വിമാനാപകടത്തില്‍ മരിച്ച നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌കാരം നാളെ

വിമാനാപകടത്തില്‍ മരിച്ച നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌കാരം നാളെ

പത്തനംതിട്ട: അഹമ്മദാബാദി വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ദിവസങ്ങല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അമ്മ തുളസിയുടെ ഡി.എന്‍.എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡി.എന്‍.എ പൊരുത്തപ്പെട്ടത്. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്.

നേരത്തെ രഞ്ജിതയുടെ സഹോദരന്‍ രതീഷ് അഹമ്മദാബാദിലെത്തി ഡി.എന്‍.എ സാമ്പിള്‍ കൈമാറിയെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് അമ്മയുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചത്. ജൂണ്‍ 12-നാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. ദുരന്തം ഉണ്ടായി 12 ദിവസങ്ങള്‍ക്കു ശേഷമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരന്‍ രതീഷും ബന്ധുവായ ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയായിരുന്നു.

നാളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹത്തെ ഇരുവരും അനുഗമിക്കും. നാളെ രാവിലെ ഏഴു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. തുടര്‍ന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടുവളപ്പിലാണു സംസ്‌കാരം.

ജീവിത പ്രതിസന്ധികള്‍ക്കിടെ സ്വന്തം പ്രയത്നം കൊണ്ട് പണിതുയര്‍ത്തിയ പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് വിധി രഞ്ജിതയുടെ ജീവന്‍ കവര്‍ന്നത്. യു.കെയില്‍ നേഴ്‌സായിരുന്നു രഞ്ജിത. വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു. അതിനിടെ, പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. അഞ്ചു വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭിച്ച ജോലിയില്‍ നിന്ന് അവധിയെടുത്താണ് രഞ്ജിത വിദേശത്തേക്ക് പോയത്.

അവധി പുതുക്കുന്നതിന്റെ ഭാഗമായാണ് ലണ്ടനില്‍ നിന്ന് കേവലം അഞ്ചു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തിയ രഞ്ജിത തുടര്‍ന്ന് കണക്റ്റിങ് ഫ്ളൈറ്റില്‍ അഹമ്മദാബാദിലെത്തി. അവിടെ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പോകുമ്പോഴാണ് രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം ഉണ്ടായതും രഞ്ജിത കൊല്ലപ്പെടുന്നതും

വീടിന്റെ പണി പൂര്‍ത്തിയാകുന്നതോടെ പ്രവാസ ജീവിതം മതിയാക്കി സര്‍ക്കാര്‍ ജോലിയില്‍ തിരികെ കയറാനായിരുന്നു രഞ്ജിതയുടെ തീരുമാനം. ആശിച്ചു പണിപൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം പോലും കാണാനാകാതെയാണ് രഞ്ജിത മടങ്ങുന്നത്. രണ്ടു മക്കളും പ്രായമായ അമ്മയും മാത്രമാണ് രഞ്ജിതയ്ക്കുള്ളത്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ നേരത്തെ കഴിഞ്ഞിരുന്നില്ല. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങളോടെ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന്‍ മാത്രമാണ് അത്ഭുകരമായി രക്ഷപ്പെട്ടത്.

Malayali nurse Ranjitha’s body identified, funeral to be held in Pathanamthitta tomorrow

Share Email
LATEST excelnclexrn
More Articles
Top