തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. മുന്‍ നിശ്ചയ പ്രകാരം ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് ഡോ. എന്‍. ജയരാജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
നിയമസഭയില്‍ നാലാം വട്ടവും വിജയിച്ച് നിയമസഭയിലെത്തിയ വ്യക്തിയാണ് ജയരാജ്. കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ ചമ്പക്കരയിലാണ് ജനനം. മുന്‍മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രൊഫ. കെ നാരായണകുറുപ്പാണ് പിതാവ്. മാതാവ് കെ ലീലാദേവി.
ഗവ. എല്‍.പി.എസ് ചമ്പക്കര, സെന്റ് തോമസ് എച്ച്.എസ് കീഴില്ലം, ബി.എച്ച്.എസ് കാലടി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീഡിഗ്രി പഠനം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
കേരളത്തിന്റെ പൊതുവരവും ചെലവും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പബ്ലിക് ഫിനാന്‍സില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 25 വര്‍ഷം കേരള, കോഴിക്കോട്, എം.ജി സര്‍വകലാശാലകളിലെ വിവിധ എന്‍.എസ്.എസ് കോളേജുകളില്‍ ഇക്കണോമിക്‌സ് അധ്യാപകനായി പ്രവര്‍ത്തിച്ചു.
തുടര്‍ച്ചയായി രണ്ടുതവണ കോട്ടയം ജില്ലാപഞ്ചായത്ത് അംഗമായി. 2006ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭാ സാമാജികനായത്. 2011ലും 2016ലും 2021ലും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
കവി, ലേഖകന്‍, കോളമിസ്റ്റ് എന്നീ നിലകളിലും ജയരാജ് ശ്രദ്ധേയനാണ്. സംസ്‌കൃതി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ രൂപീകരണത്തില്‍ മുന്‍കൈയെടുത്തു. എന്റെ മണിമലയാര്‍ എന്ന നദി സംരക്ഷണ മുന്നേറ്റത്തിന് പ്രാരംഭം നല്കി സജീവസാന്നിധ്യമായി നില്‍ക്കുന്നു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപം കൊടുത്ത പുറപ്പാട് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകനുമാണ്. ഭാര്യ ഗീത, മകള്‍ പാര്‍വതി.