തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കണ്ണൂര്‍ എം.പി കെ സുധാകരനെ നിയമിച്ചതിന് പിന്നാലെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര ഹൈക്കമാന്‍ഡ് നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ്, ടി സിദ്ദിഖ് എം.എല്‍.എ എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ.വി തോമസിനെ മാറ്റി.
തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നില്‍ ഗ്രാമത്തില്‍ നിന്നുള്ള മികച്ച പാര്‍ലമെന്റേറിയനാണ് കൊടിക്കുന്നില്‍ സുരേഷ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ സുരേഷിനെ രാഷ്ട്രീയത്തിന്റെ പടവുകള്‍ പിടിച്ചുകയറ്റിയത് എ.കെ ആന്റണി.
ഏഴുതവണ ലോക്‌സഭാംഗമായിരുന്നിട്ടുള്ള സുരേഷ്, മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായിരുന്നു. അടൂരില്‍ നിന്നും നാലു തവണയും മാവേലിക്കരയില്‍ നിന്ന് മൂന്നു തവണയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്.
തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗമായ പി.ടി തോമസ് പതിന്നാലാം നിയമസഭയിലേക്കും തൃക്കാക്കരയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. ഉറച്ച നിലപാടുകളുടെ കാര്‍ക്കശ്യം കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാക്കളില്‍ ഒരാളാക്കി. ഒരു തവണ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം. തൊടുപുഴയില്‍ നിന്നു രണ്ടു തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം ദിനപത്രത്തിന്റെ ചെയര്‍മാനായിരുന്നു.
കോണ്‍ഗ്രസിന്റെ യുവതലമുറയിലെ കരുത്തനാണ് ടി സിദ്ദിഖ്. നിലവില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്. കെ.പി.സി.സി മുന്‍ജനറല്‍ സെക്രട്ടറി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്. കല്‍പ്പറ്റയില്‍ നിന്നുള്ള നിയമസഭാംഗം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു നാമനിര്‍ദേശ പത്രിക നല്‍കിയ പിന്നീടു രാജീവ് ഗാന്ധിക്കു വേണ്ടി പിന്‍വലിച്ചു.
സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.വി തോമസ് എന്നിവര്‍ക്ക് ഹൈക്കമാന്റ് നന്ദി അറിയിച്ചു. അതേസമയം, സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി എത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്.
അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും എം.എല്‍.എമാരോടും ചര്‍ച്ച ചെയ്ത ശേഷം നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കമാന്റ് പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ടും ഹൈക്കമാന്റ് പരിഗണിച്ചു. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമനങ്ങള്‍.