swayamvara
pulimoottil

തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ‘ഉരുക്കുമതിൽ തകർക്കാനാവില്ല’

തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ‘ഉരുക്കുമതിൽ തകർക്കാനാവില്ല’

ടെഹ്റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക തീരുമാനങ്ങൾ എടുക്കുമ്പോൾ ‘ശ്രദ്ധിക്കണം’ എന്ന് ട്രംപിനോട് അരാഗ്ചി ആവശ്യപ്പെട്ടു.

“വ്യാജ വാർത്തകളേക്കാൾ അപകടകരമാണ് തെറ്റായ രഹസ്യാന്വേഷണ വിവരങ്ങൾ,” അരാഗ്ചി ‘എക്‌സിൽ’ കുറിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ പരാജയം കാരണം യുഎസ് നിരന്തരം തെറ്റായ കണക്കുകൂട്ടലുകൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനെതിരായ യുദ്ധം ഇതിന് ഉദാഹരണമാണ്. ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും അതിലും വലിയ തെറ്റായ കണക്കുകൂട്ടലിലേക്കാണ് യുഎസ് നീങ്ങുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. “ഹോർമുസ് കടലിടുക്കിന്മേൽ യുഎസിന് പൂർണ നിയന്ത്രണമുണ്ട്. ഞങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ‘ഉരുക്കുമതിൽ’ എന്നാണ് വിളിക്കുന്നത്. ഇതിനെതിരെ ഇറാന് ഒന്നും ചെയ്യാനില്ല. അവർക്ക് നാവികസേനയോ വ്യോമസേനയോ ഇല്ല. ശേഷിക്കുന്ന സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ല,” എന്നായിരുന്നു ട്രംപ് സാമൂഹികമാധ്യമമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചത്.

ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാനിലെ മറ്റ് ഉന്നത നേതാക്കളും രംഗത്തെത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ ഹുസൈൻ തഈബ്, ഹോർമുസ് കടലിടുക്കിൽ യുഎസ് മറ്റൊരു യുദ്ധത്തിന് തുടക്കമിട്ടെങ്കിലും അത് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയതായി ഇറാന്റെ ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള അവകാശവാദങ്ങളും തർക്കങ്ങളും ശക്തമാകുന്നതിനിടെ മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.

Share Email
LATEST excelnclexrn
More Articles
Top