ചാത്തന്നൂര്‍: നിയമസഭാ തിരഞ്ഞെടുപ്പു ദിവസം ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കുണ്ടറയില്‍ കാര്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സിനിമാ, സീരിയല്‍ നടി പ്രിയങ്കയെ ചാത്തന്നൂര്‍ അസി. കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പില്‍ ഷിജു വര്‍ഗീസ് പ്രതിനിധീകരിച്ചിരുന്ന ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അരൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ഷിജു വര്‍ഗീസും പ്രിയങ്കയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.
ലെ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രിയങ്ക മൊഴിനല്‍കിയതായി ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ദീന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും എന്ന നിലയില്‍ ഷിജു വര്‍ഗീസുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടുതവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്.
എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ എതിവര്‍ശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാള്‍ നന്ദകുമാറാണ് സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചത്. പ്രവര്‍ത്തനത്തിനുള്ള ഫണ്ട് പാര്‍ട്ടി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അരൂരിലെ സ്ഥാനാര്‍ത്ഥിയായത്. ഇതിനായി പ്രിയങ്കയുടെ മാനേജരും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയകുമാറിന്റെ അങ്കൗണ്ടിലേക്ക് നന്ദകുമാര്‍ ഒന്നര ലക്ഷം രൂപയും നല്‍കി. എന്നാല്‍ നാല് ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക പലവിധത്തില്‍ കടം വാങ്ങിയതാണെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായ ഷിജു വര്‍ഗീസ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയ്‌ക്കെതിരെ ജനവികാരം തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് ദിവസം കാര്‍ കത്തിക്കല്‍ നാടകം സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അരൂരിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നതായും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനെ കുറിച്ചുപോലും ആലോചിച്ചിരുന്നതായും പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ചെലവിനായി പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുമെന്ന് പറഞ്ഞിരുന്ന തുക ലഭിച്ചില്ല.
ഷിജു വര്‍ഗീസിന്റെ കാറിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായും പിന്നീട് അദ്ദേഹം തന്നെയാണ് പ്രതിയെന്നും അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഷിജു വര്‍ഗീസിന്റെ ബിസിനസ് താത്പര്യങ്ങളോ കുടുംബകാര്യങ്ങളോ അറിയില്ല. പാര്‍ട്ടിയിലേക്കുക്ഷണിച്ചതും സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ദ്ദേശിച്ചതും നന്ദകുമാറാണ്. താമസിക്കുന്ന ഫ്‌ലാറ്റിന് മുന്നിലെ ക്ഷേത്രത്തില്‍വച്ചുള്ള പരിചയമാണ് നന്ദകുമാറുമായിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു.