Friday, September 13, 2024

HomeNewsKeralaസുരേന്ദ്രന് കുരുക്ക് മുറുകുന്നു; ഹെലികോപ്റ്ററില്‍ കുഴല്‍പണം കടത്തിയെന്ന്‌

സുരേന്ദ്രന് കുരുക്ക് മുറുകുന്നു; ഹെലികോപ്റ്ററില്‍ കുഴല്‍പണം കടത്തിയെന്ന്‌

spot_img
spot_img

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി നേതൃത്വം കെ സുരേന്ദ്രന് നല്‍കിയ ഹെലികോപ്റ്ററില്‍ കള്ളപ്പണം കടത്തി എന്ന് ആരോപണം. ആരോപണം പോലീസ് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരിക്കുകയാണ്. കോന്നിയില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. .

കെ സുരേന്ദ്രന്‍ കോന്നിയില്‍ എത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് പെട്ടികള്‍ വളരെ പെട്ടെന്ന് മാറ്റി എന്നാണ് പത്തനംതിട്ട ഡി.സി.സി ജനറല്‍ വി.ആര്‍ സോജി ആരോപിച്ചത്. അതിന് മുമ്പ് തന്നെ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം പലരും ഉയര്‍ത്തിയിരുന്നു.

സുരേന്ദ്രന്‍ കോന്നിയില്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് വലിയ പെട്ടികള്‍ പ്രവര്‍ത്തകര്‍ എടുത്ത് കാറില്‍ വയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രണ്ടിടത്തും ഇത് സംഭവിച്ചിരുന്നു എന്നാണ് പറയുന്നത്.

കൊടകര കുഴല്‍പണ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കോന്നിയില്‍ എത്തി തെളിവെടുപ്പ് നടത്തി. ഹെലികോപ്റ്ററില്‍ നിന്ന് പുറത്തെടുത്ത പെട്ടികളെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ആരാഞ്ഞിട്ടുണ്ട് എന്നാണ് വിവരം.

കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സുരേന്ദ്രനും മറ്റ് ബി.ജെ.പി നേതാക്കളും താമസിച്ച ഹോട്ടലില്‍ എത്തിയും അന്വേഷണ സംഘം തെളിവെടുത്തിട്ടുണ്ട്. എത്രദിവസം താമസിച്ചു, എത്ര രൂപ ബില്‍ വന്നു, പണം അടച്ചത് എങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ നിന്ന് സമാഹരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.

ഇതിനിടെ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ജൂണ്‍ 5 ന് രാവിലെ പത്ത് മണിക്ക് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ദിപിനും ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

കെ സുരേന്ദ്രനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് മുമ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചില ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കൂടി ചോദ്യം ചെയ്യുന്നുണ്ട്. സുരേന്ദ്രനെ എന്ന് ചോദ്യം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കൊടകരയില്‍ തട്ടിയെടുക്കപ്പെട്ട കുഴല്‍പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിലേക്കുള്ളതായിരുന്നു ഇത് എന്നാണ് പറയുന്നത്. ബി.ജെ.പിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയ്ക്ക് നല്‍കാനാണ് പണം ഏല്‍പിച്ചത് എന്നും പറയുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോന്നിയിലെ തെളിവെടുപ്പ് എന്നാണ് വിവരം.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കുഴല്‍പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം തങ്ങളുടെ പരിധിയില്‍ ഈ കേസ് വരില്ലെന്നാണ് ഇഡിയുടെ നിലപാട്. എന്നാല്‍ ഇതുവരെ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലും ഇഡിയ്ക്ക് കേസ് എടുക്കാമെന്ന് പറയുന്ന നിയമവിദഗ്ധരും ഉണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments