ഫോമാ നേഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. സ്വാതി കുല്‍ക്കര്‍ണിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ‘ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ യുഗം മുതല്‍ ഇന്നുവരെയുള്ള ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഫോമാ നേഴ്‌സസ് ഫോറത്തിന്റെ ദേശീയ ചെയര്‍പേഴ്‌സണ്‍ ഡോ. മിനി മാത്യു (ഫ്‌ലോറിഡ) വിശിഷ്ടാതിഥികളെയും ഫോമ ദേശീയ നേതാക്കളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്യുകയും നേഴ്‌സുമാരുടെ നിസ്വാര്‍ത്ഥമായ സംഭാവനകളെയും സേവനത്തെയും അഭിനന്ദിക്കുകയും ചെയ്തു. ഫോമാ നേഴ്‌സസ് ഫോറത്തിന്റെ കാഴ്ചപ്പാട്, ദൗത്യം, അതിന്റെ ഭാവി പരിപാടികള്‍ എന്നിവയും അവതരിപ്പിച്ചു.
ഫ്രാന്‍സിക്കന്‍ ഹെല്‍ത്ത് കെയര്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍, ആഗ്‌നെസ് തേരാടി, ഡോ. ആനി പോള്‍ (റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍, നേഴ്‌സ് പ്രാക്ടീഷണര്‍), ഡോ. രാജി (ജോയിന്റ് കമ്മീഷന്‍ ഡയറക്ടര്‍ ഓഫ് ക്വാളിറ്റി), ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജു ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നേഴ്‌സസ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. റോസ്‌മേരി കോലഞ്ചേരി, ആതുര സേവനത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ ലോകമെമ്പാടുമുള്ള മാലാഖമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
നേഴ്‌സസ് ഫോറം ആതുര സേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവരെ വിവിധ വിഭാഗങ്ങളിലായി ആദരിക്കുകയും അവാര്‍ഡ് നല്കുകയും ചെയ്തു. നാഷണല്‍ ഫോമാ നേഴ്‌സസ് ഫോറത്തിന്റെ സെക്രട്ടറി എലിസബത്ത് സുനില്‍ സാം നന്ദി രേഖപ്പെടുത്തി.