മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്ത് നൽകി. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ പ്രവർത്തിക്കുന്ന എക്സാലോജിക് കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാസപ്പടി ഇടപാടിലെ അഴിമതിപ്പണം എത്തിയിട്ടുണ്ടെന്നാണ് ഷോണിന്റെ പ്രധാന ആരോപണം. ഈ അക്കൗണ്ട് വീണാ തായ്ക്കണ്ടി, സുനീഷ് എം എന്നിവരുടെ സംയുക്ത പേരിലുള്ളതാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
വിവാദ കമ്പനികളായ എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള പണവും ഈ വിദേശ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഇത്തരത്തിൽ അബുദാബിയിലെ ബാങ്കിൽ എത്തിയ പണം പിന്നീട് അമേരിക്കയിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഷോൺ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് ജോലി ചെയ്യുന്ന തന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ അതീവ രഹസ്യ വിവരങ്ങൾ തനിക്ക് ലഭിച്ചതെന്നാണ് ഷോൺ ജോർജ് അവകാശപ്പെടുന്നത്.
രണ്ടു വർഷം മുൻപ് ഇതേ വിവരങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും ഷോൺ ജോർജ് പരാതി നൽകിയിരുന്നു. മാസപ്പടി കേസിൽ ഇഡി അന്വേഷണം ഊർജ്ജിതമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് വിദേശ അക്കൗണ്ടുകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ കത്ത് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ പരാതിയിൽ ഇഡിയുടെ ഭാഗത്തുനിന്നും എന്ത് നടപടിയുണ്ടാകും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കപ്പെടുകയാണ്.















