ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യു.എ.ഇ ജൂലൈ ആറ് വരെ തുടരുമെന്ന് യു.എ.ഇ സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാലയളവില്‍ ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ വിമാന സര്‍വീസ് ഉണ്ടാകില്ല.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയതവര്‍ മറ്റൊരു തിയ്യതിയിലേക്ക് യാത്ര മാറ്റണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, നയതന്ത്ര, ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തടസമുണ്ടാകില്ല.
നേരത്തെ ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് തുരുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിരുന്നു. എന്നാല്‍ തിയ്യതി നീട്ടിയ കാര്യം എമിറേറ്റ്‌സ് ഇന്ന് ഉച്ച വരെ പറഞ്ഞിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിവരം പുറത്തുവിട്ട സാഹചര്യത്തില്‍ പ്രത്യേകം അറിയിപ്പിന്റെ ആവശ്യമില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് യുഎഇ നിലപാട് കടുപ്പിച്ചതും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും.
ആദ്യ വിലക്ക് ഏപ്രില്‍ 24 വരെയായിരുന്നു. മെയ് നാല് വരെ വീണ്ടും നീട്ടി. പിന്നീട് ഘട്ടങ്ങളായി വിലക്ക് നീട്ടുകയാണ് ചെയ്യുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കായി നാട്ടിലേക്ക് വന്ന പ്രവാസികള്‍ തിരിച്ചുപോകാന്‍ സാധിക്കാത്ത കുടുങ്ങിയ അവസ്ഥയിലാണ്. നേപ്പാള്‍ വഴിയുള്ള യാത്രയും പ്രതിസന്ധിയിലായിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ കൊറോണ രോഗം വളരെ കുറഞ്ഞിരിക്കുകയാണ്. രണ്ടര ലക്ഷം വരെ പ്രതിദിന രോഗികള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയാണ് രോഗം. കേരളത്തിലും രോഗികള്‍ കുറഞ്ഞുവരികയാണ്. അതേസമയം, വിലക്ക് നീക്കുന്നതില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ട എന്നാണ് യു.എ.ഇ അധികൃതരുടെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.