ആലപ്പുഴ: മതിയായ യോഗ്യത ഇല്ലാതെ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന്‍ ഇലക്ഷനില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക ഒളിവില്‍. രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
നോര്‍ത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എന്‍റോള്‍മെന്‍റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ആള്‍മാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നെന്ന സംശയത്തെത്തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നേരത്തെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ നമ്പറില്‍ ഇങ്ങനെ ഒരു പേരുകാരി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. പരീക്ഷ പാസാകാത്ത വക്കീലിനെ ബാര്‍ അസോസിയേഷന്‍ പുറത്താക്കിയിട്ടുണ്ട്.
തിരുവനന്തപുരം ലോ കോളജില്‍ ആയിരുന്നു ആദ്യം പഠിച്ചതെന്നാണ് അറിയുന്നത് പരീക്ഷ പാസായില്ല. അറിയാവുന്നവര്‍ തിരക്കിയപ്പോള്‍ ബംഗളൂരുവില്‍നിന്നു പാസായി എന്നാണ് ധരിപ്പിച്ചിരുന്നതെന്നും പറയുന്നു. കൂടെ പഠിച്ചവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരം നിരവധി കമ്മീഷനുകളായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു. ചില കേസുകളില്‍ ജാമ്യവും എടുത്തു നല്‍കിയിട്ടുണ്ടത്രേ. നിലവിലെ സാഹചര്യത്തില്‍ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കോടതിയെ അടക്കം കബളിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം വിവാദായതോടെ വ്യാജ വക്കീല്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെവരെ സഹപ്രവര്‍ത്തകയായി കോടതിയിലുണ്ടായിരുന്ന അഭിഭാഷക വ്യാജഅഭിഭാഷകയാണെന്ന വാര്‍ത്ത കേട്ടു ഞെട്ടിയിരിക്കുകയാണ് ആലപ്പുഴയിലെ അഭിഭാഷകരും കോടതി ജീവനക്കാരും അടക്കമുള്ളവര്‍.