Friday, April 26, 2024

HomeMain Storyകേരളത്തില്‍ താമര വിരിയാത്തതിന്റെ കാരണം ബി.ജെ.പി കണ്ടെത്തി

കേരളത്തില്‍ താമര വിരിയാത്തതിന്റെ കാരണം ബി.ജെ.പി കണ്ടെത്തി

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദര്‍ശിച്ച അമിത് ഷാ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ പ്രസംഗിച്ചത്. കമ്മ്യൂണിസവും കോണ്‍ഗ്രസും അപ്രത്യക്ഷമാകുകയാണെന്നും ബി.ജെ.പി കേരളത്തില്‍ അധികാരത്തിലേറുന്ന ദിവസം വരുമെന്നും ഷാ പറഞ്ഞു.

എന്നാല്‍ അമിത് ഷായുടെ വാക്കുകള്‍ എളുപ്പം നടക്കാന്‍ സാധ്യതയില്ലെന്നാണ് ബി.ജെ.പിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പാര്‍ട്ടിക്ക് എന്തുകൊണ്ട് കേരളം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും കേരളം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടും ബി.ജെ.പിക്ക് പിടിക്കാന്‍ കഴിയാതിരുന്ന 144 മണ്ഡലങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി ഉന്നത തലയോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എ പ്ലസ് മണ്ഡലങ്ങള്‍ എന്ന പട്ടികയില്‍ പെടുത്തിയ തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നിവയാണ് ഈ മണ്ഡലങ്ങള്‍.

തൃശ്ശൂരില്‍ അന്നത്തെ രാജ്യസഭ എം.പി കൂടിയായ സുരേഷ് ഗോപി ഇറങ്ങിയിട്ടും പാര്‍ട്ടിക്ക് രക്ഷയുണ്ടായില്ല. ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ചയായ പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കനത്ത പരാജയം രുചിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് നേരിയ ആശ്വാസമായത് തിരുവനന്തപുരത്ത് മാത്രമായിരുന്നു. ഇവിടെ 31 ശതമാനം വോട്ട് നേടി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നു.

കിണഞ്ഞ് പരിശ്രമിച്ചിട്ടും മണ്ഡലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരുന്നതിന് നിരവധി കാരണങ്ങള്‍ മന്ത്രിമാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ പ്രധാനം കേരളത്തില്‍ ക്രൈസ്തവ വോട്ടുകശെ സ്വാധീനിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്നതാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ട്. അത് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വം നടത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും പാര്‍ട്ടി നേതൃത്വം സമ്പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ക്ക് ബി.ജെ.പിയിലേക്ക് വരാന്‍ പല നേതാക്കള്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ അതിന് അനൂകൂലമായൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നുവെന്നാണ് മറ്റൊരു വിമര്‍ശനം.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തിലെ സമാനമായ സാഹചര്യമാണ് തെലങ്കാനയിലും കേരളത്തിലുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നിട്ടും ഇവിടെ മുന്നേറാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് തകര്‍ന്ന തെലങ്കാനയില്‍ വരുന്ന തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാന്‍ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ട്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം കെയിലെ അധികാര ഭിന്നതകള്‍ മുതലെടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.

സമാന മാതൃകകള്‍ കേരളത്തിലെ നേതൃത്വവും പരീക്ഷിക്കണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്തായാലും കേരളത്തിലേത് അടക്കമുള്ള 144 മണ്ഡലങ്ങളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ജനവരി വരെ ഈ ലോക്‌സഭ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ വീണ്ടും സന്ദര്‍ശനം നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments