pulimoottil

സിപിഒ അമ്പിളി രാജുവിനെ തേടിയുള്ള ക്രൈം ഫയല്‍സിന്റെ രണ്ടാം യാത്ര; ഒരു എ ക്ലാസ് യാത്ര

സിപിഒ അമ്പിളി രാജുവിനെ തേടിയുള്ള ക്രൈം ഫയല്‍സിന്റെ രണ്ടാം യാത്ര; ഒരു എ ക്ലാസ് യാത്ര

ലിന്‍സി ഫിലിപ്പ്സ്

ഷിജു പാറയില്‍വീട് നീണ്ടകരയെന്ന കൊലപാതകക്കേസ് പ്രതിക്കായുള്ള തെരച്ചിലായിരുന്നു കേരളാ ക്രൈംഫയല്‍ ആദ്യ സീസണ്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതെങ്കില്‍ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ക്രൈഫയല്‍സിന്റെ രണ്ടാം പതിപ്പ് സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി രാജുവിനെ തേടിയുള്ള യാത്രയാണ്. ക്രൈഫയല്‍സ് സീസണ്‍ -രണ്ട് പ്രേക്ഷകരെ മുഴുവന്‍ സമയവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത് അച്ചടക്ക നടപടി നേരിടുന്ന കുറച്ചു പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതാണ്. അവിടേക്ക് സ്ഥലം മാറി വരുന്ന ആളാണ് എസ്ഐ നോബിള്‍. എസ്ഐ നോബിളിന്റെ മേലുദ്യോഗസ്ഥനായി വരുന്നത് കുര്യനാണ്. ലാലാണ് കുര്യനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എസ്ഐ നോബിള്‍ ചുമതലയേറ്റ അതേ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് അമ്പിളി രാജു. അച്ചടക്ക നടപടി നേരിടുന്ന പോലീസുകാരില്‍ ഏറ്റവും പ്രമുഖനാണ് അമ്പിളി രാജു. അത് തെളിയിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും സീരീസില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ മറന്നിട്ടില്ല.

അമ്പിളി രാജുവായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സാണ്. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാതെ പോകുന്ന അമ്പിളി രാജുവിനെ തേടിയുള്ള അന്വേഷണമാണ് കഥയുടെ ഇതിവൃത്തം.

എപ്പോഴും കോമഡി മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന പഴയ ഇന്ദ്രന്‍സില്‍ നിന്നും 2025ലെ ക്രൈം ഫയല്‍സിലൂടെ നാം കാണുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മറുപുറമാണ്. ശക്തമായ തിരക്കഥയിലൂടെ കഥാഗതി മുന്നോട്ടു നീങ്ങുമ്പോള്‍ മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തെ വഴിതെളിച്ചു കാണിക്കുന്നു.

ആദ്യ സീസണില്‍ ഒരു ലൈംഗീക തൊഴിലാളിയുടെ മരണവും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിരുന്നു പ്രമേയം. രണ്ടാം സീസണില്‍ എത്തുമ്പോള്‍ നിലവില്‍ പോലീസ് സേനയില്‍ അനുഭവപ്പെടുന്ന സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ പ്രേക്ഷകമനസുകളിലേക്ക് പതിപ്പിക്കാന്‍ കഴിയും.

അര്‍ജുന്‍ രാധാകൃഷ്ണനാണ് എസ്ഐ നോബിളായി വേഷമിട്ടിരിക്കുന്നത്. പോലീസുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി മുന്നോട്ടു നീങ്ങുന്ന കഥാഗതിയില്‍ പോലീസുകാരുടെ മാനസിക വ്യാപാരങ്ങള്‍ മാത്രമല്ല, കുറ്റവാളിയുടെ ബാല്യകാലവും ഭംഗിയായി തിരക്കഥയില്‍ എഴുതിച്ചേര്‍ത്താണ് ബാഹുല്‍ തന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സിപിഒ അമ്പിളി രാജു എന്ന കഥാപാത്രത്തോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് അയ്യപ്പന്റേത്. അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹരിശ്രീ അശോകനാണ്. എക്കാലത്തെയും വമ്പന്‍ കോമഡി ചിത്രങ്ങളിലെ സൂപ്പര്‍ കോമേഡിയന്‍ താരം ഏറ്റവും ഗൗരവമേറിയ കഥാപാത്രത്തെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം പോലും വീഴ്ച്ച വന്നിട്ടില്ലെന്ന് തന്റെ അഭിനയ മികവിലൂടെ കാട്ടിതന്നു. ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ഈ ചിത്രത്തില്‍ സമാനതകളില്ലാത്ത ശൈലിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമാക്കി.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത രണ്ടാം സീസണില്‍ ആറു എപ്പിസോഡുകളാണുള്ളത്. സീരീസിന്റെ തുടക്കം മുതല്‍ അവസാനം വരെ നായയുടെ സാന്നിധ്യം ഏറ്റവും നിര്‍ണായകമായി ചിത്രീകരിച്ചിരിക്കുന്നു. കാണാതാകുന്ന സിപിഒയെ കണ്ടെത്തുന്നതിലും അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നതും ഒരു തെരുവ് നായ തന്നെയാണ്. 2023 ജൂണിലാണ് കേരള ക്രൈം ഫയല്‍ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്.

Crime Files' second journey in search of CPO Ambili Raju; an A-class journey
Share Email
LATEST excelnclexrn
More Articles
Top