യാതനകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും ആകസ്മികമായി ട്രാക്കിലേക്ക് എത്തിയവയ്ക്തിയാണ് മില്‍ഖ സിങ്. അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യന്‍ സ്വര്‍ണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകണമെന്ന് മില്‍ഖ സിങ് തന്റെ 91-ാം വയസിലും ആഗ്രഹിച്ചു എന്നുള്ളതാണ് സത്യം.
1960ലെ റോം ഒളിമ്പിക്‌സില്‍ തലനാരിഴക്ക് തനിക്ക് നഷ്ടമായ സുവര്‍ണ നേട്ടം ഇന്ത്യ തിരിച്ച് പിടിക്കുന്നത് നേരില്‍ കാണണമെന്നായിരുന്നു ട്രാക്കിലെ പറക്കും സിങ്ങിന്റെ ആഗ്രഹം. ജീവിതത്തിന്റെ ട്രാക്കില്‍ നിന്നും മില്‍ഖ യാത്ര പറയുമ്പോഴും ആ സ്വപ്‌നം നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല.
ആ സ്വപ്‌നങ്ങളോളം വലുതാണ് മില്‍ഖ സിങ്ങിന്റെ ജീവിതവും. പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്നും ട്രാക്കിലെ കുതിപ്പുകളിലൂടെ മില്‍ഖ രാജ്യത്തിനായി സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കി. മില്‍ഖ എന്ന വാക്കിന്റെ അര്‍ഥം രാജാവ്, ചക്രവര്‍ത്തി എന്നൊക്കെയാണ്. യാതനകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും ആകസ്മികമായി ട്രാക്കിന്റെ വഴിയിലേക്ക് എത്തിയ മില്‍ഖ അവിടെ രാജാവായി. തലമുറകള്‍ക്ക് വഴികാട്ടിയായി, പ്രതീക്ഷയായി മാറി.
പട്ടാള ക്യാമ്പില്‍ ഒരു ഗ്ലാസ് പാലിന് വേണ്ടി ഓടിത്തുടങ്ങിയ മില്‍ഖയിലെ സ്പ്രിന്ററെ ആര്‍മി ക്യാമ്പിലെ ഹവില്‍ദാര്‍ ഗുര്‍ദേവ് സിങ്ങാണ് കണ്ടെത്തിയത്. പിന്നാലെ പരശീലനങ്ങള്‍ക്ക് ഒടുവില്‍ 1956 ഒളിമ്പിക്‌സില്‍ 200, 400 മീറ്റര്‍ വിഭാഗങ്ങളില്‍ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. അന്ന് നേരിട്ട തോല്‍വികളാണ് പിന്നീടുള്ള വിജയങ്ങള്‍ക്ക് തന്നെ പ്രാപ്തനാക്കിയതെന്ന് മില്‍ഖ തന്നെ കരുതുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1958ലെ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണവുമായി മില്‍ഖ തിരിച്ചെത്തി. 200 മീറ്ററില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖാലിഖിനെ പരാജയപ്പെടുത്തിയാണ് മില്‍ഖയുടെ സുവര്‍ണ നേട്ടം. ടോക്കിയോ ഏഷ്യന്‍ ഗെയിംസിലെ വിജയത്തിന് പിന്നാലെ മില്‍ഖയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിര്‍ദേശപ്രകാരം മില്‍ഖ പാകിസ്ഥാനിലെത്തി.
അന്ന് പാകിസ്ഥാന്റെ മണ്ണില്‍ വെച്ച് അബ്ദുല്‍ ഖാലിഖിനെ പരാജയപ്പെടുത്തിയ മില്‍ഖയെ പ്രസിഡന്റ് അയൂബ് ഖാന്‍ പറക്കും സിങ്ങെന്ന് വിശേഷിപ്പിച്ചു. ഈ വിശേഷണം പിന്നീട് ലോകം ഏറ്റെടുത്തു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്ക് വേണ്ടി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ഏക അത്‌ലറ്റാണ് മില്‍ഖ സിങ്.
1958ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ മില്‍ഖ സ്വര്‍ണം കൊയ്തു. 58ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200, 400 മീറ്ററുകളിലാണ് മില്‍ഖയുടെ നേട്ടമെങ്കില്‍ 62ല്‍ അത് 400 മീറ്ററിലും 4 X 400 മീറ്റര്‍ റിലേയിലുമായിരുന്നു. വര്‍ഷങ്ങളുടെ പരിശീലനവും ആത്മവിശ്വാസവും ഉള്ളില്‍ നിറച്ചാണ് മില്‍ഖ സിങ് ഒളിമ്പിക്‌സിനായി 1960ല്‍ റോമിലെത്തിയത്. അന്ന് 400 മീറ്ററില്‍ ഫൈനല്‍ റൗണ്ട് ഓടാന്‍ മില്‍ഖ ട്രാക്കിലെത്തി.
മത്സരം പകുതിയായപ്പോള്‍ തിരിഞ്ഞുനോക്കിയത് തിരിച്ചടിയായി. എതിരാളികള്‍ എത്രത്തോളം പിന്നിലാണെന്നറിയാന്‍ ഒന്നു തിരിഞ്ഞു നോക്കി. ആ നിമിഷാര്‍ധത്തില്‍ രണ്ടുപേര്‍ മുന്നില്‍ കയറി. പിന്നാലെ മില്‍ഖ ഉള്‍പ്പെടെ രണ്ട് പേര്‍ ചേര്‍ന്ന് മൂന്നാം സ്ഥാനത്തിനായി മത്സരിച്ചു. ഫോട്ടോ ഫിനിഷില്‍ സെക്കന്റിന്റെ പത്തില്‍ ഒരു അംശത്തിന് മില്‍ഖക്ക് മെഡല്‍ നഷ്ടമായി.
നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജീവിതത്തിലെ വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് മില്‍ഖ തന്നെ റോമിലെ പരാജയത്തെ വിശേഷിപ്പിച്ചത്. തനിക്ക് ശേഷം ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നത് കാണാന്‍ മില്‍ഖ കാത്തിരുന്നെങ്കിലും ആ സ്വപ്‌നം യാഥാര്‍ഥ്യമാവാതെയാണ് അദ്ദേഹം കണ്ണടച്ചത്.
ഏറെ വൈകി മില്‍ഖ സിങ്ങിനെ രാജ്യം അര്‍ജുന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പുരസ്‌കാരം നിരസിച്ചു. 1958ല്‍ തന്നെ പത്മശ്രീ ലഭിച്ചതിന് ശേഷം ലഭിച്ച അര്‍ജുന മില്‍ഖ നിരസിച്ചു. ഇത്തരം പുരസ്‌കാരങ്ങള്‍ ചെറുപ്പക്കാര്‍ക്ക് കൊടുക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം അന്ന് സ്വീകരിച്ചത്.
തനിക്ക് ലഭിച്ച മെഡലുകള്‍ മുഴവന്‍ രാജ്യത്തിന് സംഭാവന ചെയ്തും അദ്ദേഹം മാതൃകയായി. നിലവില്‍ പാട്യാലയിലെ സ്‌പോര്‍ട്‌സ് മ്യൂസിയത്തിലാണ് മെഡലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മുസാഫര്‍ഗഢിലാണ് മില്‍ഖ സിങ്ങിന്റെ ജനനം. ജീവിതത്തിലും മരണത്തിലും ഒരുമിച്ചാണ് നിര്‍മല്‍ കൗര്‍, മില്‍ഖാ സിങ് ദമ്പതികള്‍. നിര്‍മല്‍ ഈ ലോകത്ത് നിന്നും യാത്രയായി അഞ്ചാം ദിവസമാണ് മില്‍ഖയുടെയും മരണം.
കൊവിഡിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം. കായിക രംഗത്ത് നിന്ന് തന്നെയാണ് മില്‍ഖ തന്റെ ജീവത പങ്കാളിയെ കണ്ടെത്തിയത്. ദേശീയ വോളിബോള്‍ താരമായ നിര്‍മലയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.