രാജന്‍ ആര്യപ്പള്ളില്‍
ഡാളസ്: അമേരിക്കയില്‍ ഇത് ഗ്രാജുവേഷന്‍ സീസനാണ്. തങ്ങളുടെ കഷ്ടപ്പാടിനും അധ്വാനത്തിനും പ്രതിഫലം കിട്ടിയതിന്റെ പുഞ്ചിരിയുമായി ഗ്രാജുവേഷന്‍ ഗൗണണിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കാഴ്ചക്കാരിലും ആഹ്ലാദം പരത്തും. എന്നാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു സഹോദരനും ഒരു സഹോദരിയും മണിക്കൂറുകളുടെ മാത്രം വിത്യാസത്തില്‍ ഡോക്ടര്‍മാരാകാരും, തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് അധികൃതര്‍ ഒരേ വേദിയില്‍ അവസരം ഒരുക്കുകയും ഒരുമിച്ച് അനുഭവം പങ്കിടുവാന്‍ സാധിക്കുകയും ചെയ്യുമ്പോള്‍ ഇരട്ടി മധുരമുള്ള സന്ദര്‍ഭമാകും അത്.
തങ്ങളുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി ഡോക്ടര്‍മാരാകാന്‍ കഴിഞ്ഞതിന് പിമ്പില്‍ ദൈവകൃപയും തങ്ങളുടെ പ0നം വിജയമാകാന്‍ ത്യാഗപൂര്‍ണമായ പിന്തുണയോടെ ഒപ്പം നിന്ന മാതാപിതാക്കളും ആണെന്ന് സഹോദരങ്ങളായ സ്റ്റേസി ഫിലിപ്പും, സ്റ്റീവന്‍ ഫിലിപ്പും ഉറപ്പിച്ചു പറയുന്നു.
1990-ല്‍ ഡാളസിലേക്ക് കുടിയേറിയ മാവേലിക്കര അറുന്നൂറ്റിമംഗലം പുന്നയ്ക്കല്‍ തെക്കേതില്‍ ഫിലിപ്പ് ബേബിയുടെയും ഷേര്‍ളി ഫിലിപ്പിന്റെയും മക്കളാണ് മെഡിക്കല്‍ ഡോക്ടറായി ഗ്രാജുവേറ്റ് ചെയ്ത സ്റ്റേസിയും ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീവനും. ഇവരുടെ ഇളയ സഹോദരന്‍ സ്റ്റാന്‍ലി ഫിലിപ്പ് ദന്തിസ്റ്റ് ഡോക്ടറേറ്റ് പ0നത്തിലാണ് .
ടെക്‌സാസ് ടെക്ക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് സ്റ്റേസി ബിരുദം നേടിയപ്പോള്‍ ടെക്‌സാസ് ടെക്ക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ജെറി എയ്ച്ച് ഹോഡ്ജ് സ്കൂള്‍ ഓഫ് ഫാര്‍മസിയില്‍ നിന്ന് സ്റ്റീവനും ബിരുദം നേടി.
ഐ.പി.സി മുന്‍ ജനറല്‍ വൈസ് പ്രസിഡണ്ട് ഡോ. ബേബി വര്‍ഗീസ് ശുശ്രൂഷിക്കുന്ന ഡാളസ് എ.പി.സി. എബനേസര്‍ ഫുള്‍ ഗോസപല്‍ ചര്‍ച്ച് അംഗങ്ങളാണ് ഈ കുടുംബം.