ഇടവേളകളില്‍ പതിവു ഹോട്ടലില്‍ വല്ലപ്പോഴും വീണുകിട്ടുന്ന അപൂര്‍വ നിമിഷങ്ങളെ അയാള്‍ ഓര്‍മ്മയില്‍ താലോലിച്ചു. അന്നയാള്‍ക്ക് എത്രയും പെട്ടെന്ന് അവിടെയെത്തിച്ചേരണമെന്ന മോഹമുണ്ടായി.
പതിവുമുറിയില്‍ പരിചിതനായ വെയിറ്റര്‍ കാത്തുനിന്നു.
‘പതിവുപോലെ’ അയാളുടെ നിര്‍ദേശത്തില്‍ എല്ലാം അടങ്ങിയിരുനനു.
മദ്യവും സിഗരറ്റും വറുത്ത ഇറച്ചിയും അയാള്‍ക്കു പതിവുള്ളതാണ്. പിന്നെ, എല്ലാറ്റിനുമുപരിയായി, തളര്‍ന്ന നാഡികളെ ഉണര്‍ത്താന്‍ മിടുക്കുള്ള ഒരു പെണ്ണും.
മുറിയിലേക്കവള്‍ കടന്നുവന്നപ്പോള്‍ അയാള്‍ വെറുതെ നോക്കിയിരുന്നു. കൗതുകമോ വികാരതീവ്രതയോ ഒന്നും അയാള്‍ക്കു തോന്നിയില്ല. പതിവുചടങ്ങുകളുടെ ഭാഗം മാത്രമായിരുന്നു എല്ലാം.
എങ്കിലും ഹോട്ടല്‍ വിട്ട് മടങ്ങിപ്പോകുമ്പോഴൊക്കെ കഴിഞ്ഞ നിമിഷങ്ങള്‍ അയാളുടെ മനസ്സിനെ മഥിക്കുകയും വേട്ടയാടുകയും ആനന്ദിപ്പിക്കുകയും ലഹരിപിടിപ്പിക്കുകയും ചെയ്തുപോന്നു. അനുഭവിക്കുമ്പോള്‍ ഒരിക്കലും ഉള്‍ക്കൊള്ളാത്ത പലതും പിന്നീട് ഓര്‍മ്മിച്ച് അയവിറക്കുന്ന ഒരു പ്രത്യേക സ്വഭാവം അയാള്‍ക്കുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു നിശാസുന്ദരിയുടെ തലമുടിക്കെട്ടില്‍നിന്നടര്‍ത്തിയെടുത്ത കുറെ പനിനീര്‍പ്പൂക്കളുടെ ഇതളുകള്‍ അയാള്‍ ഇന്നും ഡയറിയില്‍ സൂക്ഷിക്കുന്നുണ്ട്. ആ ഇതളുകള്‍ കൈയിലെടുത്തുമ്മവയ്ക്കുമ്പോള്‍ അവളുടെ സാന്നിദ്ധ്യം അയാള്‍ക്ക് അനുഭവപ്പെടും.
മുറിയില്‍ വന്ന യുവതിയെ അയാള്‍ ശ്രദ്ധിച്ചു. അവളുടെ വസ്ത്രധാരണരീതിയിലും ശരീര പ്രകൃതിയും ആകര്‍ഷകമായിരുന്നു.
‘ഇവിടെ വന്നിരിക്കൂ’ അയാള്‍ അവളെ അരികിലേക്കു ക്ഷണിച്ചു. എന്നിട്ടയാള്‍ ആതിഥേയനായി. അയാള്‍ നല്‍കിയ മദ്യവും ഇറച്ചിയും അവള്‍ നിരസിച്ചില്ല. കൂസലില്ലാതെ അവള്‍ അയാളോടൊപ്പം ഭക്ഷണത്തില്‍ പങ്കുകൊണ്ടു.
മദ്യം അയാളുടെ തലയ്ക്ക് കൊണ്ടിരുന്നു. അത്തരം അവസരങ്ങളില്‍ അയാള്‍ ധാരാളം സംസാരിക്കുക പതിവാണ്.
കേള്‍ക്കാനാരെങ്കിലും വേണമെന്നു നിര്‍ബന്ധവുമുണ്ട്. മനസ്സില്‍ പൂട്ടിയിരിക്കുന്ന അവസാനത്തെ അറയും മദ്യം തുറക്കുമെന്ന് അയാള്‍ക്കറിയാം. തുറക്കട്ടെ. നാളെ ഒരുപക്ഷേ താന്‍ ജീവിച്ചിരുന്നില്ലെന്നു വരാം. അതുകൊണ്ട് പറയാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സത്യസന്ധമായി പറയണം. പറയാതിരിക്കുന്നത് ആത്മവഞ്ചനയാണ്. കൃത്യവിലോപമാണ്. ചഞ്ചലമായ മനസ്സില്‍നിന്ന് കുഴഞ്ഞ നാവിലൂടെ പുറത്തുവരുന്ന ആശയങ്ങള്‍ വികലവും അസ്പഷ്ടവുമായിരിക്കാം. എങ്കിലും നിര്‍വ്യാജമായ ആത്മാവിഷ്‌കരണമെന്ന നിലയില്‍ അവയ്ക്ക് അവയുടേതായ മൂല്യമില്ലേ?
