തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ പ്രാർത്ഥനകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ പ്രാർത്ഥനകളാണ് സ്കൂളുകളിൽ വേണ്ടതെന്നും, ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു നിർദേശം മുന്നോട്ട് വെക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പല സ്കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർത്ഥനകളാണ് നടക്കുന്നത്. ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റ് മതങ്ങളിൽപ്പെട്ട കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചൊല്ലിക്കുന്നത് ശരിയല്ലെന്നും, ഇത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മതങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സാഹചര്യത്തിൽ, സ്കൂളുകളിലെ പ്രാർത്ഥനകൾ എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം. എന്നാൽ, പല സ്കൂളുകളിലും സ്വന്തം മതവിഭാഗത്തിന്റെ പ്രാർത്ഥനാ ഗീതങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മതേതരത്വം വളർത്തുന്നതിന് ഇത് തടസ്സമാണെന്നും, ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ സ്വതന്ത്രമായ ചിന്തക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി ഊന്നിപ്പറഞ്ഞു.
Kerala Public Education Department considering eliminating religious prayers in schools