തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് പൂരാവേശത്തില്‍ ലയിച്ച് പതിനായിരങ്ങള്‍. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി.
മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളം അരങ്ങേറി. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തില്‍വരവ്. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം നടന്നു.

പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് ഏവരും കാത്തിരിക്കുന്ന വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും എഴുന്നള്ളും. പിന്നെ ആനപ്പുറത്ത് കുടകള്‍ മാറിമാറി നിവരും. ആര്‍പ്പൂ വിളികള്‍ക്ക് നടുവില്‍ ആനക്കൊമ്പന്മാര്‍ തല ഉയര്‍ത്തിയങ്ങനെ നില്‍ക്കും.
രാത്രി 10.30-ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഏറെ വൈകാതെ തന്നെ, തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടെ ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.