ഗാസ: മെഡ്‌ലീന്‍ കപ്പലില്‍ സഹായ സാധനങ്ങളുമായെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയ്ക്കുമെന്നു ഇസ്രയേല്‍. സന്നദ്ധ പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെയുള്ളവരെ തിരിച്ച് അയയ്ക്കുമെന്നു ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാടുകടത്തില്‍ രേഖകളില്‍ ഒപ്പിട്ടവരെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിച്ചു.
നാടുകടത്തല്‍ രേഖകളില്‍ ഒപ്പിട്ട് രാജ്യംവിടാന്‍ തയാറാകാത്തവരെ കോടതിയില്‍ ഹാജരാക്കി നാടുകടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് അടക്കമുള്ള 12 പേരുമായി എത്തിയ കപ്പലാണ് ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തത്.
ഗാസയിലേക്ക് സഹായവസ്തുക്കളുമായി പോയ കപ്പലിനെ ‘സെല്‍ഫി യാനം’ എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്.
ഗാസയില്‍ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഗാസ മൂവ്മെന്റിന്റെ ഗാസ ഫ്രീഡം ഫ്ളോട്ടിലയാണ് ഗാസയിലേക്ക് യാത്ര സംഘടിപ്പിച്ചത്. കപ്പലില്‍ സൈന്യം അതിക്രമിച്ചു കയറിയതായും നിരായുധരായ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായും ഗാസ ഫ്രീഡം ഫ്ളോട്ടില പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു.