ടെഹ്‌റാൻ/ന്യൂയോർക്ക്: യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പരിഹരിക്കാൻ ബാക്ക്-ചാനൽ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും വിസ തർക്കം. ന്യൂയോർക്കിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനുള്ള ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ സന്ദർശനം റദ്ദാക്കിയതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങളും അമേരിക്കൻ വിസ ലഭ്യമാകാത്തതുമാണ് യാത്ര ഒഴിവാക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ചൈനയുടെ താല്പര്യപ്രകാരം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക യോഗം നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിലേക്ക് അരാഗ്ചിക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, തന്ത്രപ്രധാനമായ ഈ ചർച്ചയ്ക്ക് തൊട്ടുമുൻപ് അമേരിക്ക വിസ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതാണ് ഇറാനെ ചൊടിപ്പിച്ചത്. യോഗം തൊട്ടടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ ഇനി വിസ ലഭിച്ചാലും യാത്ര സാധ്യമല്ലെന്ന് ഇറാൻ അറിയിച്ചു.
അതേസമയം, ഇറാന്റെ ആരോപണങ്ങളോട് കൃത്യമായി പ്രതികരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറായില്ല. വിസ അപേക്ഷകൾ തികച്ചും രഹസ്യാത്മകമാണെന്നും, ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ട് പ്രകാരം ഓരോ അപേക്ഷയും വ്യക്തിഗതമായാണ് പരിശോധിക്കുന്നതെന്നും യുഎസ് വ്യക്തമാക്കി.യുഎസും ഇറാനും തമ്മിൽ ഒരു സമാധാന ധാരണാപത്രത്തിലേക്ക് അടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഈ പുതിയ പ്രതിസന്ധി. നിലവിലെ ചർച്ചകളിൽ വാഷിംഗ്ടൺ തുടരെത്തുടരെ നിലപാടുകൾ മാറ്റുകയാണെന്നും ഇത് ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും ഇറാൻ വക്താവ് കുറ്റപ്പെടുത്തി. നിലവിലെ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ മാത്രമാണെന്നും, ആണവ വിഷയങ്ങളിലെ വിശദമായ ചർച്ചകൾ ഇപ്പോഴത്തെ ചർച്ചകളുടെ പരിധിയിൽ ഇല്ലെന്നും ഇറാൻ വീണ്ടും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ വിസ വിലക്ക് എന്നതും ശ്രദ്ധേയമാണ്.















