ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കണ്‍വെന്‍ഷനില്‍ അരങ്ങേറുന്ന ചീട്ടുകളി മത്സരം ഇത്തവണ ശ്രദ്ധേയമായ റെക്കോര്‍ഡിന് സാക്ഷിയാകുന്നു. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണിലുള്ള വിന്‍ധം ഹോട്ടലില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണിവരെ 28-ഉം 56-ഉം ഇനങ്ങളിലുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആകെ 50 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചീട്ടുകളി മത്സരമായി മാറുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഇത്രയും വലിയ തോതില്‍ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ 30 ടീമുകള്‍ 28 ഇനത്തിലും 20 ടീമുകള്‍ 56 ഇനത്തിലും മാറ്റുരക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നതിനാല്‍ ആവേശകരമായ പോരാട്ടത്തിനാണ് വേദി ഒരുങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ബിഞ്ചു ജോണ്‍ (ന്യൂയോര്‍ക്ക്) ആണ് ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ കാര്‍ഡ് ഗെയിം ചെയര്‍.
മലയാളികളുടെ സാമൂഹിക ജീവിതവുമായി ഏറെ ഇഴചേര്‍ന്നിരിക്കുന്ന വിനോദമത്സരങ്ങളിലൊന്നായ ചീട്ടുകളിക്ക് ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മത്സരവീര്യവും സൗഹൃദവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ മത്സരം കണ്‍വന്‍ഷനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.
കലാ-സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, കുടുംബസംഗമങ്ങള്‍, ഓണസദ്യ, വിവിധ കായിക-വിനോദ മത്സരങ്ങള്‍ എന്നിവയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കാളിത്തത്തോടെ നടക്കുന്ന ഈ ചീട്ടുകളി മത്സരവും ഫോമായുടെ ഒമ്പതാമത് ദേശീയ കണ്‍വെന്‍ഷന്റെ മറ്റൊരു ചരിത്രനേട്ടമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Record Card Game Tournament at FOMAA National Convention; 50 Teams to Compete
















