Saturday, July 27, 2024

HomeLiteratureലെമൂറിയ-2 (നോവല്‍-അധ്യായം 8)

ലെമൂറിയ-2 (നോവല്‍-അധ്യായം 8)

spot_img
spot_img

സാബു ശങ്കര്‍


സംഗ്രഹം

തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും…ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്. ബ്രിട്ടീഷുകാര്‍ ആ ദ്വീപിന് പേരിട്ടു. ലെമൂറിയ 2. ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍… ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം…

അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു…അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്…

തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ…രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് കൈവശമാക്കുന്നു. അവിടെ രാജകുടുംബം ഒരു കൊട്ടാരം നിര്‍മ്മിച്ചു. പ്രശാന്ത ഹര്‍മ്മ്യം ….ഗീവര്‍ഗീസിന്റെ പ്രണയം. മീനമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി. മഹാത്മാ ഗാന്ധിയുടെ അനുയായി ആയി. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…കൂട്ടക്കൊല…മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും മീനാമ്മയും റൂത്തും സോളമനും വടക്കന്‍ ലെമൂറിയായിലേക്ക് പലായനം ചെയ്യുന്നു…ലെമൂറിയയിലെ ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായുടെ ഭരണാധികാരം കയ്യാളുന്ന ഭൂരിപക്ഷ മത ജാതി രാഷ്ട്രീയം…

ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും വര്‍ദ്ധിച്ചു …മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയാവുന്നു. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…വീണ്ടും മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…

പക്ഷേ, 1950ല്‍, ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ഗീവര്‍ഗീസും സംഘവും ഉള്‍ക്കടലില്‍ സ്രാവ് വേട്ടയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ ലെമൂറിയ ദ്വീപ് ഇല്ല… ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു…2000ല്‍ ഗീവര്‍ഗീസിനെ തേടി ഒരു ബ്രിട്ടീഷ് ടിവി അവതാരകയെത്തി. ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്ത് ചിത്ര ജോസഫ് എന്ന യുവസുന്ദരി ലെമൂറിയായുടെ ചരിത്രകഥ രേഖപ്പെടുത്താനുള്ള യത്‌നത്തിലാണ്…

ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…


ഒന്നാം ലോകമഹായുദ്ധവും ലെമൂറിയായും

രാത്രിയില്‍ കുടികള്‍ കത്താന്‍ തുടങ്ങി. രാത്രിയുടെ മറവില്‍ അക്രമം, പിടിച്ചുപറി, സ്ത്രീകളെ ചുമന്നുകൊണ്ടുപോകല്‍. അപ്പോഴാണ് ഒരു വലിയ ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ലെമൂറിയായുടെ തീരക്കടലില്‍ പ്രത്യക്ഷമായത്.
ആ ജര്‍മ്മന്‍ യുദ്ധക്കപ്പലിന്റെ പേര് എംഡന്‍. അക്കാലത്തെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍. ജര്‍മ്മന്‍കാര്‍ തന്നെയാണ് നാവികരും. മൂന്നോളം യുദ്ധക്കപ്പലുകളെ പീരങ്കി ഉപയോഗിച്ച് കത്തിച്ചു തകര്‍ത്തു കടലില്‍ മുക്കി. ഇവിടെ എത്തുന്നതിനു മുന്‍പ് മദ്രാസ് തുറമുഖത്തെ എണ്ണ ടാങ്കറുകളും കെട്ടിടങ്ങളും ബ്രിട്ടീഷ് കപ്പലുകളുമൊക്കെ കത്തിച്ചു ചാമ്പലാക്കിയിട്ടാണ് എംഡന്റെ വരവ്.
രാത്രിയില്‍ മൂന്നു നാവികര്‍ എംഡന്‍ കപ്പലില്‍ നിന്നും ഒരു ചെറിയ ബോട്ടില്‍ ലെമൂറിയായുടെ തീരത്തെത്തി. രണ്ടു നാവികര്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു കൊണ്ടിരുന്നു.

നാവികര്‍ക്കടുത്ത് നാട്ടുകാരില്‍ ചിലര്‍ മാത്രം ഭവ്യതയോടെ ഒത്തുകൂടി. ഏഴുവയസ്സുകാരന്‍ ഗീവര്‍ഗ്ഗീസും.
നാവികരില്‍ ഓരാള്‍ മലയാളത്തില്‍ ഗര്‍ജ്ജിച്ചു.

