴുകും. വലിയ നഷ്ടമാണുണ്ടാവുക. പക്ഷേ അവിടെ പകലും രാത്രിയും മീന്‍പിടുത്തമുണ്ട്.

വള്ളം പണിയുന്നവരുമുണ്ട്. വില്പനക്കാരുണ്ട്. ബീഡി, വെറ്റിലമുറുക്ക്, പുകയില, വാറ്റുചാരായം, ഗോതമ്പുണ്ട, തോര്‍ത്ത്, ഒറ്റമുണ്ട്, മീന്‍കറി, അരിയട, ചുക്കുകാപ്പി തുടങ്ങി പലയിനങ്ങള്‍ രാപകല്‍ വില്ക്കുന്നു. ഊഴംപോലെ രാവും പകലും ആണുങ്ങള്‍ വന്നുപോകുന്നു.

മൂവന്തിയ്ക്ക് പൂവന്‍ത്തുരുത്തിലെ കല്‍ത്തൂണുകളില്‍ സ്ഥാപിച്ച റാന്തല്‍ വിളക്കുകള്‍ക്കരികില്‍ കുതിരപ്പുറത്ത് ഒരു രാജഭടന്‍ വന്നു നില്ക്കും. റാന്തല്‍ വിളക്കെടുത്ത് ചില്ലു തുടച്ച് എണ്ണയൊഴിച്ച് തുണിത്തിരിയിട്ട് വിളക്ക് കത്തിക്കും. പിന്നെ പന്തമുയര്‍ത്തി മൂവന്തിച്ചോപ്പിലേയ്ക്ക് പായും.

മഴയും അമാവാസിയും കൊടുങ്കാറ്റും ഒത്തുവരുമ്പോഴാണ് കാഴ്ചകള്‍ക്ക് പ്രത്യേക ഭംഗിയുണ്ടാവുക. കരയും കടലും ഒരു യുദ്ധത്തിലേര്‍പ്പെട്ടതുപോലെ. കാമാവേശിതയായ ഒരു ഭ്രാന്തിപെണ്ണ് ഉടുതുണിയഴിച്ച് തുള്ളുന്നതുപോലെ തോന്നും. ലെമൂറിയാക്കടലിന്റെ പേറ്റു നോവും അപ്പോഴാണ്. തീരക്കടലിനടിയിലെ പാരുകളില്‍ പലതരം മീനുകള്‍ മുട്ടയിട്ട് പെരുകും.

പൂവന്‍ത്തുരുത്തിനപ്പുറം കായലാണ്. കായല്‍ക്കാറ്റില്‍ ചെറുവഞ്ചികളെത്തുന്നു. പായകെട്ടിയ കെട്ടുവള്ളങ്ങളും. രണ്ടു വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടങ്ങളും ഉണ്ട്. ചങ്ങാടങ്ങളില്‍ പല്ലക്കും കുതിരകളും രാജഭടന്മാരും ബ്രിട്ടീഷ് പട്ടാളക്കാരുമൊക്കെയാണ്.

ഇരുണ്ട കായലിന് ചീഞ്ഞ തൊണ്ടിന്റെ നാറ്റമാണ്. ഓരങ്ങളിലൊക്കെ തേങ്ങ പൊതിച്ചുമാറ്റിയ തെങ്ങിന്‍തൊണ്ടുകള്‍ കായലില്‍ മൂടിക്കെട്ടിയിട്ടിരിക്കുന്നു. തൊണ്ടു ചീഞ്ഞെങ്കിലേ അതു തല്ലിച്ചതച്ച് കയറിനുള്ള ചകിരിയെടുക്കാന്‍ കഴിയൂ. അങ്ങിങ്ങായി ഉറപ്പിച്ച തെങ്ങിന്‍തടികളില്‍ കരിങ്കൊക്കുകളും പരുന്തുകളും ചിറകൊതുക്കുന്നു.

കായലിനു നടുവില്‍ തീമനുഷ്യര്‍ നടക്കുന്നത് കണ്ട് ഭ്രാന്തായിപ്പോയവരുണ്ട്. അവര്‍ കായലിനക്കരെ ഇന്ത്യയില്‍ തിരുവിതാംകൂറിലെയും തമിഴകത്തെയും ഏതോ പട്ടണങ്ങളില്‍ രാജാക്കന്മാരായി അലഞ്ഞുനടക്കുന്നു. അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ക്ഷേത്രങ്ങളില്‍ ഭൂതാവേശിതരായി തുള്ളിനടക്കുന്നു. പ്രവചനങ്ങള്‍ നടത്തുന്നു.

ഇക്കൂട്ടര്‍ തിരുവിതാംകൂറിന്റെയും പശ്ചിമഘട്ട മലനിരകളുടെയും പാണ്ഡ്യരുടെയും ചോളന്മാരുടെയും പല്ലവന്മാരുടെയും കഥകളിലെ കഥാപാത്രങ്ങളാണ്.

അതിന് കിഴക്ക് പണ്ട് അത്ഭുതലോകമായിരുന്നു.

ഹേമകൂടം.

വിജയനഗരത്തിന്റെ തലസ്ഥാനമായ ഹേമകൂടം നിറയെ ശില്പഗോപുരങ്ങളാണ്. നൃത്തമണ്ഡപങ്ങള്‍. ചിത്രപ്പണികളുള്ള കൊട്ടാരങ്ങള്‍. സുന്ദരികളുടെ അന്ത:പുരങ്ങള്‍. പൂങ്കാവനങ്ങള്‍. സ്വപ്നം പോലുള്ള ഒരു സ്വര്‍ണ്ണനഗരി.

അവിടേക്കൊന്നും ഗീവര്‍ഗ്ഗീസിന് പറക്കാനായില്ല. പക്ഷേ കേട്ടറിവുകളുണ്ട്.

കേട്ടറിവിലുള്ളതു ഗീവര്‍ഗീസിന്റെ രാജ്യമല്ല. അന്യരാജ്യങ്ങളിലേക്കുള്ള ദേശാടനം ഒരു കാലത്തും അയാളുടെ മീന്‍കണ്ണുകള്‍ കിനാവു കണ്ടിട്ടില്ല. കായലിനിപ്പുറം, പൂവന്‍ത്തുരുത്തിനിപ്പുറം, മണല്‍മെത്തകള്‍ തെളിയുകയും മുങ്ങുകയും ചെയ്യുന്ന, കടലൊഴുക്കിനിപ്പുറം, വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അറിയുന്ന അദൃശ്യനായ നിഷ്‌കളങ്കേശ്വരന്റെ ലെമൂറിയ എന്ന രാജ്യത്ത്, നീലച്ചുരുള്‍മുടിയുള്ള, നോക്കെത്താ കടലിന്റെ തീരത്ത്, അയാളുടെ എല്ലുകളും മാംസവും പ്രാണവായുവും ജീവരക്തത്തിന്റെ രസബിന്ദുക്കളും കാത്തുകിടക്കുന്നു.

സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം അയാള്‍ക്കൊരു സ്വപ്‌നം കൊടുത്തു. സ്വപ്‌നത്തിനു ആത്മാവു കൊടുത്തു. ആത്മാവിനു ബോധം കൊടുത്തു. അങ്ങനെ, അയാള്‍, ഗീവര്‍ഗ്ഗീസ്, ജീവശരീരമായി അവതരിച്ചു.

അയാള്‍, ഗീവര്‍ഗ്ഗീസ്, ആകാശത്തിന്റെ കൈകളിലിരുന്ന് കായലിനപ്പുറം പോയിട്ടില്ല. അത് അയാളുടെ സ്വപ്‌നവുമല്ല. അയാള്‍ തന്റെ രാജ്യത്തേക്ക് തിരിച്ചുപറന്നു.

മഴക്കാറ്റിന്റെ വരവും തിരിവും നോക്കി ലെമൂറിയാ ദ്വീപിന്റെ നെഞ്ചില്‍ അയാള്‍ കാലുകുത്തുന്നു.

അയാളെക്കുറിച്ച് പഴമക്കാര്‍ പറയുന്ന ഒരു മഹാസംഭവമുണ്ട്.

ലെമൂറിയാ ദ്വീപിന്റെ തീരത്ത്, അയാള്‍, കട്ടമരത്തില്‍ ഉറച്ച് നിന്ന്, ഇരുവശത്തേക്ക് ഇരുകൈകളും വിരിച്ചുയര്‍ത്തി, ചൂണ്ടുവിരലുകള്‍ നീട്ടി, പടിഞ്ഞാറന്‍ ലെമൂറിയക്കടലിന്റെ ചക്രവാളത്തില്‍ അസ്തമിക്കുന്ന സൂര്യനെയും കിഴക്കന്‍ ലെമൂറിയ കുന്നുകളില്‍ ഉദിക്കുന്ന ചന്ദ്രനെയും നിമിഷങ്ങളോളം നിശ്ചലമാക്കി പിടിച്ചുനിര്‍ത്തിയതാണ് ആ സംഭവം. പഴമക്കാര്‍ രാത്രികാലങ്ങളില്‍ കൊച്ചുമക്കളോട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറയുന്ന സംഭവകഥ.

അവന്റെ പേര് ഗീവര്‍ഗ്ഗീസ്!

കട്ടമരക്കാരന്‍ ഗീവര്‍ഗ്ഗീസ്!

മഹാശക്തന്‍!

കടലിന്റെ രാജാവ്!

കടല്‍ പൊട്ടിച്ചിതറുന്നു. കാറ്റ് പൊട്ടിയകലുന്നു.

ഗീവര്‍ഗ്ഗീസ് കുരിശുവരച്ച് പൊട്ടിച്ചിരിയ്ക്കുന്നു.

ചുവന്നകല്ലുകള്‍ കൊണ്ടുള്ള മിന്നുന്ന കൊന്ത ലെമൂറിയായുടെ ഒരോര്‍മ്മയിലേക്ക് ആണ്ടു പോകുന്നുണ്ടായിരുന്നു.

(തുടരും)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments