ന്യൂയോര്‍ക്ക്: സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിര്‍ബന്ധമല്ലാതാക്കി കോവിഡിനെതിരെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടനിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അതിവേഗം കോവിഡ് കേസുകള്‍ കുതിച്ചു കയറുന്ന ബ്രിട്ടനില്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഏറ്റവും അടുത്ത സുഹൃത് രാഷ്ട്രമായ അമേരിക്ക തന്നെ ബ്രിട്ടനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഉപദേശിക്കുന്നത്.
ഒഴിവാക്കാനാകാത്ത യാത്രയാണെങ്കില്‍ അതിനു മുമ്പ് രണ്ടുഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പുണ്ട്. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയര്‍ന്ന ലെവല്‍ – ഫോര്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ് അമേരിക്കയുടെ കരുതല്‍ നടപടി.
ഡേറ്റാ കണക്കിലെടുക്കാതെ മുന്‍പ് പ്രഖ്യാപിച്ച ഡേറ്റില്‍ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സര്‍ക്കാര്‍ പ്രതിപക്ഷത്തുനിന്നും ഉള്‍പ്പെടെ കനത്ത വിമര്‍ശനമാണ് നേരിടുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തുടങ്ങിയ ഫെഡറല്‍ ഭരണകൂടങ്ങളും ലണ്ടന്‍ നഗരത്തിലേത് ഉള്‍പ്പെടെയുള്ള മേയര്‍മാരും വ്യത്യസ്ത ഗൈഡ് ലൈനുകള്‍ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വന്തമായ കരുതല്‍ നടപടികളുമായി രംഗത്തുണ്ട്.
ഇതിനിടെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. “ഇപ്പോള്‍ ഇത് ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍’? എന്ന ചോദ്യമാണ് വിമര്‍ശനങ്ങളെ നേരിടാന്‍ അദ്ദേഹം ഉയര്‍ത്തുന്നത്. ഐസൊലേഷന്‍ ഊര്‍ജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകള്‍ കൂടുമ്പോള്‍ അനുവര്‍ത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആളുകള്‍ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റര്‍ സാമൂഹിക അകലം എന്ന നിയമം ഇനിമുതല്‍ ബ്രിട്ടനിലില്ല. ഫെയ്‌സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാല്‍ കൂടുതല്‍പേര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാര്‍ഗങ്ങളിലും ഇന്‍ഡോര്‍ സ്‌പേസിലും സര്‍ക്കാര്‍ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂര്‍ണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്‌സീനെടുത്തവര്‍ക്കു മാത്രമാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക.
39,950 പുതിയ കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. മരണം പത്തൊമ്പതും.