ഇസ്‌ലാമാബാദ്: ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇംറാന്‍െറ വിവാദ പ്രസ്താവന.
സ്ത്രീകള്‍ അല്‍പവസ്ത്രം ധരിച്ചാല്‍ അത് പുരുഷന്‍മാരെ സ്വാധീനിക്കും. അല്ലെങ്കില്‍, അവര്‍ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ് -ഇതായിരുന്നു ഇംറാന്‍െറ അഭിപ്രായം.
പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനുമുമ്പും സമാന പ്രസ്താവന ഇംറാന്‍ നടത്തിയിരുന്നു.
പാകിസ്താനില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. ‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പര്‍ദയുടെ ആശയം. എന്നാല്‍, ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവര്‍ക്കും ഇല്ല’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.