Monday, May 27, 2024

HomeMain Storyഓണാഘോഷങ്ങള്‍ ഇനി അളവറ്റതായി മാറും

ഓണാഘോഷങ്ങള്‍ ഇനി അളവറ്റതായി മാറും

spot_img
spot_img

ഭഗവത്സന്നിധിയിലെ ആറന്മുള ഉത്രിട്ടാതി വള്ളംകളിയോടെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചിരിക്കുന്നു. പമ്പാനദിയുടെ നെട്ടായത്തില്‍ ആചാരപരമായി പള്ളിയോടങ്ങള്‍ തുഴഞ്ഞ് പോയപ്പോള്‍ ഓണത്തിന്റെ ബാക്കിപത്രം എന്താണെന്ന് ഏവരും സ്വയം വിചിന്തനം ചെയ്യേണ്ടതുണ്ട്.

ജാതി മത വര്‍ണ വര്‍ഗ ഭേദമെന്യെ മലയാളികള്‍ ഒരുമിച്ച് ഇക്കൊല്ലം ഓണം ആഘോഷിച്ചപ്പോള്‍ കൂട്ടിന് ഭീഷണിയായി കണ്ണില്‍ കാണാത്ത ഒരതിഥി ഉണ്ടായിരുന്നു…കോവിഡ് നമ്പര്‍ 19. എങ്കിലും ആ അദൃശ്യ സൂക്ഷ്മാണുവിന്റെ സാന്നിധ്യത്തെ ചെറുക്കുവാനുള്ള എല്ലാ മുന്‍കരുതലോടും കൂടിയാണ് ലോകമലയാളികള്‍ മഹാബലിയെ വരവേറ്റ് ഓണം ആഘോഷിച്ചത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ ഓണത്തിന്റെ ക്ലൈമാക്‌സ് എന്താണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ മുഖത്ത് മാസ്‌ക് ഒന്ന് മാറ്റി വയ്ക്കണമായിരുന്നു. അതേസമയം കൃത്യമായ ശാരീരിക അകലവും പാലിക്കണമായിരുന്നു. അങ്ങനെ വൈറസിനെ അകറ്റി നിര്‍ത്താന്‍ സാമൂഹികവും ശാരീരികവുമായ അകലം പാലിച്ചപ്പോള്‍ മനസ്സിന്റെ അടുപ്പം നമ്മുടെയെല്ലാം പൂമുഖത്തെ പൂക്കളങ്ങളില്‍ വര്‍ണ്ണാഭമായി നിഴലിച്ചു.

ഒരു അദൃശ്യ ശത്രുവിനെ നേരിടാന്‍ ലോകം ഒറ്റക്കെട്ടായി വാക്‌സിനേഷന്റെ പിന്‍ബലത്തില്‍ ശാരീരിക അകലത്തിന്റെയും ശുചിത്വത്തിന്റെയും നിറവില്‍ ആണ് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് നമ്മള്‍ വിളക്ക് തെളിയിച്ചത്. പ്രതീക്ഷയുടെ ദീപം മനസ്സില്‍ അണയാതെ കത്തിക്കൊണ്ടിരിക്കുമ്പോള്‍, നടുമുറ്റത്തെ പൂക്കളം എന്നും വാടാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആ മോഹങ്ങള്‍ക്ക് ജൈവ ഔഷധം പകര്‍ന്നുകൊണ്ട് ചിത്രശലഭങ്ങള്‍ പാറിപ്പറന്നെത്തും.

മലയാളി ഭൂഗോളത്തിന്റെ ഏത് ഭാഗത്തായിരുന്നാലും പൂക്കളവും തൂശനിലയിലെ വിഭവങ്ങളും പായസവും പിന്നെ കളിയും ചിരിയും സ്‌നേഹവും അവരവരുടെ പരിസരങ്ങളില്‍ വിതറിയിരിക്കും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ ആകാശയാത്ര തടസ്സമായി വന്ന നേരങ്ങളില്‍ നമ്മുടെ മനസ്സ് നാട്ടിലായിരുന്നു.

നാട്ടിലുള്ളവര്‍ക്ക് അകലെയുള്ള പ്രിയപ്പെട്ടവരുടെ ഓണദിനങ്ങളില്‍ ഹൃദയം കൊണ്ട് ആശംസകള്‍ നേരുക മാത്രമേ തരമുണ്ടായിരുന്നുളളു. ഒന്നു നേരില്‍ കാണുവാനുള്ള ആ അസുലഭ അവസരം പോലും കൊറോണ നഷ്ടപ്പെടുത്തി.

ഇവിടെ അമേരിക്കന്‍ മണ്ണില്‍ നമ്മളേവരും ഏകോദര സഹോദരങ്ങളെ പോലെ പ്രത്യാശാ നിര്‍ഭരമായി മഹാബലിയെ തിരുമുല്‍ക്കാഴ്ചയുമായി വരവേറ്റു. മഹാബലി സമത്വത്തിന്റെയും സമഭാവനയുടെയും പ്രതീകമായ ചക്രവര്‍ത്തിയാണ്. അദ്ദേഹം ഒരു ബലിയുടെ പ്രതീകമാണ്. ഭൂമിയെ രക്ഷിക്കാന്‍ മറ്റ് ശക്തികളോട് സംവദിച്ച് തലതാഴ്ത്തി വാമനന്റെ പാദത്തില്‍ പാതാളത്തിലേക്ക് പോയ ഒരു ചക്രവര്‍ത്തിയുടെ ‘മഹാബലി’ തന്നെയാണ് ഓണത്തിന്റെ മഹത്തായ സന്ദേശം.

ഓണക്കോടികളുടെ പുതുവേഷങ്ങളുമായി ഈ നല്ല പൂക്കാലം ഇനിയും ആഘോഷിക്കപ്പെടും. മലയാളികള്‍ ഉള്ളിടത്തോളം കാലം ഓണത്തിന്റെ സദ്യവട്ടങ്ങളുടെ മണവും ഓണത്തുമ്പിയുടെ പാറിപ്പറക്കലിന്റെ ഈണവും മൂളക്കവും നമ്മുടെ ശ്വാസനിശ്വാസങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജ്ജമാകും.

ആ ഓര്‍മ്മക്കരുത്തിന്റെ, പൈതൃക സമ്പത്തിന്റെ, ആഘോഷപ്പെരുമയുടെ കേളികൊട്ടായി വര്‍ഷത്തിലൊരിക്കലെങ്കിലും മാവേലിത്തമ്പുരാന്റെ പാത സ്പര്‍ശത്താല്‍ വരുംകാല ആഘോഷങ്ങള്‍ അളവറ്റതായി മാറും.

സ്‌നേഹാശംസകളോടെ

നേര്‍ക്കാഴ്ച മാനേജ്‌മെന്റ് ടീം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments