എബി മക്കപ്പുഴ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിറ്റഴിച്ച 8,50,000ലധികം കാറുകള്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനി തിരിച്ചുവിളിക്കുന്നു. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങളിലെ ലോ പ്രഷര്‍ ഇന്ധന പമ്പുകള്‍ തകരാറിലാകാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഈ തകരാര്‍ എന്‍ജിന്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. 2021 മുതല്‍ 2023 വരെ നിര്‍മിച്ച പല മോഡലുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നത്.
മെയ് ഒന്‍പതിന് 11 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിച്ചത് ഇതിന് മുന്‍പുള്ള വലിയ സംഭവമാണ്. അന്ന് പിന്‍ ക്യാമറയിലെ തകരാര്‍ മൂലമായിരുന്നു. മിഷിഗണിലെ ഡിയര്‍ബോണ്‍ ആസ്ഥാനമായാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ പ്രവര്‍ത്തനം. ഫോര്‍ഡ്, ലിങ്കണ്‍ എന്നീ ബ്രാന്‍ഡഡ് വാഹനങ്ങളെയാണ് പ്രധാനമായും തിരിച്ചുവിളിക്കുന്നത്. ഫോര്‍ഡ് ബ്രോങ്കോ, എക്‌സ്‌പ്ലോറര്‍, എഫ്-150, ലിങ്കണ്‍ ഏവിയേറ്റര്‍, നാവിഗേറ്റര്‍ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മോശം എഞ്ചിന്‍ പ്രവര്‍ത്തനം, മിസ്ഫയറിംഗ്, കുറഞ്ഞ പവര്‍ അല്ലെങ്കില്‍ എഞ്ചിന്‍ ലൈറ്റ് ഓണ്‍ ആകുക എന്നിവ ഡ്രൈവര്‍മാര്‍ക്ക് അനുഭവപ്പെടാമെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഡീലര്‍മാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഇന്ധനം എന്‍ജിനിലേക്ക് എത്തുന്നത് തടസപ്പെട്ടാല്‍ വാഹനം ഓട്ടത്തിനിടയില്‍ നില്‍ക്കാനും അപകടം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഫോര്‍ഡ് അറിയിച്ചു.
തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ 10 ശതമാനം ഇന്ധന പമ്പ് തകരാറിന് സാധ്യതയുണ്ടെന്ന് ഫോര്‍ഡ് കണക്കാക്കുന്നു. 2021-2023 മോഡല്‍ വര്‍ഷത്തിലെ ഫോര്‍ഡ് ബ്രോങ്കോ, എക്‌സ്‌പ്ലോറര്‍, ലിങ്കണ്‍ ഏവിയേറ്റര്‍, 2021-2023 മോഡല്‍ വര്‍ഷത്തിലെ എഫ്-250 എസ്ഡി, എഫ്-350 എസ്ഡി, എഫ്-450 എസ്ഡി, എഫ്-550 എസ്ഡി, വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
2021-2022 മോഡല്‍ ലിങ്കണ്‍ ഏവിയേറ്റര്‍, ഫോര്‍ഡ് മസ്താങ്, എഫ്-150, 2022 എക്‌സ്പിഡിഷന്‍ മോഡലുകളും ഈ പട്ടികയിലുണ്ട്. അപകടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഫോര്‍ഡ് അറിയിച്ചു.
പമ്പ് തകരാറിലായതിനെ തുടര്‍ന്ന് പവര്‍ കുറഞ്ഞതായി ആറ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. തകരാറുള്ള വാഹനങ്ങളുടെ 10 ശതമാനത്തിനും ഈ പ്രശ്‌നമുണ്ടെന്നാണ് അഡ്മിനിസ്‌ട്രേഷന്‍ കണക്കാക്കുന്നത്.
കഴിഞ്ഞ മാസം രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫോര്‍ഡ് പിന്‍വലിച്ചത് സോഫ്റ്റ്വെയര്‍ തകരാര്‍ മൂലമായിരുന്നു. പുതിയ വാഹനങ്ങളില്‍ റിയര്‍വ്യൂ കാമറ തകരാറുമൂലം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ പിന്മാറ്റം. ഇതുമായി ബന്ധപ്പെട്ട കത്ത് ജൂലൈ 28ന് ഉടമകള്‍ക്ക് അയയ്ക്കും.
Low pressure in vehicles: Ford recalls more than 850,000 cars sold in the US















