ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവത്തില്‍ ദേവാലയം പുനഃസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉറപ്പുനല്‍കി.
ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്ന് രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 16 വെള്ളിയാഴ്ച, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറല്‍ മോണ്‍. ജോസഫ് ഓടനാട്ട്, പള്ളി വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എ.സി. വില്‍സണ്‍, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിഷയം ഉന്നയിക്കുകയായിരിന്നു.
ഇക്കാര്യത്തില്‍ ഉടനടി ഇടപെടണമെന്നും പള്ളി പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപെട്ടു. രൂപത ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനോ വര്‍ഗീയവല്‍ക്കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നീതി ആവശ്യമാണെന്നും ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്താവിച്ചു. പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
പള്ളി പുനസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താന്‍ പരമാവധി ശ്രമിക്കുമെന്നുമായിരിന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതിനിടെ പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതര്‍ ആണെന്നു കേജരിവാള്‍ സമ്മതിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസീ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേജരിവാള്‍, സംഭവത്തിന്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.