അയാള്‍ അവളോട് ഏറെ നേരം വര്‍ത്തമാനം പറഞ്ഞു. പതിവുപോലെ, ഒരു ഘട്ടത്തില്‍, യുവതിയുടെ യാഥാര്‍ത്ഥ്യത്തിലുള്ള പേരും നാടും തിരക്കി.
‘അപ്പോള്‍ സരോജിനി നിനക്കാരാണ്?’ അയാള്‍ ജിജ്ഞാസയോടെ ചോദിച്ചു.
‘അത് എന്റെ അമ്മയാണ്.’
ആ മറുപടി കേട്ടപ്പോഴുണ്ടായ നടുക്കത്തില്‍നിന്നും മോചനം കിട്ടാന്‍ അയാള്‍ക്കു സമയം കുറെ വേണ്ടിവന്നു.
സ്‌കൂളില്‍ സരോജിനി അയാളുടെ സഹപാഠി ആയിരുന്നൂ. അവളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് കുടുംബഭാരം അവളില്‍ വന്നെത്തുകയും അങ്ങനെ അവള്‍ പഠിത്തം നിര്‍ത്തുകയും ചെയ്തതായി കേട്ടിട്ടുണ്ട്.
സ്‌നേഹിക്കാന്‍ മാത്രമറിഞ്ഞിരുന്ന സരോജിനിയെ അവളുടെ ബുദ്ധിമുട്ടില്‍ സഹായിക്കാനോ ആശ്വാസവാക്കുകള്‍ പറയാന്‍പോലുമോ തനിക്കൊരിക്കലും കഴിഞ്ഞിട്ടില്ലല്ലോ എന്നയാള്‍ ദുഃഖിച്ചു. ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഓര്‍മമകളില്‍ സരോജനിയുടെ ശക്തമായ സാന്നിദ്ധ്യം ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ.
‘അമ്മയുടെ വിശേഷണങ്ങള്‍ ഒന്നും പറഞ്ഞില്ല.’ അയാള്‍ക്ക് സരോജനിയെക്കുറിച്ച് എല്ലാം അറിയണമായിരുന്നു.
‘അമ്മ കഴിഞ്ഞവര്‍ഷം മരിച്ചുപോയി. ഞങ്ങളെ വളര്‍ത്തി വലുതാക്കിയപ്പോഴേക്കും അമ്മ നിത്യരോഗിയായിക്കഴിഞ്ഞിരുന്നു. അച്ഛന്‍ നേരത്തേ മരിച്ചു.’
‘എന്നിട്ട്?’ അയാള്‍ ഉത്ക്കണ്ഠാകുലനായി.
‘മൂത്തതു ഞാനാണല്ലോ. കുടുംബഭാരം എന്റെ തലയിലായി. നാട്ടില്‍ പുതുതായി പണിയുന്ന കെട്ടിടങ്ങള്‍ക്ക് ഇഷ്ടികയും വെട്ടുകല്ലും ചുമന്നു കഷ്ടപ്പെട്ടു. ഒടുവില്‍ ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍ കാസിംകുട്ടിമുതലാളിയാണ് എന്നെ അവിടെനിന്നു രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ വീട്ടിലേക്കു മുടങ്ങാതെ പണമയയ്ക്കും.’
അവള്‍ തന്റെ പുതിയ തൊഴിലിനെക്കുറിച്ച് അഭിമാനിക്കുകയാണോ? അയാള്‍ അത്ഭുതപ്പെട്ടു.
‘ഇങ്ങനെ ജീവിക്കാന്‍ നിനക്കിഷ്ടമാണോ?’ വളച്ചുകെട്ടാതെ അയാള്‍ ചോദിച്ചു.
‘മറ്റൊന്നും എനിക്കറിഞ്ഞൂടാ സാര്‍. എനിക്കാരുമില്ല.’ കൂടുതല്‍ എന്തു പറയണമെന്നറിയാതെ അവള്‍ കുഴങ്ങുന്നതുപോലെ തോന്നി.
‘നമുക്ക് എന്റെ പാര്‍പ്പിടത്തിലേക്കു പോകാം. ‘
പതിവിനു വിപരീതമായി അയാള്‍ നിര്‍ദ്ദേശിച്ചു.
അയാളുടെ സ്വരം ദൃഢവും ഉച്ചാരണം സ്ഫുടവുമായിരുന്നു.