swayamvara
pulimoottil

നിലമ്പൂരിലെ ‘കൈ’ വിരല്‍പ്പാടില്‍ ഷൗക്കത്ത്, സി.പി.എം പുനര്‍ വിചിന്തനം നടത്തണം

നിലമ്പൂരിലെ ‘കൈ’ വിരല്‍പ്പാടില്‍ ഷൗക്കത്ത്, സി.പി.എം പുനര്‍ വിചിന്തനം നടത്തണം

എ.എസ് ശ്രീകുമാര്‍

ഒടുവില്‍ പ്രതീക്ഷിച്ചതു തന്നെ നിലമ്പൂരില്‍ സംഭവിച്ചു. രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മിന്നും വിജയം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള വികാരോജ്വലമായ പ്രകടനമായിരുന്നു. കഴിഞ്ഞ തവണ, അതായത് 2021-ലെ നിയസഭാ ഇലക്ഷനില്‍ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ 17,000-ത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വെട്ടിപ്പിടിച്ചത് 11,077 വോട്ടുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷമാണ്.

പി.വി അന്‍വര്‍ ഇടതു മുന്നണിയുമായി ചേര്‍ന്ന് നേടിയ ഭൂരിപക്ഷത്തിന്റെ പത്തിരട്ടിയിലും അധികമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം എന്നിരിക്കെ നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടര്‍ എഴുതിത്തള്ളാനാവില്ല. നിലമ്പൂരിലെ ജനങ്ങള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പിണറായി വിജയന്‍ ഭരണത്തെ വിചാരണ ചെയ്തതിന്റെ വിധിയാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പുതുതായി നിയമിതനായ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തൊപ്പിയിലും ഈ വിജയം ഒരു പൊന്‍തൂവലായി.

പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാട്ടുമൊക്കെ ഉണ്ടായ വിജയത്തിന്റെ കോണ്‍ഗ്രസ് കൊടിയാണ് നിലമ്പൂരിലും ഇപ്പോള്‍ പാറിക്കളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ഭൂരിപക്ഷം മന്ത്രിമാരും സര്‍ക്കാര്‍ മെഷിനറിയുമൊക്കെ മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം നടത്തിയെങ്കിലും അവിടുത്തെ സമ്മതിദായകരെ സ്വാധീനിക്കാന്‍ പോന്നതായിരുന്നില്ല അതൊന്നും. പിണറായി വിജയന്‍ ഒരു ഏകാധിപതിയെ പോലെ വാഴുന്നു എന്ന അന്‍വറിന്റെ നിലപാടുകളോടുള്ള ‘ശരി’ ഈ ഉപതിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു. പിണറായി ഭരണത്തിന്റെ അവസാന ആണിയായിരിക്കും നിലമ്പൂര്‍ വിധിയെഴുത്തെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

മണ്ഡലത്തിലെ അന്‍വറിന്റെ പ്രകടനം എഴുതിത്തള്ളാനാവില്ല. അത് സി.പി.എമ്മിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് കൃത്യമായ ഒരു സൂചനയുമാണ്. കാരണം ഇനി നടക്കാനിരിക്കുന്നത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെയെത്തുന്ന നിയമസഭാ ഇലക്ഷനുമാണ്. നിലമ്പൂര്‍ ബൈ ഇലക്ഷന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു ചോദിച്ചാല്‍ ‘നിലമ്പൂരിന്റെ മോസ്‌കോ’ എന്നറിയപ്പെടുന്ന അമരമ്പലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി നേടിയ വലിയ മാര്‍ജിനാണ്. കുരുളായി ഒഴിച്ച് നിലമ്പൂര്‍ നഗരസഭയിലും ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലും യു.ഡി.എഫ് വലിയ ലീഡ് നേടി.

ശക്തികേന്ദ്രങ്ങളില്‍ ഇടതുപക്ഷം തീര്‍ത്തും മങ്ങിപ്പോയി. സി.പി.എമ്മിന്റെ എം സ്വരാജ് മികവുറ്റ സ്ഥാനാര്‍ഥിയായി വ്യക്തിപരമായ മത്സരം കാഴ്ചവച്ചു. തന്റെ ജന്മദേശം കൂടിയായ നിലമ്പൂരില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച അദ്ദേഹം സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ തന്റെ ശക്തനായ എതിരാളി ആര്യാടന്‍ ഷൗക്കത്തിന് ആശംസകള്‍ നേര്‍ന്നു. നിലമ്പൂര്‍ മണ്ഡലത്തെ 34 സംവത്സരങ്ങള്‍ പ്രതിനിധീകരിച്ച ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സംബന്ധിച്ചിടത്തോളം തന്റെ പിതാവിന്റെ ലെഗസി നിലനിര്‍ത്തുവാന്‍ ഈ വിജയം അദ്ദേഹത്തെ പ്രാപ്തമാക്കും.

നിലമ്പൂരിന്റെ പുതിയ നിയമസഭാ സാമാജികന് എം.എല്‍.എ ആയി തുടരാന്‍ സാധിക്കുന്നത് ഏതാണ്ട് എട്ട് മാസത്തോളമാണ്. ഇതിനിടെ ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളില്‍ മാത്രമാവും അദ്ദേഹത്തിന് സംസാരിക്കാനാവുക. ഏതായാലും ആര്യാടന്‍ മുഹമ്മദിന്റെ ജനകീയ ശബ്ദം മുഴങ്ങിയ നിയമസഭാ വേദിയില്‍ മകന്റെയും വാക്കുകള്‍ പ്രതിധ്വനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. തുടര്‍ച്ചയായി രണ്ടു വട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരുന്ന പിണറായി വിജയനും ഇടതു മുന്നണിക്കും നിലമ്പൂര്‍ ഫലം ഒരു താക്കീതാണ്. കാരണം അന്‍വര്‍ നേടിയതിലധികവും സി.പി.എം വോട്ടുകളാണ്.

തുടര്‍ച്ചയായി കിട്ടുന്ന അധികാരം വിനിയോഗിച്ചതിന്റെ ദോഷ വശങ്ങള്‍ ചികഞ്ഞെടുത്ത് ജനസമക്ഷം അവതരിപ്പിച്ച് സ്വയം പശ്ചാത്തപിക്കുന്ന രീതിയിലേക്ക് ഇടതു മുന്നണി, പ്രത്യേകിച്ച് സി.പി.എം തങ്ങളുടെ ലൈന്‍ മാറ്റേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിശ്വാസം പുലര്‍ത്തുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് നിലമ്പൂരിലെ സാമ്പിള്‍ വെടിക്കെട്ടിനെ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിക്കും കൂട്ടര്‍ക്കും മാനം കാക്കാനാവും.

ഐക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെന്ന പോലെ അവരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ് നിലമ്പൂരിലെ ജനവിധി. കോണ്‍ഗ്രസിലെ പുഴുക്കുത്തുകളെ കീടനാശിനി പ്രയോഗം നടത്തി ഉന്മൂലനം ചെയ്യുകയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും തമ്മിലുള്ള അഭിപ്രായ ഐക്യം തുടരുകയും ചെയ്താല്‍ പിണറായി വിജയന്റെ മൂന്നാം വട്ട ‘അതി’മോഹത്തെ നുള്ളക്കളയാന്‍ പറ്റും. ഇതിനിടയ്ക്ക് മുഖ്യമന്ത്രി മോഹത്തെ ചൊല്ലിയുള്ള തര്‍ക്കം അസഹനീയമായാല്‍ അത് യു.ഡി.എഫിന്റെ അടുത്ത മന്ത്രിസഭയ്ക്കുള്ള സാധ്യതകളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാവുകയും ചെയ്യും.

വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ സമീപിച്ചത്. ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് പറഞ്ഞ് തുടക്കത്തില്‍ കളത്തില്‍ നിന്നും മാറി നിന്ന ബി.ജെ.പി അവസാനം പോരിനിറങ്ങിയില്ലായിരുന്നുവെങ്കില്‍ അത് വലിയ നാണക്കേടായേനേ. പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അവര്‍ക്കും നിലമ്പൂരില്‍ ഒരു മത്സരം കാഴ്ചവയ്ക്കുവാന്‍ സാധിച്ചു. ജനങ്ങള്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെന്നും ആ പ്രതീക്ഷ തങ്ങളുടെ വിജയത്തില്‍ കലാശിക്കുമെന്നും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. ആ മാറ്റം ആര്യാടന്‍ ഷൗക്കത്തിലൂടെ ആണെന്ന് മാത്രം.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ ജനങ്ങള്‍ വിവിധ സംഘടനകളുടെ പേരില്‍ കൂട്ടായും ഒറ്റയ്ക്കായും ഈ നാട്ടില്‍ അരങ്ങേറുന്ന ചില വിഷയങ്ങളെ സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതില്‍ അഴിമതിയും സ്വജനപക്ഷപാതപരമായ നീക്കങ്ങളും ഒക്കെ ഉള്‍പ്പെടും. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്ക് തണലേകുന്ന ടാര്‍പ്പോളിന്‍ മറകള്‍ പോലീസിനെ കൊണ്ട് അഴിപ്പിച്ചെടുത്ത് അടിച്ചമര്‍ത്തുന്ന രീതികള്‍ നമ്മള്‍ കണ്ടു. ഇത്തരം അസഹിഷ്ണുതകള്‍ ഇനിയും തുടര്‍ന്നാല്‍ ജനങ്ങള്‍ തങ്ങളുടെ ചൂണ്ടുവിരല്‍ മഷിപ്പാടുകൊണ്ട് ”അരുത്…” എന്ന് പറയുന്ന വിധിയായിരിക്കും ഇനിയങ്ങോട്ട് സി.പി.എം നേരിടേണ്ടി വരിക.

Aryadan Shoukath wins in Nilambur-CPM has to rethink

Share Email
LATEST excelnclexrn
More Articles
Top