”ഞാന്‍ തിരുവിതാംകൂറിലെ തലസ്ഥാനത്തുള്ള ആളാണ്. പഠിക്കാന്‍ ജര്‍മ്മനിയില്‍ പോയി. അവിടെ ഇന്ത്യ സ്വതന്ത്രമാവുന്നതിനുള്ള രാഷ്ട്രീയത്തില്‍ ചേര്‍ന്നു. ബ്രിട്ടീഷ്‌കാരുടെ ശത്രുക്കളാണ് ജര്‍മ്മന്‍കാര്‍. ജര്‍മ്മന്‍കാര്‍ നമ്മെ സഹായിക്കും. അതുകൊണ്ട് ജര്‍മ്മന്‍കാരെ നിങ്ങള്‍ സഹായിച്ചാല്‍ ഒരൊറ്റ ബ്രിട്ടീഷ് കപ്പല്‍ പോലും ഇവിടെ വരില്ല. ഒരു ബ്രിട്ടിഷ്‌കാരനും ലെമൂറിയായില്‍ അവരുടെ പതാക നാട്ടില്ല.”
ഏതോ പ്രായം ചെന്ന സ്ത്രിയാണ് ചോദിച്ചത്.
”മോന്റെ പേരെന്താണ്?”
”ചെമ്പക രാമന്‍പിള്ള.”
എംഡന്‍ യുദ്ധക്കപ്പലില്‍ നിന്നും ഒരു പീരങ്കി തീ തുപ്പി. അതു ലെമൂറിയായിലെ ഒരു പാറക്കെട്ടിനെ തകര്‍ത്തു. കടലില്‍ കിടന്ന പല വള്ളങ്ങളെയും തകര്‍ത്തു.
”ഞാന്‍ പറഞ്ഞതു ഓര്‍മ്മയുണ്ടല്ലോ? നമ്മള്‍ തമ്മിലടിച്ചിട്ടു കാര്യമില്ല. ആദ്യം ഇന്ത്യയുടെ സ്വാതന്ത്ര്യം.”
ചിലര്‍ തലകുലുക്കി.
ചെമ്പക രാമന്‍പിള്ളയും ജര്‍മ്മന്‍ നാവികരും തിരികെ പോയി ബോട്ടില്‍ നിന്നെടുത്ത മൂന്നു ചാക്കു ഗോതമ്പു പൊടി അവര്‍ക്കു കൊടുത്തു. അഭിവാദ്യം ചെയ്തു മടങ്ങി.

എംഡന്‍ എന്ന ആ ഭീകരന്‍ യുദ്ധക്കപ്പല്‍ അന്നു രാത്രി തന്നെ വടക്കോട്ട് പോയി. കൊച്ചി തുറമുഖം നശിപ്പിക്കാന്‍ പോയെന്നാണ് കേട്ടത്.
ഗീവര്‍ഗ്ഗീസ് പെട്ടെന്ന് നിശബ്ദനായി. മനസ്സില്‍ ഒരു കനല്‍ക്കട്ട ഉടക്കിയതു പോലെ. എംഡന്‍ തകര്‍ത്ത വള്ളങ്ങളിലൊന്നില്‍ ഗീവര്‍ഗ്ഗീസിന്റെ അപ്പന്‍ ജോസഫ് റഫായല്‍ ഉണ്ടായിരുന്നു. എല്ലാം കരിഞ്ഞു ചാമ്പലായി കടലില്‍ താണു.
അതോടെ ‘മുല ചുംബിച്ച ലഹള’ ലെമൂറിയായില്‍ കെട്ടടങ്ങി.
പുലരാറായപ്പോള്‍ ബ്രിട്ടീഷ് പടക്കപ്പലുകള്‍ ലെമൂറിയായുടെ തീരക്കടലില്‍ നങ്കൂരമിട്ടു.

കടല്‍യുദ്ധവും അതിന്റെ ഭീകരതയും കുട്ടിയായിരുന്ന ഗീവര്‍ഗ്ഗിസിനെ ഒരു ഭീരുവാക്കാനല്ല, മറിച്ച് ഒരു കടല്‍പ്പോരാളിയാക്കാനാണ് പ്രേരിപ്പിച്ചത്.
മറ്റുള്ള ഏതെങ്കിലും രാജ്യക്കാരുടെ ഒരു കപ്പല്‍ ആ വഴി കണ്ടാല്‍ കടലില്‍ ഭീകരശബ്ദങ്ങളും തീയും പുകയും ഉയരും. ഞെട്ടിവിറയ്ക്കുന്ന രാത്രികള്‍.
നാവികര്‍ ഏതു രാജ്യക്കാരായാലും ലെമൂറിയായിലേക്കു വന്ന് ആണുങ്ങളെ ബലമായി പിടിച്ചു കൊണ്ടു പോയാല്‍? പെണ്ണുങ്ങളെ കാമദാഹത്തിന് ഇരയാക്കിയാല്‍? ലെമൂറിയാക്കാര്‍ ഇങ്ങനെ ഭയന്നിരിക്കുമ്പോഴാവും ഒരു യുദ്ധവിമാനം ഇടയ്ക്കിടെ ലെമൂറിയായ്ക്കു മുകളിലൂടെ തീവര്‍ഷിച്ചു പറക്കുന്നത്.

