ഡോ. രഞ്ജിത് പിള്ള
ഇത് ഒരു ഔദ്യോഗിക പദ്ധതിയോ പഠന റിപ്പോര്‍ട്ടോ അല്ല. കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വന്ന ഒരു സാധാരണ ചിന്ത മാത്രമാണ്. പക്ഷേ ചിലപ്പോള്‍ ചെറിയ ചിന്തകളാണ് വലിയ മാറ്റങ്ങളുടെ തുടക്കമാകുന്നത്.
ചെറിയ വിഭവങ്ങളില്‍ നിന്നുപോലും വലിയ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ അറിയുന്ന ജനങ്ങളുടെ നാടാണ് കേരളം.കയര്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ആയുര്‍വേദം വരെ… കൈത്തറി മുതല്‍ മസാല ഉല്‍പ്പന്നങ്ങള്‍ വരെ…ഭക്ഷ്യ നിര്‍മ്മിതികള്‍ മുതല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ വരെ… ലോകോത്തര നിലവാരമുള്ള അനവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. ഗ്രാമങ്ങളിലെ ചെറിയ സംരംഭകരില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തുണയുള്ള യൂണിറ്റുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും അത്ഭുതകരമായ സൃഷ്ടികള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്.
പക്ഷേ ഒരു കാര്യം എപ്പോഴും മനസ്സില്‍ വരാറുണ്ട്. നമ്മള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്, പക്ഷേ ലോകം അതിനെ ശരിയായി കാണുന്നുണ്ടോ..? കേരളത്തില്‍ ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വേണ്ടത്ര ദൃശ്യതയും ബ്രാന്‍ഡ് മൂല്യവും ലഭിക്കുന്നുണ്ടോ..? അവിടെയാണ് ‘Made in Kerala’ അഥവാ ‘MIK’ എന്ന ഒരു ചിന്ത മനസ്സില്‍ വന്നത്.
കേരളത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന, സര്‍ക്കാര്‍ പിന്തുണയോടുകൂടിയ ഒരു വലിയ പ്ലാറ്റ്‌ഫോം ഉണ്ടായാല്‍ എങ്ങനെയിരിക്കും..? അമസോണ്‍ അല്ലെങ്കില്‍ അലിബാബ പോലുള്ള ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ്, പക്ഷേ പൂര്‍ണ്ണമായും കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം.
ഒരു ഗ്രാമത്തിലെ കരകൗശല തൊഴിലാളിക്കും ഒരു ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിനും ഒരേ വേദിയില്‍ ലോക വിപണിയിലേക്ക് എത്താന്‍ കഴിയുന്ന ഒരു സംവിധാനം. ‘MIK Certified’ എന്ന ഗുണനിലവാര മുദ്ര ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും വിശ്വാസത്തോടെ വാങ്ങപ്പെടുന്ന ഒരു സാഹചര്യം. കേരളത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന് ലോകമെമ്പാടുമുള്ള മലയാളികളാണ്. NRIs കേരള ഉല്‍പ്പന്നങ്ങളുടെ അംബാസഡര്‍മാരും വിതരണക്കാരുമായി മാറിയാല്‍ അതൊരു വലിയ വിപ്ലവമാകും. കേരളത്തിന്റെ ബ്രാന്‍ഡിംഗ് സിനിമാതാരങ്ങളിലൂടെയും ഇന്‍ഫ്‌ളുവന്‍സര്‍മാരിലൂടെയും ടൂറിസം ക്യാമ്പെയ്‌നുകളിലൂടെയും ലോകത്തേക്ക് എത്തിക്കാനായാല്‍ ‘Made in Kerala’ എന്നത് ഒരു വികാരപരമായ ആഗോള ബ്രാന്‍ഡായി മാറും.
‘Made in Germany’ എന്‍ജിനീയറിംഗിന്റെ പ്രതീകമാണെങ്കില്‍, ‘Made in Japan’ കൃത്യതയുടെ പ്രതീകമാണെങ്കില്‍, ‘Made in Kerala’ ഗുണമേന്മയുടെ, വിശ്വാസത്തിന്റെ, സംസ്‌കാരത്തിന്റെ, ബുദ്ധിയുടെ പ്രതീകമാകാന്‍ എന്തുകൊണ്ട് കഴിയില്ല..?
ഇതിനൊപ്പം കേരളം ഒരു വലിയ അന്താരാഷ്ട്ര വ്യാപാരമേളയും ആരംഭിക്കണമെന്ന് തോന്നുന്നു. ചൈനയിലെ Canton Fair പോലെയോ Dubai Expo പോലെയോ ഒരു ‘MIK Global Expo’ കേരളത്തില്‍ വന്നാല്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരും വ്യാപാരികളും വാങ്ങുന്നവരും കേരളത്തിലേക്ക് എത്തും. ആയിരക്കണക്കിന് പുതിയ ബിസിനസ് അവസരങ്ങള്‍ അതിലൂടെ രൂപപ്പെടും.
ഇത് ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വന്‍ സംരംഭക വളര്‍ച്ച ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഗ്രാമങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കും. യുവാക്കള്‍ ജോലി തേടി മാത്രം വിദേശത്തേക്ക് പോകാതെ സ്വന്തം ഉല്‍പ്പന്നങ്ങളും കമ്പനികളും സൃഷ്ടിക്കാന്‍ തുടങ്ങും. NRIs നിക്ഷേപകരായി നാട്ടിലേക്ക് തിരിച്ചു വരും. കേരളത്തിന്റെ MSME മേഖല കൂടുതല്‍ ശക്തമാകും.
ഇത് ഒരു പൂര്‍ണ്ണമായ പദ്ധതിയെന്ന നിലയില്‍ അല്ല ഞാന്‍ കാണുന്നത്. കേരളത്തെ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുന്ന ഒരു ചിന്ത എന്ന നിലയിലാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്. കാരണം ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ച സൗജന്യ പദ്ധതികളില്‍ മാത്രം നിന്നല്ല ഉണ്ടാകുന്നത്. സാധാരണക്കാരായ ആളുകള്‍ സൃഷ്ടാക്കളും സംരംഭകരുമായി മാറുമ്പോഴാണ് യഥാര്‍ത്ഥ വളര്‍ച്ച സംഭവിക്കുന്നത്.
കേരളത്തിന് കഴിവുണ്ട്. ലോകോത്തര മനുഷ്യ വിഭവശേഷിയുണ്ട്. സൃഷ്ടിപരതയുണ്ട്. ഇനി വേണ്ടത് അവയെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു ശക്തമായ പരിസ്ഥിതിയും ദീര്‍ഘ ദര്‍ശനവുമാണ്. കേരളത്തിന്റെ ഭാവി കുടിയേറ്റത്തില്‍ മാത്രം ഒതുങ്ങാതെ, സൃഷ്ടിയിലേക്കും ഉല്‍പ്പാദനത്തിലേക്കും ആഗോള ബ്രാന്‍ഡിംഗിലേക്കും മാറുന്ന ഒരു കാലം വരട്ടെ എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് ഈ ‘Made in Kerala’ ചിന്ത.
Made in Kerala a revolutionary thinking by Dr. Ranjith Pillai make Kerala great















