സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ന്യുസിലാന്‍ഡിന് ബാറ്റിങ് തകര്‍ച്ച. മഴയെ തുടര്‍ന്ന് വൈകിത്തുടങ്ങിയ അഞ്ചാം ദിനത്തിന്റെ ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.
റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബി ജെ വാട്‌ലിങ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്.നിലവില്‍ 72 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ് കിവികള്‍.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനൊപ്പം(112 പന്തില്‍ 19), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ്(4 പന്തില്‍ 0) നിലവില്‍ ക്രീസിലുള്ളത്. 101 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് കിവികള്‍ ഇന്ന് ബാറ്റിങ്ങ് പുനരാരംഭിച്ചത്.
37 ബോളില്‍ 11 റണ്‍സ് നേടിയ റോസ് ടെയ്‌ലറെയാണ് ആദ്യം കിവികള്‍ക്ക് നഷ്ടമായത്. ടെയ്‌ലറെ മുഹമ്മദ് ഷമി ഗില്ലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.തുടര്‍ന്നെത്തിയ ഹെന്റി നിക്കോള്‍സ് 23 പന്തില്‍ ഏഴ് റണ്‍സെടുത്ത് നില്‍ക്കെ ഇശാന്തിന്റെ പന്തില്‍ രണ്ടാം സ്ലിപ്പില്‍ രോഹിത്തിന്റെ കയ്യിലൊതുങ്ങി. ആറാമനായെത്തിയ വാട്‌ലിങ്ങിന്റെ മിഡില്‍ സ്റ്റംപ് പിഴുതാണ് ഷമി തിരിച്ചയച്ചത്. മൂന്ന് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
മികച്ച തുടക്കത്തിന് ശേഷം ഓപ്പണര്‍മാരായ ടോം ലാഥം (30), ഡെവന്‍ കോണ്‍വേ (54) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യ മൂന്നാം ദിനം തന്നെ വീഴ്ത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സിന് 82 റണ്‍സ് പിറകിലാണ് നിലവില്‍ ന്യൂസിലാന്‍ഡുള്ളത്.