നിരവധി ബോംബുകള്‍ കടലിലും കായലിലും വീണു പൊട്ടിത്തെറിച്ചു. മീന്‍പറ്റങ്ങള്‍ ചത്തു പൊങ്ങി.
ജര്‍മ്മനിയുടെ പോര്‍വിമാനങ്ങള്‍, അതല്ലെങ്കില്‍ ജപ്പാന്റെ പോര്‍വിമാനങ്ങള്‍ ഏതു രാത്രിയിലും ചീറിപ്പാഞ്ഞെത്താന്‍ സാധ്യതയുണ്ടെന്ന് ഏവരും മനസ്സിലാക്കിയിരുന്നു. ലെമൂറിയായില്‍ ബോംബു വീഴാമെന്നും ജനങ്ങള്‍ വിശ്വസിച്ചു.
ഇടയ്ക്കിടെ ബ്രിട്ടീഷ് സൈന്യവും തിരുവിതാംകൂര്‍ സൈന്യവും ലെമൂറിയായില്‍ മാര്‍ച്ചു ചെയ്തു. യുദ്ധാഭ്യാസ പ്രകടനങ്ങള്‍ നടത്തി.
കരിഞ്ഞ ശരീരങ്ങളും വള്ളങ്ങളുടെയും കപ്പലുകളുടെയും അവശിഷ്ടങ്ങളും തീരത്തടിഞ്ഞു. കടലിന് കരിമരുന്നിന്റെ ഗന്ധം. അതിന്റെ കൂടെ ചീഞ്ഞ മാംസത്തിന്റെ നാറ്റം. കടലിലും കടപ്പുറത്തും കഴുകന്മാര്‍ മാംസം കൊത്തിവലിച്ചു.

ലെമൂറിയായില്‍ മീനില്ല, അരിയില്ല, കപ്പയില്ല, എണ്ണയില്ല, കുടിവെള്ളം ലഭിക്കുന്ന കുളങ്ങളിലാണെങ്കില്‍ കരിമരുന്നിന്റെ രുചിയും.
ഒരു രാത്രി കടലൊഴുക്കു ശക്തമായി. ഒരു ബ്രിട്ടീഷ് കപ്പല്‍ നങ്കൂരമിട്ട് കിടക്കുകയായിരുന്നു. മെല്ലെ ഒഴുക്കില്‍ പെട്ട് ലെമൂറിയായിലെ പാറമുനമ്പില്‍ ഇടിച്ചു തകര്‍ന്നു. അത് അടിത്തട്ടിലേക്ക് മുങ്ങിപ്പോയി.
പാതിരാത്രിയില്‍ ലെമൂറിയായെ പൊതിഞ്ഞുനിന്ന നിലാവില്‍, ലെമൂറിയക്കാരെ കിടുക്കികൊണ്ട് ഒരു ജാപ്പനീസ് ബോംബര്‍ വിമാനം താഴ്ന്നു പറന്നു. വട്ടം ചുറ്റി കിഴക്കോട്ടു പറന്നു. പേടിച്ചു കുടില്‍ വിട്ടിറങ്ങിയ ലെമൂറിയാക്കാര്‍ ആദ്യമായിട്ടാണ് ഒരു വിമാനം അടുത്തു കാണുന്നത്.
ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്നു. ലെമൂറിയായില്‍ നിന്ന് നിരവധി പേര്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു.
അവര്‍ എന്നേയ്ക്കുമായി ലെമൂറിയ വിട്ടു.

ഏതോ രാജ്യത്ത് ഏതോ സ്ഥലത്ത് അഞ്ജാതരായി മരിച്ചു.
പാറമുനമ്പില്‍ ഇടിച്ചു തകര്‍ന്ന ബ്രിട്ടീഷ് പടക്കപ്പലിലെ നാവികര്‍ നീന്തിയെത്തിയത് ലെമൂറിയായില്‍ തന്നെയായിരുന്നു.
അവര്‍ക്ക് കൗതുകമായി.
തങ്ങളുടെ സാമ്രാജ്യത്തിനു കീഴിലുള്ള ഒരു വിരല്‍ ഭൂമി! നീലനിലാവില്‍ തിളങ്ങിനിന്ന ലെമൂറിയ കണ്ട് അവര്‍ ആര്‍ത്തുവിളിച്ചു.
”ജോര്‍ജ്ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയ്ക്ക്, ഇതാ ഒരു പറുദീസ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.”
”തെക്കന്‍ പറുദീസ!”
അവര്‍ വേണ്ടുവോളം ചാരായം കുടിച്ചു. മീന്‍ ചുട്ടുപ്പൊള്ളിച്ചത് ആര്‍ത്തിയോടെ വിഴുങ്ങി. സ്ത്രീകളെ അടുത്ത് വിളിച്ച് മാറിമാറി തലോടി. ഒരു തലോടലിനു പ്രതിഫലം ഒരു ചക്രം. ചുംബനത്തിനു അഞ്ചു ചക്രം! ഒരു രാത്രി കൂടെ ശയിക്കുന്നതിന് പത്തു ചക്രം!
ഏതാനും ആഴ്ചകള്‍ കൊണ്ട് ലാറി റോബര്‍ട്ട് എന്നൊരു നാവിക മേധാവി പാറമുമ്പില്‍ ഒരു വിളക്കുമാടം പണിതുയര്‍ത്തി.
ലെമൂറിയായിലെ ലൈറ്റ്ഹൗസ്!

ആകാശത്തേയ്ക്കു ഉയര്‍ന്നുനില്ക്കുന്ന കാലത്തിന്റെ മഹാസാക്ഷിയെ പോലൊരു സ്തംഭം. വെള്ളയും ചുവപ്പും നിറത്തില്‍.
വൈകുന്നേരങ്ങളില്‍ വിളക്കുമാടത്തിലെ മാന്റില്‍ പ്രകാശിച്ചു തുടങ്ങും. അതിനു പ്രത്യേകം പോലീസ് ഉദ്യോഗസ്ഥനുമുണ്ട്. ഏറ്റവും ഉയരത്തിലുള്ള മാന്റില്‍ ഒരു കണ്ണാടി കൂടിനുള്ളിലാണ്. കണ്ണാടി എന്നു പറഞ്ഞാല്‍ ഒരു തരം ലെന്‍സ്. പ്രകാശത്തെ പ്രതിഫലിപ്പിക്കുവാന്‍ ശേഷിയുള്ളത്. അതു കറങ്ങികൊണ്ടിരിക്കും.
മൂന്നുകിലോമീറ്റര്‍ വരെ അകലത്തില്‍ കടലില്‍ നിന്നു നോക്കിയാല്‍ ആ പ്രകാശദീപം ഒരു പൊട്ടു പോലെ കാണാനാവും. കപ്പലുകള്‍ക്കും മീന്‍പ്പിടുത്ത വള്ളങ്ങള്‍ക്കും ദിക്കറിയാന്‍ സഹായിക്കും.
ലൈറ്റ്ഹൗസിന് ഏറ്റവും മുകളില്‍ റോയല്‍ ബ്രിട്ടീഷ് പതാക.
അതിനു താഴെ തിരുവിതാംകൂറിന്റെ രാജപതാക.
ഉത്തരേന്ത്യയില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരം പടര്‍ന്നു പിടിക്കുന്ന കാലം.

ഒരു രാജ്യത്തിന്റെയും ഭാഗമല്ലാതിരുന്ന ഈ ചെറു ദ്വീപില്‍ ഒരു കാലത്ത് എല്ലാവരും മിത്രങ്ങളായിരുന്നു. ഒരു രാജ്യത്തോടും എതിര്‍പ്പില്ലാത്ത ദ്വീപുനിവാസികള്‍. പക്ഷെ എല്ലാവരും നോട്ടമിട്ട് കൈക്കലാക്കാന്‍ സ്വപ്‌നം കാണുന്ന തീരദേശം. ലൈറ്റ്ഹൗസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ദിവസം ലാറി റോബര്‍ട്ട് സായിപ്പ് ലൈറ്റ്ഹൗസിന്റെ തിരിതെളിച്ചു. ഏതോ ഔദ്യോഗിക രേഖയില്‍ ആ ദ്വീപിന് ഒരു പേരു നല്കി.
ലെമൂറിയ-2.
ചിത്രാ ജോസഫ് മൊബൈല്‍ റിക്കോര്‍ഡിങ്ങില്‍ നിന്ന് വിരലെടുത്തു.

(തുടരും)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments